ADVERTISEMENT

പാലക്കാട് ∙ തീവ്രമായ ചൂടു കണക്കിലെടുത്ത് യാത്രക്കാർക്കു കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്ഥാപിക്കും. സ്റ്റേഷനുകളുടെ വലുപ്പവും യാത്രക്കാരുടെ എണ്ണവും അനുസരിച്ച്  പാലക്കാട് ജംക്‌ഷൻ, ഷെ‍ാർണൂർ ജംക്‌ഷൻ, കേ‌ാഴിക്കേ‍ാട്, വടകര, തലശ്ശേരി കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകേ‍ാട്, മംഗളൂരു എന്നിവിടങ്ങളിൽ നിലവിലുള്ളതിനു പുറമെ രണ്ടോ മൂന്നോ കൂളറുകൾ കൂടി സ്ഥാപിക്കാനാണു തീരുമാനം. ഇവയ്ക്കിടയിലുള്ള ചെറിയ സ്റ്റേഷനുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനായി കൂളറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി അവിടങ്ങളിൽ പരിശേ‍ാധന നടത്തും. 

സാധാരണ ശുദ്ധജലവും തണുത്ത വെള്ളവും കൂളറിൽ നിന്നു ലഭിക്കും. ചൂടുവെള്ളം ലഭിക്കുന്നവയും ചിലയിടത്തുണ്ടാകും. തുടർച്ചയായ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേ‍ടാൻ ഡിവിഷൻ അധികൃതർ നിർദേശം നൽകി. സ്റ്റേഷനുകളിൽ കൂടാതെ, ട്രെയിനുകളിലും കൂടുതൽ തവണ വാട്ടർ ബേ‍ാട്ടിലുകൾ എത്തിക്കാനുള്ള നടപടിയും ആരംഭിച്ചു. ദീർഘദൂര ട്രെയിനുകളിൽ പലപ്പേ‍ാഴും ആവശ്യത്തിനു ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പല സന്ദർഭങ്ങളിലും ഇക്കാര്യം യാത്രക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല. നേരത്തേ ശുദ്ധജലം ലഭ്യമായിരുന്ന സൗകര്യങ്ങളും പലയിടത്തും ഇല്ലാതായി. 

റെയിൽവേയുടെ കുപ്പിവെള്ളമായ ‘റെയിൽ നീർ’ കുറച്ചു വർഷമായി ആവശ്യമനുസരിച്ചു ലഭ്യമല്ല. പകരം ഗുണനിലവാര പരിശേ‍ാധനയുടെ അടിസ്ഥാനത്തിൽ ഡിവിഷൻ തിരഞ്ഞെടുത്ത മൂന്നു സ്വകാര്യകമ്പനിയുടെ കുപ്പിവെള്ളം വിതരണത്തിനുണ്ട്. ഐആർസിടിസിയുടെ നേതൃത്വത്തിൽ മിക്ക സ്റ്റേഷനുകളിലും സ്ഥാപിച്ച വാട്ടർ വെൻഡിങ് മെഷീനുകളുടെ പ്രവർത്തനം കേ‍ാവിഡ് കാലത്തു നിലച്ചു. ഇതുവഴി അഞ്ചു രൂപയ്ക്ക് കുപ്പിവെള്ളം ലഭിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾ പെ‍ാടിക്കാനുള്ള സംവിധാനവും സ്ഥാപിച്ചിരുന്നു. നിലവിൽ പല സ്റ്റേഷനുകളിലും വാട്ടർടാപ്പുകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com