ADVERTISEMENT

കൊപ്പം ∙ തൂതപ്പുഴയുടെ വിളയൂര്‍ തോണിക്കടവില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പുഴയുടെ ഭൂഗര്‍ഭാവസ്ഥയെക്കുറിച്ചും മറ്റും വിശദമായ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. വിദ്യാലയങ്ങള്‍ അടച്ചതോടെ ബന്ധുവീടുകളില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കാനും മറ്റും പുഴക്കടവുകളില്‍ ഇറങ്ങുന്നതിനാല്‍ അപകടഭീഷണിയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണം. 

വിളയൂര്‍ തോണിക്കടവില്‍ എല്ലാ വര്‍ഷവും മുങ്ങിമരണങ്ങള്‍ പതിവാണ്. വിദ്യാര്‍ഥികളും അതിഥിത്തൊഴിലാളികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങി മുങ്ങിമരിച്ചിട്ടുണ്ട്. കൊപ്പം സബ് ഇൻസ്പെക്ടർ ആയിരുന്ന സുധീഷ് മോന്‍ ഒരു മാസം മുന്‍പു മുങ്ങിമരിച്ചിരുന്നു. കൊപ്പം എസ്ഐ ആയി ചുമതലയേറ്റ് ഒരാഴ്ചക്കകമായിരുന്നു ദുരന്തം. സുധീഷ് കടവിലെ തകര്‍ന്ന തടയണയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെടുകയായിരുന്നു. 

തോണിക്കടവ് ഭാഗം വിളയൂര്‍, പുലാമന്തോള്‍ പഞ്ചായത്തുകളിലെ പഴക്കം ചെന്ന കടവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു തകര്‍ന്ന തടയണയുടെ കല്ലും കമ്പിയും അവശിഷ്ടങ്ങളും കടവിലുണ്ട്.‌ ജല അതോറിറ്റിയുടെ തകര്‍ന്ന കിണറുകളും ഇതിനു സമീപത്താണ്. വര്‍ഷങ്ങളായി പുഴയില്‍ പരന്നുകിടക്കുന്ന കല്ലും കമ്പികളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും ഭീഷണിയാകുന്നത്. 

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്‍പ്പെടെ ദിവസവും ഒട്ടേറെ പേര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങുന്നുണ്ട്. ഒരോ വര്‍ഷവും ഒരാളെങ്കിലും ഇവിടെ മുങ്ങിമരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങള്‍ വേറെയും. മുങ്ങിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്നദ്ധ സംഘടനകളോ പഞ്ചായത്തോ താല്‍ക്കാലികമായി മാത്രം മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതാണ് പതിവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com