ADVERTISEMENT

കോയമ്പത്തൂർ ∙ കൊങ്കുമണ്ണിന്റെ ചൂടേറിയ രാഷ്ട്രീയ വേദിയിൽ ഇന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും വേദി പങ്കിടും. ഇന്ത്യ മുന്നണി നേതാക്കൾ കൂടി എത്തുന്നതോടെ കോയമ്പത്തൂരിൽ രാഷ്ട്രീയച്ചൂടേറും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം 3 തവണ ബിജെപിക്കു വേണ്ടി എത്തിയ പ്രധാനമന്ത്രിയോടു താരതമ്യപ്പെടുത്തിയാൽ ഇന്ത്യ മുന്നണി നേതാക്കളുടെ വരവു കുറവായിരുന്നു.പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രമുഖ ദേശീയ നേതാവായി സംസ്ഥാനത്തെത്തുന്നതു രാഹുൽ ഗാന്ധി മാത്രമാണ്.

ഇന്നു രാവിലെ തിരുനെൽവേലിയിൽ പ്രചാരണ യോഗവും റോഡ് ഷോയും കഴിഞ്ഞാൽ വൈകിട്ട് 6 മണിയോടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം കോയമ്പത്തൂരിൽ എത്തും.അതിനുമുൻപായി ചെന്നൈയിൽ നിന്നു വിമാന മാർഗം കോയമ്പത്തൂരിൽ എത്തുന്ന സ്റ്റാലിൻ 6 മണിയോടെ വേദിയിൽ എത്തുമെന്നാണു ഡിഎംകെ നേതാക്കൾ അറിയിച്ചത്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി ഗണപതി ബി.രാജ്കുമാർ, പൊള്ളാച്ചിയിലെ ഡിഎംകെ സ്ഥാനാർഥി ഈശ്വര സ്വാമി, കരൂരിലെ കോൺഗ്രസ് സ്ഥാനാർഥി ജ്യോതി മണി, ഈറോഡിലെ ഡിഎംകെ സ്ഥാനാർഥി കെ.ഇ.പ്രകാശ് എന്നിവർക്കു വേണ്ടിയാണു പ്രചാരണയോഗം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം, ഇന്ത്യ മുന്നണിക്കായി ചുമതല ഏൽപിച്ചിരുന്ന മന്ത്രിമാർ അല്ലാതെ മറ്റു നേതാക്കളാരും ഇതുവരെ വന്നിരുന്നില്ല.

സ്റ്റാലിനും രാഹുൽ ഗാന്ധിയും കൂടി വരുന്നതോടെ മുന്നണിക്ക് ഊർജം വർധിക്കുമെന്നാണു ജില്ലാ നേതൃത്വം കരുതുന്നത്.ഇന്ത്യാ മുന്നണിയിലെ മറ്റു ഘടകകക്ഷി നേതാക്കൾ കൂടി പങ്കെടുക്കുന്ന ചടങ്ങ് മുന്നണിയുടെ ശക്തി പ്രകടിപ്പിക്കാൻ കൂടിയുള്ള അവസരമായാണു ഡിഎംകെ കരുതുന്നത്. ഏറ്റുമുട്ടുന്നത് അണ്ണാ ഡിഎംകെ പാർട്ടിയോടാണ് എന്നു പറയുന്നുണ്ടെങ്കിലും നേരിട്ടുള്ള എതിരാളി ബിജെപി തന്നെയാണെന്നു വ്യക്തം. എന്നാൽ കൂടുതൽ നേതാക്കളെ പ്രചാരണത്തിനിറക്കിയതും റോഡ് ഷോയും പൊതുയോഗങ്ങളും സംഘടിപ്പിച്ചതും ബിജെപിയാണ്..എൽആൻഡ്ടി ബൈപാസിലുള്ള യോഗ സ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന മന്ത്രിമാരുടെ നിര ദിവസേന എത്തി പരിശോധിച്ചിരുന്നു. നഗരത്തിനു പുറത്തായി യോഗസ്ഥലം ഒരുക്കിയത് കൂടുതൽ പേരെ ഒരേ സ്ഥലത്ത് എത്തിക്കാനുള്ള സൗകര്യംകൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com