ADVERTISEMENT

ഇന്നത്തെ നെന്മാറ– വല്ലങ്ങി വേലയ്ക്കും 26ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേലയ്ക്കും എന്നേ ഒരുങ്ങിയിട്ടുണ്ട് നാട്. സ്ഥാനാർഥികളുടെയും ആനകളുടെയും ഫ്ലെക്സുകൾ  മത്സരിച്ചു തലയുയർത്തി നിൽക്കുന്നു. ആനകൾക്കാണോ സ്ഥാനാർഥികൾക്കാണോ കൂടുതൽ തലയെടുപ്പ് ? വല്ലങ്ങി ശിവക്ഷേത്രത്തിനു മുന്നിലെ പറമ്പിൽ ബോറടിച്ചു തലയാട്ടി നിൽക്കുകയാണ് പത്മതീർഥം സൂര്യനാരായണൻ. പാപ്പാൻമാർ കുളക്കടവിലാണെങ്കിലും സൂര്യനാരായണൻ മര്യാദരാമനായി നിൽക്കുന്നത് മുതുകിൽ വെറുതേ ചാരിവച്ച തോട്ടിയുടെ ബലത്തിലാണ്. പാവം, സൂര്യന്റെ വിചാരം മുഴുവൻ പാപ്പാൻസെറ്റും പിന്നിലുണ്ടെന്നാണ്. നമ്മൾ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചു വിടുന്നവർക്കും ഇങ്ങനെയൊരു ചിന്ത വേണം. ഒരു തോട്ടിയെയെങ്കിലും പേടി വേണം. 

ആ വേല  കയ്യിലിരിക്കട്ടെ 
പൂരപ്പറമ്പിൽ എത്തിയപ്പോൾ നെന്മാറയും വല്ലങ്ങിയും ഒരുപോലെ പന്തൽ ഉഷാറാക്കിയിരിക്കുന്നു. പച്ചയും മഞ്ഞയും ബൾബുകൾ മിന്നിമിന്നി കത്തുന്നു. വെടിക്കെട്ടിനുള്ള ഒരുക്കവും സജീവം. ആനച്ചമയവും ഒന്നിനോടൊന്നു മെച്ചം. തങ്ങളാണ് അടിപൊളിയെന്ന് ദേശക്കാർ പരസ്പരം പറയും. വിട്ടുകൊടുക്കില്ല. പക്ഷേ, വേലകാണാൻ വരുന്ന ‘നിഷ്പക്ഷ കാഴ്ചക്കാരോ’?– ആൾക്കൂട്ടത്തിന്റെ മനസ്സാണ് വോട്ടർമാർക്ക്. ആരാണോ കേമം, അവർക്കൊപ്പം നിൽക്കും. 

വേലയും തിരഞ്ഞെടുപ്പും തമ്മിൽ മുറിച്ചാൽ മുറികൂടുന്ന ബന്ധമുണ്ട്. അഞ്ചു വർഷത്തിലൊരിക്കൽ വരുന്ന ‘വലിയ വേല’യായ തിരഞ്ഞെടുപ്പിൽ നമ്മൾ ഒരാളെ ജയിപ്പിച്ചു വിടും. ജയിപ്പിച്ചു വിട്ടയാൾ പരാജയപ്പെട്ടാൽ ജനം മറുപടി കൊടുക്കും. വീണ്ടും വോട്ടു ചോദിക്കാൻ വന്നാൽ ‘ആ വേല കയ്യിലിരിക്കട്ടെ’ എന്നു പറഞ്ഞു വീട്ടിലിരുത്തും. കൊടിയേറ്റം മുതൽ കൊട്ടിക്കലാശം തുടങ്ങി വേല തീരും വരെ നമ്മുടെ ദേശമെന്ന ചിന്ത മാത്രമാണ് എല്ലാവരുടെയും മനസ്സിൽ. വേല ഉഷാറാക്കാൻ ചെറുപൂരങ്ങളും ആഘോഷവരവുകളും പോലെ തിരഞ്ഞെടുപ്പിൽ റോഡ് ഷോകളാണ്. ഒടുവിൽ പൂരവും തിരഞ്ഞെടുപ്പും ഒരു നാൾ കഴിയും. തിരഞ്ഞെടുപ്പിൽ ഒരാൾ മാത്രം ജയിക്കും. മറ്റുള്ളവർ പലനിലകളിൽ ‘പൊട്ടും’ 

ആർക്കാകും തിടമ്പ് 
തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും ചിറയ്ക്കൽ കാളിദാസനും തിടമ്പെടുക്കാൻ വേലയ്ക്കെത്തിയിട്ടുണ്ട്. കൂട്ടാനകൾ വേറെയും ഉണ്ട്.  അവർക്കെല്ലാവർക്കുമുണ്ട് ആവോളം ഫാൻസ്. സ്ഥാനാർഥികളായ രമ്യ ഹരിദാസും കെ.രാധാകൃഷ്ണനും ടി.എൻ.സരസുവുമെല്ലാം പാർട്ടിക്കാർക്കിടയിൽ തലയെടുപ്പുള്ള താരങ്ങളാണ്. ആർക്കാകും ജനങ്ങൾ തങ്ങളുടെ അംഗീകാരത്തിന്റെ തിടമ്പ് നൽകുക ? കുടമാറ്റം പോലെ വന്നു പോകുന്നവരാകരുത് തങ്ങളുടെ സ്ഥാനാർഥികൾ എന്നു ജനം ഉറപ്പിച്ചു പറയുന്നു. പൂരത്തിനും വേലയ്ക്കും മാത്രം വന്നു പോകുന്നവരും ആകരുത്. എന്തിനും കൂടെയുള്ളവരാകണം. ഒരു മനസ്സായി ഉത്സവം കാണാൻ പോകുന്നവരെപ്പോലെ ഉള്ളിൽ അടുപ്പം തോന്നണം. അല്ലാത്തവരോട് പറയും ‘ആ വേല മനസ്സിലിരിക്കട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com