ADVERTISEMENT

പട്ടാമ്പി ∙ നാട്ടിൽ ജലജീവൻ മിഷൻ പദ്ധതി വരുന്നതോടെ ജലക്ഷാമം മാറുമെന്നു കരുതി കാത്തിരുന്ന ഓങ്ങല്ലൂർ പഞ്ചായത്തിലുള്ളവർക്കു പക്ഷേ, പദ്ധതി വന്നതോടെ കിട്ടിയത് ഇരട്ടി ദുരിതം. രണ്ടു വർഷം പിന്നിട്ടിട്ടും വെള്ളം കിട്ടിയില്ലെന്നു മാത്രമല്ല, പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡുകളൊന്നും നവീകരിക്കാതായതോടെ യാത്രാദുരിതവുമായി.

പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും വശങ്ങളിലാണു പൈപ്പ് സ്ഥാപിക്കാൻ ചാലുകൾ കീറിയത്. തുടർന്നു വീടുകളിലേക്കു കണക്​ഷൻ നൽകാനായി റോഡുകൾക്കു കുറുകെ ചാലുകൾ കീറി. ടാർ, കോൺക്രീറ്റ് റോഡുകളിലെ ചാലുകളിൽ പൈപ്പിട്ട ശേഷം പേരിനു മണ്ണിട്ടു നികത്തുകയായിരുന്നു. പൊളിച്ച ഭാഗങ്ങളിൽ ടാറിങ്ങും കോൺക്രീറ്റിങ്ങും നടത്തണമെന്നു നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. റോഡുകളുടെ നവീകരണത്തിന് ആവശ്യമായ ഫണ്ട് നൽകിയതായി മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചിരുന്നു.

പദ്ധതിയുടെ അന്തിമഘട്ട പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മാസങ്ങൾക്കു മുൻപു പൈപ്പ് സ്ഥാപിച്ച റോഡുകളിൽ പാലങ്ങൾക്കു സമീപം ഇരുമ്പു പൈപ്പ് സ്ഥാപിക്കാൻ ഇപ്പോഴും പൊളിക്കൽ നടക്കുന്നുണ്ട്. കീറുന്ന ചാലുകൾ കൃത്യമായി നികത്തുന്നുമില്ല. മരുതൂർ–ആമയൂർ റോഡിൽ മരുതൂർ പാടത്ത് തോടിനു സമീപം റോഡരികിൽ ചാലു കീറി 3 ആഴ്ച പിന്നിട്ടിട്ടും നികത്തിയിട്ടില്ല. 

വെള്ളം പമ്പ് ചെയ്തു സ്ഥാപിച്ച് ജിഐ പൈപ്പിന്റെ ജോയിന്റ് ഭാഗത്തു ചോർച്ച ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ ചാല് നികത്തൂവെന്നു കരാറുകാരൻ പറയുന്നു. ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പേ‍ാകുന്ന റോഡിൽ, പാലത്തിനരികെ വീതി കുറഞ്ഞ ഭാഗത്താണു ചാലു കീറിയിരിക്കുന്നത്.

പദ്ധതിയിൽ കണക്‌ഷൻ ലഭിക്കാൻ വീട്ടുടമസ്ഥരിൽനിന്നു മാസങ്ങൾക്കു മുൻപ് അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെ കണക്​ഷൻ നൽകിയിട്ടില്ല. മാർച്ച് 31നക പണി പൂർത്തീകരിച്ചു കണക്​ഷൻ നൽകുമെന്നായിരുന്നു പദ്ധതി അധികൃതരും പഞ്ചായത്തും നൽകിയ വാഗ്ദാനം. കടുത്ത ജലക്ഷാമം നേരിടുന്ന സമയത്തു നൽകാതെ മഴക്കാലമെത്തുമ്പോൾ വെള്ളം എത്തിച്ചുതന്നിട്ട് എന്തു കാര്യമെന്നു ഗുണഭോക്താക്കൾ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com