അടിമുടി പ്രകാശം പരത്തുന്ന ട്രാഫിക് സിഗ്നൽ; ഇനി ആരും കാണാതിരിക്കില്ല, പരാതിയും ഉണ്ടാകില്ല

Mail This Article
പാലക്കാട് ∙ ദൂരേ നിന്നു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന ആധുനിക സിഗ്നലിനു പാലക്കാട് നഗരത്തിൽ വഴിയൊരുങ്ങുന്നു. പുത്തൂർ ചന്ത ജംക്‌ഷനിലാണു പോസ്റ്റിലുടനീളം പ്രകാശിക്കുന്ന വിധം വിജയകരമായി പരീക്ഷിച്ചത്.
അതേസമയം, പുത്തൂരിലെ സിഗ്നൽ എന്നു മുതൽ പ്രാബല്യത്തിലാകും എന്നു തീരുമാനിച്ചിട്ടില്ല. നഗരത്തിലെ ജംക്‌ഷനുകളിലെല്ലാം സിഗ്നൽ ഉണ്ട്. ഇതിൽ പ്രധാന ജംക്‌ഷനുകളിലെ സിഗ്നലുകൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും പലയിടത്തും സിഗ്നൽ വേണ്ട വിധത്തിൽ കാണുന്നില്ലെന്ന പരാതിയുണ്ട്. ചില ജംക്‌ഷനുകളിൽ പുറമേ നിൽക്കുന്നവർക്കു സിഗ്നൽ വ്യക്തമാകാറില്ല.

ഇവർ മുന്നിലുള്ള വാഹനം മുന്നോട്ടെടുക്കുന്നതു നോക്കിയാണു പോകുന്നത്. ഇതിനാണു പരിഹാരം തേടുന്നത്. പുതിയ സിഗ്നൽ സംവിധാനം പ്രാവർത്തികമായാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നഗരസഭ കൗൺസിൽ തീരുമാനത്തിനനുസരിച്ചാകും കരാറിലൂടെ പുതിയ സംവിധാനം നടപ്പാക്കുക. പുത്തൂരിൽ ജനറേറ്റർ സംവിധാനം ഉപയോഗിച്ചായിരുന്നു പരീക്ഷണം. വൈദ്യുതി കണക്‌ഷൻ ലഭിക്കേണ്ടതുണ്ട്.