ADVERTISEMENT

പട്ടാമ്പി ∙ ഭാരതപ്പുഴയിലെ തടയണ നിർമാണം അന്തിമ ഘട്ടത്തിൽ. പണി തീരുന്നതിന് മുൻപ് തടയണ പരിസരത്തെ മണലും ചെളി നിറഞ്ഞ മണ്ണും നീക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു.മഴക്കാലം വരുന്നതിന് മുൻപ് തടയണയുടെ നിർമാണം പൂർത്തീകരിക്കാനാവശ്യമായ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഒരു മാസത്തിനകം തീർക്കാവുന്ന നിർമാണ പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

തടയണ നിർമാണം പൂർത്തിയാവുന്നതിന് മുൻപേ പദ്ധതി പരിസരത്തെ മണ്ണും , മണലും നീക്കിയെങ്കിൽ മാത്രമേ തടയണയിൽ ആവശ്യത്തിന് വെള്ളം തടഞ്ഞു നിർത്താനാവു. ഇക്കാര്യം ഇറിഗേഷൻ വകുപ്പ് റവന്യു വകുപ്പിനെ നേരത്തെ അറിയിച്ചതാണ്. തഹസിൽദാർ സ്ഥലം സന്ദർശിച്ച് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കലക്ടർക്ക് നൽകിയിട്ടുണ്ട്. കലക്ടറുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായെങ്കിൽ മാത്രമേ മഴ തുടങ്ങുന്നതിന് മുൻപ് മണൽ മാറ്റൽ നടക്കുകയുള്ളൂ.

പട്ടാമ്പിയിലെയും പരിസര പ്രദേശങ്ങളിലെയും വേനലിലെ ജലക്ഷാമം പരിഹരിക്കാനാണ് ഭാരതപ്പുഴയിൽ കീഴായൂർ നമ്പ്രം ഭാഗത്തെയും തൃത്താല ഞാങ്ങാട്ടിരി ഭാഗത്തെയും ബന്ധിപ്പിച്ച് തടയണ നിർമിക്കുന്നത്. നബാർഡ് ഫണ്ടിൽ 32 കോടി രൂപ ചെലവിൽ തടയണ നിർമാണത്തിനാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ച ഉടൻ തടയണ നിർമാണം ആരംഭിച്ചു. നിർമാണം ആരംഭിച്ചതിന് ശേഷമാണ് കഴിഞ്ഞ ഫെബ്രുവരി 17ന് മന്ത്രി റോഷി അഗസ്റ്റിൻ തടയണയുടെ നിർമാണോദ്ഘാടനം നടത്തിയത്.

ഈ വേനലിൽ തന്നെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹസിൻ അറിയിച്ചിരുന്നു. മന്ത്രിയും എംഎൽഎയും ഉദ്ഘാടന സമയത്ത് അറിയിച്ചത് പേ‍ാലെ പണി പൂർത്തീകരിക്കും വിധമാണിപ്പോൾ നിർമാണ പ്രവ‍ൃത്തികൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പട്ടാമ്പി നഗരസഭ, ഓങ്ങല്ലൂർ രണ്ട് വില്ലേജ്, തൃത്താല ,തിരുമിറ്റക്കോട് വില്ലേജുകളിലേതുൾപ്പടെ 947 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് ജലസേചനം നടത്താനാകും.

നെല്ല് , തെങ്ങ്, തോട്ട വിളകൾ പച്ചക്കറികൾ എന്നിവയ്ക്ക് ജലസേചനം നടത്താനാണ് പദ്ധതികെ‍ാണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും പ്രദേശത്തെ ശുദ്ധജലക്ഷാമ പ്രശ്നത്തിനും പദ്ധതി കെ‍ാണ്ട് പരിഹാരമാകും .ഭൂഗർഭ ജലവിതാനം ഉയരുന്നതോടെ പ്രദേശത്തെ ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ലഭ്യത ഉറപ്പാക്കാനാകും. പുഴയിൽ ജലം കെട്ടിനിൽക്കുന്നതോടെ വിനോദസഞ്ചാരത്തിനും മത്സ്യകൃഷിക്കും പദ്ധതി ഉപയോഗപ്പെടുത്താനുമാകും.

പദ്ധതിയുടെ പ്രയോജനം പൂർണമായും ലഭിക്കണമെങ്കിൽ ഇറിഗേഷൻ വകുപ്പ് മഴക്കാലം തുടങ്ങുന്നതിന് മുൻപ് പദ്ധതിയുടെ പണി പൂർത്തീകരിക്കുന്നതെ‍ാടെ‍ാപ്പം പദ്ധതി പ്രദേശത്തെ ചെളിയും മണലും നീക്കാൻ ആവശ്യമായ നടപടി റവന്യു വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com