ADVERTISEMENT

ആൾക്കൂട്ടത്തിനു നടുവിലാണു വി.കെ.ശ്രീകണ്ഠൻ. ഓരോരുത്തരെയും തോളിൽ കയ്യിട്ടു ചേർത്തുനിർത്തിയും പേരു വിളിച്ചും അടുപ്പത്തോടെ സംസാരിക്കുന്നു. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ മുഖത്തും വാക്കുകളിലും ആത്മവിശ്വാസം പ്രകടം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 വർഷത്തെ എൽഡിഎഫ് ആധിപത്യം തകർത്ത ശ്രീകണ്ഠൻ 5 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇക്കുറി വോട്ട് തേടുന്നത്. 6,300 കോടിയിലധികം രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നു പ്രസംഗത്തിൽ ഓർമിപ്പിക്കുന്നു. പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, റെയിൽവേ പിറ്റ്‌ലൈൻ, ഊരുകളിൽ ഇന്റർനെറ്റ് കണക്‌ഷൻ,  റോഡ് വികസനം, ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചുരുക്കി വിശദീകരിക്കുന്നു. 

കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ചാർത്തി രക്ഷപ്പെടാനായിരുന്നു എൽഡിഎഫും ബിജെപിയും ശ്രമിച്ചതെന്ന് ആരോപണങ്ങൾക്കു മറുപടി നൽകുന്നു. ഇരു പാർട്ടിക്കാരും ഉത്തരവാദിത്തം നിറവേറ്റാതെ കുറ്റം കോൺഗ്രസിന്റെയും എംപിയുടെയും തലയിൽ കെട്ടിവയ്ക്കാൻ നോക്കി. എന്നാൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കണമെന്നു താൻ 14 തവണ പാർലമെന്റിൽ ആവശ്യപ്പെട്ടതിന്റെ രേഖകൾ മാധ്യമങ്ങൾക്കു നൽകിയതോടെ ഇരുകൂട്ടരും മൗനത്തിലാണ്. ഭരണം കയ്യിലുണ്ടായിട്ടും സംസ്ഥാന സർക്കാർ കോച്ച് ഫാക്ടറി നേടിയെടുക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നു മറു ആരോപണവും ഉന്നയിക്കുന്നു.

പ്രസംഗം കഴിഞ്ഞാൽ ജനങ്ങളുടെ അടുത്തേക്ക്. വീടുകൾ കയറി വോട്ട് അഭ്യർഥിക്കും. അമ്മമാരെ കണ്ടാൽ, പ്രവർത്തകർ അണിയിച്ച ഷാൾ അവരെ അണിയിച്ചു ചേർത്തുപിടിക്കും. കുട്ടികളോട്, കൈപ്പത്തിക്കു തന്നെ വോട്ട് ചെയ്യാൻ വീട്ടിലുള്ളവരെ ഓർമിപ്പിക്കണമെന്നു നിർദേശിക്കും. 19 വർഷം കൗൺസിലറായിരുന്ന ഷൊർണൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പ്രചാരണം. ഇവിടെയുള്ള ഓരോ വീടും സ്ഥാപനവും മനഃപാഠമാണ്. ചുറ്റും കൂടുന്നവരോടു വീട്ടുവിശേഷം ഉൾപ്പെടെ ചോദിക്കാൻ ഏറെയുണ്ട്.

ആദ്യം തോൽപിച്ച അലി
ഭവനസന്ദർശനം കഴിഞ്ഞിറങ്ങുന്ന ശ്രീകണ്ഠനെ കണ്ട് ഒരു കാർ നിന്നു. കാറിൽ നിന്ന് ഇറങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥനായ എ.എച്ച്.അലിയെ കണ്ടതോടെ ശ്രീകണ്ഠൻ ഓടിയെത്തി കെട്ടിപ്പിടിച്ച് ഉമ്മ നൽകി. ‘നിന്നെ അന്നു തോൽപിച്ചതോടെയാണ് എന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്’ എന്നു പറഞ്ഞതോടെ പ്രവർത്തകർക്കു സംശയം. ഇങ്ങനെ ഒരു മത്സരം അവരുടെ മനസ്സിൽ ഇല്ല.    ‘‘1984ലാണ് ഞങ്ങൾ പരസ്പരം മത്സരിച്ചത്. ഗണേഷ് ഗിരി ഹൈസ്കൂളിൽ. അന്ന് എസ്എഫ്ഐ സ്ഥാനാർഥിയായ അലിയെ ഒരു വോട്ടിനു പരാജയപ്പെടുത്തിയതോടെയാണു പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിത്തുടങ്ങിയത്’’, ശ്രീകണ്ഠൻ പറഞ്ഞു. എന്നാൽ, വർഷങ്ങൾക്കു ശേഷം അലി ‘പകരം വീട്ടി.’ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ഒരിക്കൽ ട്രെയിൻ തടഞ്ഞപ്പോൾ തന്നെ അറസ്റ്റ് ചെയ്തത് അലിയായിരുന്നു. എംപിയായി റെയിൽവേ ഉദ്യോഗസ്ഥരെ സന്ദർശിച്ചായിരുന്നു തന്റെ മറുപടിയെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ഇവിടെയാണ് ചോരവാർന്നു കിടന്നത്
ഷൊർണൂർ എസ്എൻ കോളജിനു സമീപം പ്രചാരണ വാഹനം എത്തിയപ്പോൾ ശ്രീകണ്ഠൻ വണ്ടിയിൽ നിന്നിറങ്ങി. സ്വീകരണ യോഗം ഇല്ലാത്ത സ്ഥലത്തു സ്ഥാനാർഥി ഇറങ്ങിയതോടെ പ്രവർത്തകരും അടുത്തെത്തി. ‘‘ഈ കാണുന്ന പറമ്പെല്ലാം കാടുപിടിച്ചു കിടക്കുകയായിരുന്നു. ദാ ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നു. ഈ പറമ്പിനോടു ചേർന്ന വഴിയോരത്താണു വർഷങ്ങൾക്കു മുൻപ് എന്നെ എസ്എഫ്ഐക്കാർ ആക്രമിച്ചത്. അന്നു ചോരവാർന്ന് ഇവിടെ കിടന്നു. വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ഞാൻ മരിച്ചെന്നാണ് എല്ലാവരും കരുതിയത്. കോൺഗ്രസ് പ്രവർത്തകർ ഹർത്താലും ആഹ്വാനം ചെയ്തു’’, അന്നത്തെ മുറിപ്പാട് പ്രവർത്തകരെ കാണിച്ചുകൊണ്ടു ശ്രീകണ്ഠൻ പറഞ്ഞു.

വോട്ട് ചെയ്യാൻ മറക്കല്ലേ
ജനാധിപത്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്. ആരും വോട്ട് ചെയ്യാൻ മറക്കല്ലേ. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയാൽ ഏകാധിപത്യ ഭരണമായി മാറും. പ്രസംഗത്തിനിടയിൽ ഈ വർഷത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. രണ്ടു കോടി തൊഴിലവസരങ്ങൾ, 50 രൂപയ്ക്കു പെട്രോൾ, സൗജന്യ ഗ്യാസ് അടക്കം എൻഡിഎ സർക്കാരിന്റെ പൊള്ളവാഗ്ദാനങ്ങൾ ജനം കണ്ടതാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. ജനങ്ങളുടെ കഴുത്തു പിഴിഞ്ഞു പിഴയും ഫീസും ഈടാക്കി പകൽക്കൊള്ള നടത്തുന്ന ഇടതു സർക്കാരിന്റെ അഴിമതിയും തിരിച്ചറിഞ്ഞു വോട്ട് രേഖപ്പെടുത്തണമെന്നും ഓർമിപ്പിച്ചു.

ആവശ്യങ്ങളും നിവേദനങ്ങളുമായി ജനം
പ്രചാരണത്തിനെത്തുന്ന എംപിയുടെ അടുത്തു സഹായാഭ്യർഥനയും നിവേദനങ്ങളുമായും ജനങ്ങൾ എത്തുന്നുണ്ട്. വൃക്കരോഗിയായ ഭർത്താവിന്റെ പെൻഷൻ മുടങ്ങിയതും തന്റെ ആശ്രിത പെൻഷൻ ലഭിക്കാത്തതും മേലേപ്പാട് കോളനിയിൽ എത്തിയപ്പോൾ സരോജിനി അറിയിച്ചു. മുൻപു തന്നോട് ചികിത്സാ സഹായം ആവശ്യപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ അങ്ങനെ ചോദിക്കാമെന്ന് അറിയില്ലെന്നായിരുന്നു സരോജിനിയുടെ മറുപടി. തിരഞ്ഞെടുപ്പിനു ശേഷം പരിഹാരമുണ്ടാക്കാമെന്ന് ആശ്വസിപ്പിച്ചാണു ശ്രീകണ്ഠൻ മടങ്ങിയത്. 1995ൽ നഗരസഭയിൽ സഹകൗൺസിലറായിരുന്ന രുഗ്മിണിയെയും മേലേപ്പാട് കോളനിയിലെ സന്ദർശനത്തിനിടയിൽ കണ്ടുമുട്ടി. വേഗം കഴുത്തിലെ ഷാൾ രുഗ്മിണിയെ അണിയിച്ചു.

കൊന്നപ്പൂക്കളുമായി അമ്മമാർ
തൊടിയിലെ പൂക്കളും കണിക്കൊന്നയുമായി അമ്മമാരും സ്ത്രീകളും വീടുകൾക്കു മുൻപിൽ സ്ഥാനാർഥിയെ കാത്തുനിൽക്കും. അവരുടെ അടുത്തെത്തി കുശലം പറയും. രാവിലെ 7 മണിക്കു പ്രചാരണം ആരംഭിക്കും. കെപിസിസി ജനറൽ സെക്രട്ടറിയും നെന്മാറ എൻഎസ്എസ് കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജുമായ ഭാര്യ കെ.എ.തുളസിക്കും പ്രചാരണത്തിന്റെ ചുമതലയുണ്ട്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി ഇരുവരും രാവിലെത്തന്നെ വീട്ടിൽ നിന്നിറങ്ങും. ചൂടു കൂടുതലായതിനാൽ ശ്രീകണ്ഠൻ ഒരു ജോടി വസ്ത്രം കൂടി കയ്യിൽ കരുതും. ഉച്ചയ്ക്കു പ്രചാരണം എവിടെയാണോ എത്തുന്നത് അവിടെ ഏതെങ്കിലും വീട്ടിലോ സ്ഥാപനത്തിലോ കയറി കുളിച്ചു വസ്ത്രം മാറി ഇറങ്ങും. ദിവസവും 3 നേരം കുളിച്ചാണു ചൂടിനെ പ്രതിരോധിക്കുന്നത്. പ്രചാരണം അവസാനിച്ച് രാത്രി ഒരു മണിക്കു വീട്ടിൽ എത്തുമ്പോഴേക്കും ഇഡ്ഡലിയോ  ദോശയോ ഉണ്ടാക്കി വച്ചു തുളസി ടീച്ചർ കാത്തിരിക്കും. തിരഞ്ഞെടുപ്പെത്തിയതോടെ രാത്രിഭക്ഷണമാണ് ഇരുവരും ഒരുമിച്ചു കഴിക്കുന്നത്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിനെക്കാൾ നാലിരട്ടി ഭൂരിപക്ഷം നേടി ഈ വർഷം പാർലമെന്റിൽ എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു ശ്രീകണ്ഠൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com