ADVERTISEMENT

ഒറ്റപ്പാലം ∙ തിരക്കുപിടിച്ച ജോലിക്കിടയിൽ സ്ഥിരമായി വായനയ്ക്ക് എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിനു സുധീഷ് ചിരിച്ചുകൊണ്ടു മറുപടി പറയും... ‘ആ തിരക്കാണു വായനയുടെ ലോകത്ത് എന്റെ കരുത്ത്.’ സമയം പരിമിതമാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണു ദിവസവും ശരാശരി 2 മണിക്കൂർ വായനയ്ക്കു വിനിയോഗിക്കാൻ കഴിയുന്നതെന്നാണ് ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ കൂടിയായ എഎസ്ഐ സുധീഷിന്റെ പക്ഷം.

വിഖ്യാതമായ മലയാളം നോവലുകൾ മുതൽ ലോക ക്ലാസിക്കുകൾ വരെ നീളുന്ന ആയിരത്തിലേറെ പുസ്തകങ്ങളാണ് ശ്രീകൃഷ്ണപുരം മംഗലാംകുന്ന് തോട്ടപ്പായിൽ സുധീഷ് (48) ഇതിനകം വായിച്ചുതീർത്തത്. ഏഴാം ക്ലാസിൽ അമർചിത്രകഥകൾ വായിച്ചായിരുന്നു തുടക്കം. വാരികകളിലൂടെയും മാസികകളിലൂടെയും വായന വളർന്നു.

എസ്എസ്എൽസി പഠനം പൂർത്തിയായതിനു പിന്നാലെ എംടിയുടെ രണ്ടാമൂഴം വായിച്ച് ഗൗരവമുള്ള നോവലുകളുടെ ലോകത്തേക്ക്. നാ‌ട്ടിലെ വായനശാലയിൽ പോയി മലയാളത്തിലെ വിഖ്യാതമായ നോവലുകൾ പലതും വായിച്ചു. കലാലയകാലത്തു വായന ഇതര ഭാഷകളിലേക്കു കൂടി വ്യാപിച്ചു. സിപിഒ ആയി ഔദ്യോഗിക ജീവിതം തുട‌ങ്ങിയപ്പോഴും വായന കൈവിട്ടില്ല.

നാട്ടിലെ വായനശാലയിൽ നിന്നു കൊണ്ടുവരുന്ന പുസ്തകങ്ങൾ സമയബന്ധിതമായി വായിച്ചു തിരിച്ചേൽപിക്കും. പുസ്തകങ്ങൾ കൊണ്ടുവരാനും തിരികെ ഏൽപിക്കാനുമെല്ലാം കുടുംബാംഗങ്ങളും സഹായിക്കും. ഇതിനകം 1100ൽപരം പുസ്തകങ്ങൾ വായിച്ചു തീർത്തതായി സുധീഷ് പറയുന്നു. ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലിഷ് നോവലുകളും ഇതിൽ ഉൾപ്പെടും.വായിക്കാത്ത പുസ്തകങ്ങളുടെ നിര നോക്കിയാൽ വായിച്ചവ പരിമിതമാണെന്ന തിരിച്ചറിവുള്ള സുധീഷിനു സ്വന്തമായി പുസ്തകം എഴുതണമെന്ന മോഹവുമുണ്ട്. 

വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരുപക്ഷേ, വായനയ്ക്കൊപ്പം എഴുത്തും കൂടെക്കൂടിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com