ADVERTISEMENT


രമ്യ ഹരിദാസിന്റെ പ്രചാരണ വണ്ടി നാട്ടുകാരെ കണ്ടാൽ ‘ടപ്പേ’ന്നു നിൽക്കും. അതിവേഗത്തിൽ പിന്നെ ഓട്ടം തുടരുന്നതു രമ്യയാണ്. ആരെയും ഒഴിവാക്കുന്നില്ല.‘അമ്മേ... ചേച്ചീ... ചേട്ടാ..’ എന്നു വിളിച്ചുള്ള വോട്ടഭ്യർഥന. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ചുരുക്കിപ്പറയും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ആരോപണങ്ങൾ വിവരിക്കും. കേന്ദ്രത്തിൽ ഇന്ത്യാമുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യം, ഇല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ, അത് പെൻഷനെ, വീടുനിർമാണത്തെ, സുരക്ഷയെ, നിത്യജീവിതത്തെ എങ്ങനെ ബാധിക്കും എന്നിവയെല്ലാം സൂചിപ്പിക്കും.

പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ പുതുശ്ശേരിയിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സെൽഫിയെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ പുതുശ്ശേരിയിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സെൽഫിയെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ ഷൊർണൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പക്ഷികൾക്കു കുടിക്കാനായി ഒരുക്കിയ ചട്ടിയിൽ വെള്ളം നിറയ്ക്കുന്നു.
പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ ഷൊർണൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പക്ഷികൾക്കു കുടിക്കാനായി ഒരുക്കിയ ചട്ടിയിൽ വെള്ളം നിറയ്ക്കുന്നു.
പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ മലമ്പുഴ മണ്ഡലത്തിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണം.
പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ മലമ്പുഴ മണ്ഡലത്തിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണം.

ഇതിനിടയിൽ പാട്ടു പാടണമെന്ന ആവശ്യവും ഉയരും. എല്ലാവർക്കും പാട്ടു പാടിക്കൊടുത്തു തിരികെ വണ്ടിയിലേക്ക്.‘‘പരമാവധി ആളുകളെ കാണണം, താളം ചവിട്ടി നിന്നാൽ ശരിയാകില്ല. വേറെ ഒന്നും ചിന്തിക്കാൻ സമയമില്ല, രാഷ്ട്രീയമായും വലിയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്, പലതുകെ‍ാണ്ടും നിർണായകം’’ – വണ്ടിയിൽ നിന്നു ചാടിയിറങ്ങുന്ന പ്രിയ സ്ഥാനാർഥിയോടു സൂക്ഷിച്ച് ഓടണമെന്നു കൂടെയുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകർ നിർദേശിച്ചപ്പോൾ മറുപടി ഇങ്ങനെ. പാലക്കാട്ട് ഉഷ്ണതരംഗം വീശിയാലും പരമാവധി വോട്ടർമാരെ നേരിൽ കാണുമെന്ന തീരുമാനത്തിലാണു രമ്യ ഹരിദാസ്

ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ചിറ്റൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.
ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ചിറ്റൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.
ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ വടക്കഞ്ചേരിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.
ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ വടക്കഞ്ചേരിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

ആലത്തൂരിലൊരാളായി 
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോഴിക്കോട്ടു നിന്ന് എത്തിയപ്പോഴാണു രമ്യ കുഴൽമന്ദത്തെ ഷാജി ദർശനയുടെ വീട്ടിൽ പേയിങ് ഗെസ്റ്റായി താമസം ആരംഭിച്ചത്. ഇപ്പോൾ ഈ കുടുംബത്തിലെ ഒരാളെപ്പോലെയാണ്. ആലത്തൂരിലെ ജനങ്ങൾക്കും അങ്ങനെത്തന്നെ. രാവിലെ 6 മണിക്കു പ്രചാരണത്തിനു പോകാൻ ഇറങ്ങുന്നതിനു മുൻപു തന്നെ ദോശയും ചട്നിയും റെഡിയാക്കി ഷാജിയുടെ ഭാര്യ ഷിമി കാത്തുനിൽക്കും. ഫ്ലാസ്ക്കിൽ ചൂടുവെള്ളവും നൽകും.

40 പോയിന്റുകളാണു പാർട്ടി പ്രവർത്തകർ ഒരു ദിവസത്തെ ഷെഡ്യൂളിൽ നൽകിയിരിക്കുന്നത്. എന്നാൽ, രാത്രിയാകുമ്പോഴേക്ക് ഈ പോയിന്റുകളുടെ എണ്ണം 60 പിന്നിട്ടിരിക്കും. തന്നെ കാണാൻ കാത്തുനിൽക്കുന്ന ഒരാളെപ്പോലും കാണാതെ മടങ്ങില്ല. ചിറ്റൂർ മണ്ഡലത്തിലെ മന്ദത്തുകാവിൽ നിന്നു രാവിലെ 7 മണിക്ക് ആരംഭിച്ച സ്വീകരണം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മനും വിവിധ സ്വീകരണയോഗങ്ങളിൽ രമ്യയ്ക്കു വേണ്ടി പ്രസംഗിച്ചു.

നാടൻപാട്ടു മുതൽ ‘പെരിയോനേ’ വരെ
രമ്യയെ കണ്ടാൽ ആൾക്കൂട്ടത്തിൽ നിന്ന് ആരെങ്കിലും പാട്ടു പാടണമെന്ന് ആവശ്യപ്പെടും. ശബ്ദം അടഞ്ഞിരുന്നാൽ പോലും ആരെയും നിരാശപ്പെടുത്തില്ല. ആളുകൾ ആവശ്യപ്പെടുന്ന പാട്ടിന്റെ രണ്ടു വരി പാടിയാണു മടക്കം. താരകപ്പെണ്ണാളേ..., നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും തുടങ്ങിയ സ്ഥിരം പാട്ടുകൾക്കു പുറമേ ഹിറ്റ് പാട്ടുകളും ജനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. ഒലവംപൊറ്റയിൽ എത്തിയപ്പോൾ ‘പെരിയോനേ’ പാട്ട് പാടണമെന്ന ആവശ്യം ഉയർന്നു. താളം ഒപ്പിച്ച് ‘പെരിയോനേ എൻ റഹ്മാനേയും’ പാടിയാണു മടങ്ങിയത്.

വികസനം ഓർമിപ്പിച്ച് പ്രസംഗം
രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ നിങ്ങൾ എല്ലാവരും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു രേഖപ്പെടുത്തണം എന്ന അഭ്യർഥനയ്ക്കൊപ്പം മണ്ഡലത്തിൽ ചെയ്ത വികസനങ്ങളും ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. 1734 കോടി രൂപ ഈ മണ്ഡലത്തിനായി ചെലവഴിക്കാൻ കഴിഞ്ഞു. ഇനിയും നാട്ടിൽ വികസനം എത്തിക്കാൻ തന്നെ പാർലമെന്റിലേക്ക് അയയ്ക്കണം. കുറഞ്ഞ വാക്കുകളിലാണു പ്രസംഗം. ആരോപണങ്ങൾ ഉന്നയിക്കാനോ ആരോപണങ്ങൾക്കു മറുപടി നൽകാനോ ശ്രമമില്ല. പരമാവധി വോട്ടർമാരോടു സംസാരിച്ച് വോട്ട് ഉറപ്പിക്കാനാണു ശ്രമം. തുറന്ന വാഹനത്തിൽ നിന്നു കൈവീശിക്കാണിക്കുന്നതിനൊപ്പം മൈക്കും കയ്യിൽ കരുതിയിട്ടുണ്ട്.

ഇടത്, ബിജെപി കോട്ടകളിലേക്കും
കൺമുന്നിൽ കാണുന്ന എല്ലാവരോടും വോട്ടു ചോദിക്കും. അതിനു പാർട്ടി അനുഭാവം നോക്കാറില്ല. എൽഡിഎഫ്, ബിജെപി ശക്തി കേന്ദ്രങ്ങളിലും പാർട്ടി ഓഫിസുകളുടെ മുന്നിലുമെത്തിയും വോട്ടു ചോദിക്കും. ‘സിഐടിയു ചേട്ടാ’ വോട്ട് ഇങ്ങു തന്നേക്കണേ.. വാഹനത്തിൽ നിന്നുകൊണ്ടുള്ള വോട്ട് അഭ്യർഥന ഇങ്ങനെ. അണിക്കോട് ജംക്‌ഷനിൽ  എത്തിയപ്പോൾ വാഹനത്തിൽ നിന്നു സന്തോഷിന്റെ ചെറിയ പെട്ടിക്കടയിലേക്ക് ഓടി. അണിക്കോട് സിഐടിയു ഓഫിസിനു മുന്നിലാണു കട. കട്ടൻചായയും വടയും വാങ്ങിക്കഴിച്ചു. ഇതുവഴി പോകുമ്പോൾ ഇവിടെ നിന്നു കട്ടൻചായ കുടിക്കാറുണ്ടെന്നു പ്രവർത്തകരോടു പറഞ്ഞു. ടാക്സി സ്റ്റാൻഡിലും എത്തി വോട്ട് അഭ്യർഥിച്ചിട്ടാണു വണ്ടിയിൽ തിരിച്ചു കയറിയത്.

വിശ്രമമില്ലാതെ
പ്രചാരണ വാഹനം കയറാത്ത പോക്കറ്റ് റോഡുകളിലൂടെയുള്ള സ്വീകരണകേന്ദ്രങ്ങളിലേക്കു കാറിലായിരുന്നു യാത്ര. മീനച്ചൂട് ചുട്ടുപൊള്ളിക്കുമ്പോഴും പ്രവർത്തകർ കൊടുത്ത ഷാൾ തലയിൽ കെട്ടി സൺറൂഫിലൂടെ ജനങ്ങൾക്കു നേരെ കൈ വീശിക്കൊണ്ടിരുന്നു. ഈ വെയിലൊന്നും തനിക്കൊരു പ്രശ്നമേയല്ലെന്നു തെളിയിച്ചു കൊണ്ടാണു പ്രചാരണം. ഉച്ചവെയിലിലും പ്രചാരണം അവസാനിപ്പിക്കുകയോ വിശ്രമിക്കുകയോ ചെയ്യാറില്ല.  ഷെഡ്യൂളിൽ ഇല്ലാത്ത സ്ഥലങ്ങൾ കൂടി സന്ദർശിക്കുന്നതിനാൽ ഉച്ചയൂണു കഴിക്കാൻ നാലുമണിയാകും.

കരുതൽ,മകളെപ്പോലെ
ജനം പാട്ടുപാടാൻ ആവശ്യപ്പെടുന്നതിനാൽ തണുത്ത സാധനങ്ങൾ പൊതുവേ കഴിക്കാറില്ല. കൊച്ചുള്ളിയും പനംകൽക്കണ്ടവും ഇടയ്ക്കിടെ കഴിക്കും. രമ്യയെ കാണാൻ കാത്തുനിൽക്കുന്ന അമ്മമാരിൽ ചിലർ ചെറിയ പാത്രങ്ങളിൽ പഴങ്ങൾ കരുതിയിട്ടുണ്ടാകും. ഇതു സ്നേഹത്തോടെ നൽകും. ചിലർ പോക്കറ്റിൽ വയ്ക്കാൻ പറ്റുന്ന പാകത്തിൽ ഇവ പൊതിഞ്ഞു നൽകുന്നുമുണ്ട്. മഹിളാ കോൺഗ്രസ് പ്രവർത്തകയായ അമ്മ രാധ ഹരിദാസ് വയനാട്ടിലെ പ്രചാരണത്തിലാണ്. പാലക്കാട്ടേക്കു വന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് ഇടയ്ക്കു മകളെ ഫോണിൽ വിളിച്ച് ഓർമിപ്പിക്കും.

തമിഴ് റൊമ്പ പുടിക്കും
തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ എത്തിയപ്പോഴേക്കു പാട്ടും പ്രസംഗവും തമിഴിലായി. ‘കണ്ണേ കലൈമാനേ’ തുടങ്ങിയ പാട്ടുകൾ പാടി. പാട്ടിനു പിന്നാലെ, ഓരോരുത്തരെയും തൊട്ട്, തലോടി വോട്ടു തേടി. ഒപ്പമുള്ളവർ തിരക്കുകൂട്ടുമ്പോഴും എല്ലാവരെയും കണ്ടു സംസാരിച്ചിട്ടേ, അവർ ചോദിക്കുന്ന പാട്ടെല്ലാം പാടിയിട്ടേ മടങ്ങൂ.രാത്രി 10ന് പ്രചാരണം അവസാനിപ്പിക്കാനാണു തീരുമാനമെങ്കിലും പലപ്പോഴും 11 വരെ നീളം. മൈക്ക് ഇല്ലാതെയാവും ഇവിടങ്ങളിൽ പ്രചാരണം.

രാത്രി വീട്ടിലെത്തുമ്പോഴേക്കും കഞ്ഞിയും ആവി പിടിക്കാൻ ചൂടുവെള്ളവുമായി ഷിമ്മി കാത്തിരിപ്പുണ്ട്. കാലിലെയും കയ്യിലെയും ഒക്കെ വേദന തിരിച്ചറിയുന്നത് അപ്പോഴാണ്. എണ്ണയിട്ട്, ആവിപിടിച്ചു കിടക്കുമ്പോഴേക്ക് ഒരു മണി കഴിയും. 4 മണിക്കൂർ ഉറങ്ങി വീണ്ടും പ്രചാരണത്തിനുള്ള തയാറെടുപ്പിലേക്ക്. ഒന്നരലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ കഴിഞ്ഞ വർഷം വിജയിപ്പിച്ച ആലത്തൂരിലെ ജനങ്ങൾ ഇത്തവണയും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണു രമ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com