ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ചെളി അടിഞ്ഞു കൂടുന്നു. ജലസംഭരണം കുറഞ്ഞത് ഹെക്ടർ കണക്കിനു വരുന്ന കൃഷിയിടങ്ങളെയും ബാധിച്ചു. ശുദ്ധജലക്ഷാമവും രൂക്ഷമാവുകയാണ്. അണക്കെട്ടിലെ ചെളി നീക്കി പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യം. ഇല്ലെങ്കിൽ ജലസേചന പദ്ധതിയുടെ ലക്ഷ്യം വാക്കിലൊതുങ്ങുന്ന സ്ഥിതി വന്നേക്കും. നടപടി വേണമെന്ന ആവശ്യം ശക്തം. കാഞ്ഞിരപ്പുഴ നദിക്കു കുറുകെ 2128 മീറ്റർ നീളത്തിൽ എർത്ത് കം മേസൺ അണക്കെട്ടു നിർമിച്ച് 70.82 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള സംഭരണിയാണു കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി. 1961ൽ‌ ഡാമിന്റെ നിർമാണം ആരംഭിച്ച് 1980ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിൽ ഇതുവരെ ചെളി നീക്കം നടത്തിയിട്ടില്ല. അണക്കെട്ടും റിസർവോയർ നിൽക്കുന്ന ഭാഗങ്ങളും അടക്കം 8,465 ഹെക്ടർ വരുന്ന ഡാമിന്റെ മൂന്നു ഭാഗങ്ങളിലും മലനിരകളാണ്.

ഓരോ മഴക്കാലത്തും മലവെള്ളം കുത്തിയൊഴുകിയെത്തുന്നത് അണക്കെട്ടിലേക്കാണ്. ഇക്കാലത്തിനിടയിൽ നാലോളം ചെറുതും വലുതുമായ ഉരുൾപൊട്ടലുകളും വൃഷ്ടി പ്രദേശത്തെ വനമേഖലയിൽ ഉണ്ടായി. കൂടാതെ മണ്ണൊലിപ്പു വേറെയും. ഇതെല്ലാം തന്നെ അണക്കെട്ടിന്റെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വലിയതോതിൽ മണ്ണും ചെളിയും വന്നു മുടിയിട്ടുണ്ടെന്ന് അധികൃതരും പറയുന്നു. കഴിഞ്ഞ മഴക്കാലത്തു ജില്ലയിൽ ആദ്യം നിറഞ്ഞ അണക്കെട്ടും കാഞ്ഞിരപ്പുഴയായിരുന്നു. ജലസംഭരണം പരമവാധിയെത്തിയതിനെ തുടർന്ന് ഇക്കാലയളവിൽ പലപ്പോഴായി രണ്ടു മാസത്തോളം ഷട്ടർ തുറക്കുകയും ചെയ്തു. ഇതിലൂടെ ഒരു മഴക്കാലത്തു സംഭരിക്കേണ്ട വെള്ളം നഷ്ടപ്പെട്ടിട്ടുണ്ടാകും. വർഷങ്ങൾക്കു മുൻപു കോടികൾ മുടക്കി ഡാം നവീകരണം നടത്തിയിരുന്നു.

അടിത്തട്ടിലെ വെള്ളം പൂർണമായും ഒഴിവാക്കിയായിരുന്നു ബലപ്പെടുത്തൽ. ചെളി നീക്കം ചെയ്യാൻ ഇത്രയും നല്ല അവസരം ലഭിച്ചിട്ടും അധികൃതർ ചെയ്തില്ല. അന്നു ചെളി നീക്കം ചെയ്തിരുന്നെങ്കിൽ സംഭരണ ശേഷി വർധന വരുത്തുന്നതോടൊപ്പം വേനൽക്കാലങ്ങളിൽ ആവശ്യത്തിനു വെള്ളവും നിലനിർത്താൻ കഴിയുമായിരുന്നു. ഓരോ വർഷം ചെളി അടിഞ്ഞു കൂടുന്നതല്ലാതെ നീക്കം ചെയ്യാത്തു അണക്കെട്ടിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്നു കർഷകരും പറയുന്നു. സർക്കാർ ബജറ്റിൽ കനാൽ നവീകരണത്തിനു കോടികൾ നീക്കിവച്ചു പ്രവൃത്തികൾ നടത്തുന്നുണ്ട്. എന്നാൽ ഇതിലൂടെ വിതരണം ചെയ്യുന്നതിനുള്ള ജലസംഭരണം ഇല്ലാത്ത അവസ്ഥ വരും. നിലവിൽ ശുദ്ധജല വിതരണത്തിനുള്ള വെള്ളം മാത്രമാണുള്ളത്.മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെയും പാലക്കാട്, പട്ടാമ്പി താലൂക്കുകളുടെയും വിവിധ പഞ്ചായത്തുകളുടെയും കാർഷികമേഖലയ്ക്കും കൂടാതെ ശുദ്ധജലത്തിനും ഉതകുന്ന പദ്ധതിക്കാണ് ഈ അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com