ADVERTISEMENT

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ടുവയ്ക്കുന്നതു വികസന അജൻഡയെന്നു പാലക്കാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു.റെയിൽവേ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം ഉൾപ്പെടെ ഉപയോഗപ്പെടുത്തി ഐടി പാർക്കുകൾ, കേന്ദ്രം പ്രഖ്യാപിച്ച ബെംഗളൂരു–കൊച്ചി വ്യാവസായിക ഇടനാഴിയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയും സംയോജിപ്പിച്ച് കഞ്ചിക്കോട് വ്യവസായ മേഖലയുടെ വികസനം, കൂടുതൽ തൊഴിൽ അവസരങ്ങൾ, എല്ലാവർക്കും ശുദ്ധജലം, പാലക്കാടിന് എയിംസ് എന്നിങ്ങനെ വ്യക്തമായ വികസന അജൻഡകൾ നാടിനു മുൻപിൽ അവതരിപ്പിച്ചാണു വോട്ട് തേടുന്നതെന്നും വിജയം ഉറപ്പെന്നും കൃഷ്ണകുമാർ പറഞ്ഞു.

പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ജലജീവൻ മിഷൻ നൽകിയിട്ടും അതു വേണ്ട രീതിയിൽ നടപ്പാക്കാത്തതിനാൽ നാടാകെ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്. ജയിച്ചാൽ പദ്ധതി കൃത്യമായി നടപ്പാക്കും, ജലം എത്തിക്കും. പദ്ധതിയും ഫണ്ടും ഉണ്ട് എന്നിട്ടും നടപ്പാക്കുന്നില്ല. എംപിയാണു പദ്ധതി നടപ്പാക്കാൻ പ്രധാനമായും താൽപര്യമെടുക്കേണ്ടത്.

പാലക്കാട് ഉൾപ്പെടെയുള്ള ജില്ലക്കാർ ഉന്നത വിദ്യാഭ്യാസത്തിനായി കോയമ്പത്തൂരിനെയാണ് ആശ്രയിക്കുന്നത്. ഇതു മാറ്റി പാലക്കാടിനെ എജ്യുക്കേഷൻ ഹബ് ആക്കും. സംസ്ഥാന സർക്കാരിന്റെ നയങ്ങളാണു കഞ്ചിക്കോട് വ്യവസായ മേഖലയെ ഇല്ലാതാക്കുന്നത്. കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കാത്തത് ആരെന്നു ജനങ്ങൾക്കറിയാം. പുതിയ കോച്ച് ഫാക്ടറിക്കു സാധ്യതയില്ലെന്ന് അന്നത്തെ ഇടതുപക്ഷ എംപിക്കു കേന്ദ്രം മറുപടി നൽകിയിരുന്നു. 

കഴിഞ്ഞ തവണ എംപിയായ വ്യക്തി തനിക്കു മുൻപേ കൊണ്ടുവന്ന പദ്ധതികൂടി തന്റേതെന്ന് അവകാശപ്പെടുന്നതല്ലാതെ ഒരു വികസനവും നടപ്പാക്കിയിട്ടില്ല. നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള വികസന പദ്ധതികൾ നേടിയെടുത്തു നടപ്പാക്കുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com