പാലക്കാട് ലോക്സഭാ മണ്ഡലം: 3 സ്ഥാനാർഥികൾ പത്രിക നൽകി
Mail This Article
പാലക്കാട് ∙ ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എ.വിജയരാഘവൻ ഉൾപ്പെടെ ജില്ലയിൽ 3 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. വിജയരാഘവനു പുറമേ ഇടതു മുന്നണിയുടെ ഡമ്മി സ്ഥാനാർഥി കെ.എ.സലീഖ, ഗണ സുരക്ഷാ പാർട്ടി സ്ഥാനാർഥി അന്നമ്മ കുര്യാക്കോസ് എന്നിവരാണു പാലക്കാട് മണ്ഡലത്തിൽ പത്രിക നൽകിയത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലേക്ക് ഇന്നലെ വരെ ആരും പത്രിക നൽകിയിട്ടില്ല.
ഇന്നു മൂന്നു പേർ പത്രിക നൽകും
∙ ആലത്തൂർ ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ഇന്നു രാവിലെ വരണാധികാരിയായ അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് മുൻപാകെ നാമനിർദേശ പത്രിക നൽകും.
∙ ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ഇന്നു രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കും.
∙ പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ ഇന്ന് ഉച്ചയോടെ വരണാധികാരിയായ ജില്ലാ കലക്ടർ മുൻപാകെ പത്രിക നൽകും.
പത്രിക സമർപ്പിച്ച് എ.വിജയരാഘവൻ
പാലക്കാട് ∙ ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എ.വിജയരാഘവൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര മുൻപാകെ ഇന്നലെ പകൽ 11.05നാണ് അദ്ദേഹം പത്രിക നൽകിയത്. 3 സെറ്റ് പത്രികകളാണു നൽകിയത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, മന്ത്രി എം.ബി.രാജേഷ്,ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപത്തു നിന്നു മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം നടന്നെത്തിയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹം പത്രിക നൽകിയത്. എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ, എംഎൽഎമാരായ പി.മമ്മിക്കുട്ടി, എ.പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു. ഡമ്മി സ്ഥാനാർഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖ നാമനിർദേശ പത്രിക നൽകി. 2 തവണ എംഎൽഎയായ സലീഖ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗംകൂടിയാണ്.
സ്വന്തമായി വീടോ ഭൂമിയോ വാഹനമോ ഇല്ല
എ.വിജയരാഘവനു സ്വന്തമായി വീടോ ഭൂമിയോ ഇല്ല. വാഹനവും സ്വർണവും ഇല്ല. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപ മൂല്യം വരുന്ന 100 ഷെയറുകളും മൂന്നു ബാങ്കുകളിൽ നിക്ഷേപവുമായി 1,91,899 രൂപ മൂല്യം വരുന്ന സ്വത്തുക്കളുണ്ട്. 2022–2023 സാമ്പത്തിക വർഷം 4,42,000 രൂപയുടെ വരുമാനമാണ് ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പകർച്ചവ്യാധി തടയൽ നിയമപ്രകാരം ഒരു കേസ് വിജയരാഘവന്റെ പേരിലുണ്ട്. ഇത് ഹൈക്കോടതി സ്റ്റേയിലാണ്. എ.വിജയരാഘവൻ മലപ്പുറം ഗവൺമെന്റ് കോളജിൽ നിന്നു ബിഎ ബിരുദവും കാലിക്കറ്റ് സർവകലാശാല കോളജിൽ നിന്ന് എൽഎൽബി യോഗ്യതയും നേടി.
വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ.ബിന്ദുവിന്റെ കൈവശം 5000 രൂപ പണമായുണ്ട്. മലയാളം കമ്യൂണിക്കേഷനിൽ 10000 രൂപ മൂല്യം വരുന്ന 100 ഷെയറുകളുണ്ട്. സബ്ട്രഷറി, ബാങ്ക് എന്നിവിടങ്ങളിലായി 3,24,118 രൂപയുടെ നിക്ഷേപമുണ്ട്. ഒരു ലക്ഷം രൂപ മൂല്യമുള്ള എൽഐസി പോളിസി ഉണ്ട്. 9 ലക്ഷം മൂല്യം വരുന്ന 2018 മോഡൽ ഹോണ്ട സിറ്റി കാറും മൂന്നു ലക്ഷം മൂല്യം വരുന്ന മാരുതി റിറ്റ്‌സ് കാറും ബിന്ദുവിന്റെ പേരിലുണ്ട്.
13,20,000 വില കണക്കാക്കുന്ന 320 ഗ്രാം സ്വർണം ഇവർക്കുണ്ട്. തൃശൂർ അയ്യന്തോളിൽ 8 സെന്റ് ഭൂമിയിൽ 2131 ചതുരശ്രഅടി വിസ്തീർണത്തിൽ പാർപ്പിടമുണ്ട്. മനവലശ്ശേരി വില്ലേജിൽ വീട് ഉൾപ്പെടെ 25 സെന്റ് ഭൂമിയിൽ മൂന്നിലൊന്ന് അവകാശം ബിന്ദുവിന്റെ പേരിലുണ്ട്. അലവൻസുകളും മന്ത്രി എന്ന പേരിൽ ലഭിക്കുന്ന വേതനവുമാണു വരുമാനം. ബിന്ദുവിന് നിക്ഷേപങ്ങൾ, ഭൂമി, ആഭരണം, വീട്, വാഹനം ഉൾപ്പെടെ 1.09 കോടിയോളം മൂല്യം വരുന്ന സ്വത്തുക്കളുണ്ട്.
ജനാധിപത്യത്തിന്റെ വെളിച്ചവുമായി ഗ്രാമങ്ങളിലേക്കു പോയ കാലം
ആലത്തൂർ ∙ ജനാധിപത്യത്തിന്റെ വെളിച്ചവും വികസനവും വനഗ്രാമങ്ങളിൽ എത്തിച്ച ഓർമ പങ്കുവയ്ക്കുകയാണ് മുൻ എംഎൽഎ സി.ടി.കൃഷ്ണൻ. 1980 ലും 82 ലും സിപിഎം സ്ഥാനാർഥിയായി ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ചു നിയമസഭയിലെത്തി. 87 ൽ മണ്ഡലം മാറി. കൊല്ലങ്കോട് നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചു. ‘‘അന്നത്തെ ഡിസിസി പ്രസിഡന്റ് കെ.പി.ഗംഗാധരമേനോനായിരുന്നു കൊല്ലങ്കോട് എതിർ സ്ഥാനാർഥി. ടാക്സി കാറിൽ മൈക്ക് കെട്ടിയാണു യാത്ര.
പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും പ്രചാരണത്തിന് ഓരോ ദിവസം മാറ്റിവച്ചു.പറമ്പിക്കുളത്തു റെസ്റ്റ് ഹൗസിൽ താമസിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന മുതലമട പഞ്ചായത്ത് പ്രസിഡന്റ് വാസുവിനോടും കർഷക തൊഴിലാളി യൂണിയൻ പ്രാദേശിക നേതാവായ ആറുമുഖനോടും രണ്ടു മൂന്നു പേർ സംസാരിക്കുന്നതു കണ്ടത്. ഞാൻ അടുത്തു ചെന്ന് അന്വേഷിച്ചു. അപ്പോഴാണു പൂപ്പാറ കോളനിയിൽ അന്നുണ്ടായിരുന്ന 17 വീടുകളിലെ വോട്ടവകാശമുള്ള 54 പേർ ജീവിതത്തിൽ അന്നേവരെ വോട്ട് ചെയ്തിട്ടില്ലെന്ന വിവരം അറിഞ്ഞത്.
അവരുടെ ജീവിതപ്രശ്നങ്ങൾ കേട്ടപ്പോൾ വല്ലാതെ വിഷമത്തിലായി. തിരഞ്ഞെടുപ്പിന് അധികം ദിവസങ്ങളില്ല. പിറ്റേദിവസം കാലത്തു പൂപ്പാറ കോളനിയിലേക്കു പുറപ്പെട്ടു. ഞാനും പഞ്ചായത്ത് അധ്യക്ഷൻ വാസുവും പറമ്പിക്കുളം യൂണിയൻ സെക്രട്ടറി ശിവശങ്കരനും എ.ആറുമുഖനും ലോറിയിലാണു പോയത്. ലോറിയിൽ നിന്ന് ഇറങ്ങി കുറച്ച് ദൂരം കാടും കുന്നും കയറി നടക്കണം. കുന്നു കയറിയ ഉടനെ ഇനി ഞാനില്ലെന്നു പറഞ്ഞ് ആറുമുഖൻ അവിടെ ഇരുന്നു. കൂട്ടിനൊരാളെ അവിടെ നിർത്തി പൂപ്പാറ കോളനി ലക്ഷ്യമാക്കി പോയി.
പുരുഷൻമാരും കുട്ടികളും കുറെ സ്ത്രീകളും വയസ്സായ കുറെ അമ്മമാരും അവിടെയുണ്ടായിരുന്നു. സ്ത്രീകൾ അടുത്തു വരില്ല. അവരുടെ വീടിനുള്ളിൽ പോയിമറയും. ഞങ്ങൾ അവിടെ നിന്നു കപ്പയും കട്ടൻകാപ്പിയും കഴിച്ചു പറമ്പിക്കുളത്തേക്കു വന്നു. പുരുഷൻമാരായ രണ്ട് ആദിവാസികളെയും കൂട്ടിയിരുന്നു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ പ്രാദേശിക നേതാക്കളെയും കൂട്ടി രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കോളനിയിലെത്തി. മുതലമടയിലെ 3 സ്ത്രീകളും കൂടെയുണ്ടായിരുന്നു.
രണ്ടു ദിവസം അവിടെ താമസിച്ച് വോട്ടു ചെയ്യേണ്ട വിധവും മറ്റും പറഞ്ഞു മനസ്സിലാക്കിയിട്ടാണ് അവർ താഴേക്കു വന്നത്. അങ്ങനെ അവർ ആദ്യമായി വോട്ടു ചെയ്തു. പിന്നീടു പൂപ്പാറ ആദിവാസി കോളനിയിൽ വീടുകൾ വേണമെന്ന ആവശ്യം ഉയർന്നു. 17 വീട്ടൂകാർക്ക് 17 വീട് അനുവദിക്കണമെന്നു കലക്ടർക്കും മറ്റും നിവേദനം നൽകി. ഒടുവിൽ പൂപ്പാറ കോളനിയിലെ 54 വോട്ടർമാരും പറമ്പിക്കുളത്തു വന്നു വോട്ട് ചെയ്തു. 1952 ൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 35 വർഷം കഴിഞ്ഞ് 87 ലാണ് പറമ്പിക്കുളം കോളനിയിലെ ആദിവാസികൾ വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് അവിടെ എഴുപതിലധികം വീടുകളും നൂറിലേറെ വോട്ടർമാരും ഉണ്ട്.
കോൺഗ്രസ് വഴി കേരളത്തിൽ സീറ്റ് നേടാൻ ബിജെപി ശ്രമം: എം.ബി.രാജേഷ്
പാലക്കാട് ∙ കോൺഗ്രസ് വഴി കേരളത്തിൽ സീറ്റ് ഉണ്ടാക്കാൻ ബിജെപി ശ്രമം നടത്തുന്നതായി മന്ത്രി എം.ബി.രാജേഷ്. കേരളത്തിൽ ബിജെപിക്കു രണ്ടക്ക സീറ്റ് കിട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇതുകൊണ്ടാണ്. കേരളത്തിൽ ബിജെപി ജയിക്കുമെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവർക്ക് എളുപ്പം കോൺഗ്രസിനെ പിന്തുണയ്ക്കലാണ്. കോൺഗ്രസുകാർ ജയിച്ചാൽ അവരെ ബിജെപിക്കു കിട്ടുമെന്നതാണു കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം തന്നെ കോൺഗ്രസ്–ബിജെപി ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആറ്റിങ്ങലിൽ യുഡിഎഫിനെ ജയിപ്പിക്കാൻ ശ്രമിച്ചെന്ന ബിജെപി നേതാവിന്റെ പ്രതികരണം ഗൗരവമായി കാണണം. ബിജെപിയും കോൺഗ്രസുമായുള്ള രഹസ്യബന്ധം സംബന്ധിച്ചു മുസ്‍ലിം ലീഗ് പ്രതികരിക്കണം. പരാജയഭീതിയുള്ളതിനാലാണ് എസ്ഡിപിഐ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കോൺഗ്രസ് തേടിയത്. ഈ വിഷയത്തിൽ കൃത്യമായ നിലപാട് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ; ഇടതു മുന്നണിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്ന് എ.വിജയരാഘവൻ
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനം ഇടതു മുന്നണിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ. നാമനിർദേശ പത്രികാ സമർപ്പണത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹം. പാലക്കാട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു നല്ല അടിത്തറയുള്ള പ്രദേശമാണ്.
ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയാണ് എൽഡിഎഫ് ജനങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ പൊതു സ്ഥിതിയിൽ പാലക്കാട്ട് ഉൾപ്പെടെ കേരളത്തിൽ നിന്ന് ഇടതു മുന്നണിക്കു കൂടുതൽ സീറ്റുകൾ ലഭിക്കുകയെന്നതു പ്രധാനമാണ്. നരേന്ദ്രമോദി ഭരണത്തെ മാറ്റുകയെന്ന പ്രധാന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എൽഡിഎഫിന്റെ മത്സരം. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണു പാലക്കാട് എന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു.