ADVERTISEMENT

മണ്ണാർക്കാട്∙ ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചിട്ടും ടെസ്റ്റ് നടത്താത്തതിൽ പ്രതിഷേധിച്ച് നൂറു കണക്കിനു പേർ മണ്ണാർക്കാട് ജോയിന്റ് ആർടിഒ ഓഫിസിലെത്തി. സ്ത്രീകൾ ഉൾപ്പെടെ അറുനൂറിലേറെ പേരാണു രാവിലെ മുതൽ ആർടിഒ ഓഫിസിനു മുൻപിൽ തടിച്ചു കൂടിയത്. ശനിയാഴ്ചകളിൽ ഇവരുടെ ടെസ്റ്റ് നടത്താമെന്ന ജോയിന്റ് ആർടിഒയുടെ ഉറപ്പിലാണ് ഇവർ പിരിഞ്ഞു പോയത്. 

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണ്ണാർക്കാട്ട് ജോയിന്റ് ആർടിഒ ഓഫിസിനു കീഴിൽ ഈ പ്രശ്നം തുടങ്ങിയിട്ട്. ലേണേഴ്സ് പരീക്ഷ വിജയിച്ചവർ ഡ്രൈവിങ് ടെസ്റ്റിന് ഓൺലൈനായി സ്ലോട്ടെടുക്കണം. മണ്ണാർക്കാട് ഓഫിസിനു കീഴിൽ ഒരു ദിവസം 120 പേർക്കാണു സ്ലോട്ട് ലഭിക്കുന്നത്. ഇതിൽ 60 പേരുടെ ടെസ്റ്റ് മാത്രമാണ് ഒരു ദിവസം നടക്കുക. ബാക്കി അറുപത് പേരുടെ ടെസ്റ്റ് എന്നു നടക്കുമെന്ന് ഒരു വ്യക്തതയും ഇല്ലാത്ത സ്ഥിതിയാണ്.

ലേണേഴ്സ് പാസായി ആറു മാസത്തിനകം ടെസ്റ്റ് എടുത്തില്ലെങ്കിൽ വീണ്ടും ഫീസ് അടച്ച് ലേണേഴ്സ് എടുക്കണം. ഡ്രൈവിങ് ടെസ്റ്റിനായി നൂറുകണക്കിനു ചെറുപ്പക്കാർ ജോലിയിൽ നിന്നു ലീവ് എടുത്തു കാത്തിരിക്കേണ്ട സ്ഥിതിയാണ്. മണ്ണാർക്കാട് ഓഫിസിൽ രണ്ട് എംവിഐമാരുടെ തസ്തികയാണുള്ളത്. ഇതിൽ ഒരാൾ ലീവിലാണ്. ഒരു എംവിഐക്ക് അറുപതു പേരുടെ ടെസ്റ്റ് എടുക്കാനേ അനുമതിയുള്ളൂ. ഇതാണ് പ്രതിസന്ധി. ഇക്കാര്യം മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

സ്ലോട്ട് ലഭിച്ചിട്ടും ടെസ്റ്റ് അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെയായിരുന്നു പ്രതിഷേധം. രാവിലെ 10ന് ആളുകൾ എത്തിയെങ്കിലും ജോയിന്റ് ആർടിഒ ഓഫിസിൽ ഇല്ലാത്തത് ആളുകളെ ചൊടിപ്പിച്ചു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ജോയിന്റ് ആർടിഒ എത്തിയത്. പൊലീസും സ്ഥലത്ത് എത്തി.

തുടർന്ന് പൊലീസും പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇത്തരത്തിൽ ടെസ്റ്റിനായി കാത്തിരിക്കുന്നവർക്ക് എല്ലാ ശനിയാഴ്ചകളിലും ടെസ്റ്റ് നടത്താമെന്ന് ജോയിന്റ് ആർടിഒ എൻ.എ.മോറിസ് അറിയിച്ചു. കഴിയുമെങ്കിൽ ബുധനാഴ്ചകളിലും ടെസ്റ്റ് നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com