കോങ്ങാട് മധു പറയുന്നു: ഇൗ ഉത്സവത്തിനു മധുരമേറെ

Mail This Article
∙ ‘തട്ടകത്തമ്മയുടെ ഉത്സവം എന്നാൽ വല്ലാത്തൊരു അനുഭൂതിയാണ്’– പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ പഞ്ചവാദ്യ പ്രമാണി (തിരുവമ്പാടി) കോങ്ങാട് മധുവിന്റെ വാക്കുകളാണിത്. അരനൂറ്റാണ്ടിലേറെയായി തിരുമാന്ധാംകുന്ന് പൂരത്തിനു പഞ്ചവാദ്യ നിരയിൽ കോങ്ങാട് മധു എന്ന അതുല്യ കലാകാരൻ ഉണ്ട്. മീനമാസത്തിലെ പൂരംനാൾ ഒരു കൊല്ലം മുൻപേ മനസ്സിൽ കുറിച്ചിടും.
പൂരം അടുത്തുവരുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഉത്സാഹമാണ്. മധുവിന്റെ വീട് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. നോക്കെത്തും ദൂരത്താണു ക്ഷേത്രം. ഭഗവതിയുമായി അതുകൊണ്ടുത്തന്നെ അടുത്ത ബന്ധമാണ്. നിത്യേന കുളിച്ചു തൊഴാൻ കഴിയുന്നത് വലിയ ആത്മനിർവൃതി നൽകുന്നു. കുട്ടിക്കാലം മുതൽ ക്ഷേത്രവുമായി മധുവിനു വേറെയുമുണ്ട് ബന്ധം. ക്ഷേത്രത്തിലെ കളംപാട്ട് അവതരണം അച്ഛൻ കരുണാകരക്കുറുപ്പ് ആണ് നിർവഹിച്ചിരുന്നത്. അച്ഛനെ സഹായിക്കാൻ 10 വയസ്സു മുതൽ മധുവും ഉണ്ടായിരുന്നു. പാരമ്പര്യമായി പകർന്നുകിട്ടിയ കളംപാട്ട്, ഇന്നും മധുവിന്റെ നേതൃത്വത്തിൽ നടക്കുന്നു.
ഇവിടത്തെ കൂടാതെ മറ്റു ക്ഷേത്രങ്ങളിലും കളംപാട്ട് നടത്തുന്നുണ്ട്. 1971 കാലത്താണ് പൂരത്തിന് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിച്ചതെന്ന് മധു ഓർക്കുന്നു. പിന്നീട് ഇടയ്ക്ക് 2 വർഷം മുടങ്ങിയെങ്കിലും നീണ്ട കാലമായി തുടർച്ചയായി സാന്നിധ്യമുണ്ട്. കോങ്ങാട് ക്ഷേത്ര കലാ ക്ഷേത്രത്തിൽ നിന്നാണ് തിമില അഭ്യസിച്ചത്. പുലാപ്പറ്റ രാമമാരാർ ആയിരുന്നു ആദ്യ ഗുരു. തിരുവില്വാമല അപ്പുണ്ണിപ്പൊതുവാൾ, പല്ലാവൂർ സഹോദരന്മാർ, അന്നമനട പരമേശ്വര മാരാർ തുടങ്ങിയവരുടെ കീഴിലും കല അഭ്യസിച്ചു. 43 വർഷമായി തൃശൂർ പൂരത്തിനു പഞ്ചവാദ്യം അവതരിപ്പിക്കാനായി.. തിരുവമ്പാടി ദേശത്തിന്റെ അമരക്കാരനായിട്ട് ഇത്തവണ എട്ടുവർഷം തികയും.