ADVERTISEMENT

ആലത്തൂരിലെ ഇടതുസ്ഥാനാർഥി കെ.രാധാകൃഷ്ണന് ഇത്തവണ വിഷു നേരത്തെയെത്തി. ഓട്ടുരുളിയിൽ കണിവെള്ളരിയും കണിക്കൊന്നയും മഞ്ഞപ്പട്ടും പഴങ്ങളുമായി കണിയൊരുക്കിയാണു മണ്ഡലത്തിൽ പലയിടത്തും സ്വീകരണം. നല്ല മുഴക്കമുള്ള പടക്കവും യഥേഷ്ടമുണ്ട്. കണി ധാരാളം കണ്ടെങ്കിലും കൈനീട്ടം ഇപ്പോൾ വാങ്ങുന്നില്ല. ഇടതുപക്ഷത്തിനുള്ള വോട്ടാണ് സഖാവു കാത്തിരിക്കുന്ന കൈനീട്ടം. കഴിഞ്ഞ തവണത്തെ ക്ഷീണവും തീർത്തുള്ള ഒന്നൊന്നരക്കണി തന്നെ പ്രതീക്ഷിക്കുന്നു. രാധാകൃഷ്ണന്റെ ചിത്രമുള്ള ടീ ഷർട്ടും ബലൂണുമെല്ലാം പിടിച്ചാണു പ്രവർത്തകർ സ്വീകരിക്കുന്നത്. മുത്തുക്കുടയും ചെണ്ടമേളവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഒരാളാണ് മുത്തുക്കുട പിടിക്കുന്നതെങ്കിലും അഞ്ചാളെങ്കിലും അതിന്റെ ചുവട്ടിലുണ്ട്.

ഇതെന്താ ഇവിടെ മാത്രം ഒരു ആൾക്കൂട്ടമെന്നു ചോദിക്കുന്നവരോട് ‘ചൂടല്ലേ ഏട്ടാ’ എന്നു കൂട്ടച്ചിരിയോടെ മറുപടി. സ്ഥാനാർഥിയെത്തുമ്പോൾ തെച്ചിപ്പൂമാലയിട്ടാണു പ്രവർത്തകർ ആദ്യം സ്വീകരിക്കുന്നത്. പിന്നാലെ ചുവന്ന ഹാരങ്ങൾ കൂടിയാകുമ്പോഴേക്കും രാധാകൃഷ്ണന്റെ കഴുത്തു നിറയും.  ഇനിയാണു പ്രസംഗം. തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ചു സ്ഥാനാർഥി  ലഘുപ്രഭാഷണം നടത്തും. ഈ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ ശേഷം കഴിഞ്ഞ തവണ ഇടതുപക്ഷത്തിനു നഷ്ടമായ ആലത്തൂരിനെ തിരിച്ചെടുക്കാൻ പാർട്ടി തന്നെയാണു ചുമതലപ്പെടുത്തിയതെന്നു വിനയത്തോടെ പറയും. ഞാനല്ല, നമ്മളാണ് ഇവിടെ ജയിക്കേണ്ടതെന്നു പറയുമ്പോൾ കേട്ടുനിൽക്കുന്നവരെല്ലാം മനസ്സു കൊണ്ട് സ്ഥാനാർഥികളാകും.

അവരെല്ലാം ‘നമ്മളാകും.’ മന്ത്രി രാധേട്ടൻ, ഇനി ഞങ്ങളുടെ എംപി രാധേട്ടൻസ്വീകരണസ്ഥലത്ത് സ്ഥാനാർഥി  എത്തും മുൻപ് ഓരോ പോയിന്റിലും കാരണവരെപ്പോലെ ഓടിയെത്തി അവലോകനം ചെയ്യാൻ കെ.ഡി.പ്രസേനൻ എംഎൽഎ ഉണ്ട്.ചെണ്ടക്കാർ എവിടെ നിൽക്കണമെന്നതു മുതൽ പടക്കം എപ്പോൾ പൊട്ടിക്കണമെന്നതു വരെയുള്ള കാര്യങ്ങളിൽ പ്രസേനന്റെ നോട്ടമെത്തും. എന്തെങ്കിലും പാളിച്ച പറ്റിയാൽ ഈ ചിരിയൊന്നും കാണില്ല, കണ്ണുപൊട്ടുന്ന ചീത്തപറയും പ്രസേനേട്ടനെന്നു പ്രവർത്തകർക്കറിയാം. ‘രണ്ടും മൂന്നും തവണ സ്ഥാനാർഥി വോട്ട് ചോദിച്ചു പോയി. പാർട്ടിക്കാരും വീടുകളിൽ നിരന്തരം പോകുന്നുണ്ട്. ഇത്തവണ വൻവിജയം നേടിയായിരിക്കും പകരം ചോദിക്കുക’– കെ.ഡി.പ്രസേനന്റെ ആത്മവിശ്വാസം ചെറുതല്ല.മന്ത്രിയാണെന്ന നാട്യമൊന്നും കെ.രാധാകൃഷ്ണനില്ല.

മൂന്നു പേർക്കിരിക്കാവുന്ന  സീറ്റാണെങ്കിലും രാധാകൃഷ്ണന്റെ കാറിൽ നാലും അഞ്ചും പേർ ഞെരുങ്ങിയിരിക്കും.സ്പീക്കറായിരുന്നപ്പോഴും മന്ത്രിയായപ്പോഴും സ്ഥാനാർഥിയായപ്പോഴും രാധാകൃഷ്ണൻ എല്ലാവർക്കും രാധേട്ടനാണ്. മന്ത്രി രാധേട്ടൻ ജയിച്ചാൽ എംപി രാധേട്ടനാകും അത്രമാത്രം.ഓരോ മുക്കിലും മൂലയിലും പോകുമ്പോൾ സ്ഥാനാർഥി പലരെയും പേരെടുത്തു വിളിക്കുന്നു. ‘മണിയേട്ടന് എങ്ങനെയുണ്ട്, അബ്ബാസിക്ക ഇപ്പോൾ കമ്മിറ്റികൾക്കൊക്കെ വരാറുണ്ടോ’ എന്നൊക്കെ ചോദിക്കാൻ മാത്രം അടുത്ത ബന്ധം മണ്ഡലമാകെയുണ്ട്. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ചിലയിടത്തു പോകുമ്പോൾ അമ്മമാർ കാൽക്കൽ വീഴാനൊരുങ്ങും. കുനിയാനൊരുങ്ങുന്ന അമ്മമാരെ രാധാകൃഷ്ണൻ ചേർത്തു കെട്ടിപ്പിടിക്കും. രണ്ടു കൈകളും അമ്മമാരുടെ മുഖത്തുചേർത്തു പിടിച്ച് അങ്ങനെയൊന്നും പാടില്ലെന്നു സ്നേഹത്തോടെ പറയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com