ADVERTISEMENT

പാലക്കാട് ∙ തീച്ചൂടിലും അടിത്തട്ട് ഇളക്കിമറിച്ചുള്ള 36 ദിവസത്തെ പരസ്യപ്രചാരണം അവസാനിച്ചപ്പേ‍ാൾ, വിജയം ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണു മുന്നണികൾ. രണ്ടു ലേ‍ാക്സഭാമണ്ഡലങ്ങളും മികച്ച ഭൂരിപക്ഷത്തേ‍ാടെ നിലനിർത്തുമെന്ന് യുഡിഎഫും ഇത്തവണ തിരികെ പിടിക്കുമെന്ന് എൽഡിഎഫും കണക്കു നിരത്തി അവകാശപ്പെടുന്നു. ത്രികേ‍ാണമത്സരാന്തരീക്ഷമുള്ള പാലക്കാട് മണ്ഡലത്തിൽ അട്ടിമറി വിജയമാണ് എൻഡിഎ പ്രതീക്ഷ.

രാഷ്ട്രീയ വിവാദങ്ങളില്ലാതെയാണ് ഇത്തവണ പരസ്യ പ്രചാരണത്തിനു കെ‍ാടിയിറങ്ങിയത്. കേ‍ാൺഗ്രസ് നേതാവായിരുന്ന എ.വി.ഗേ‍ാപിനാഥ് അവസാനദിവസം എൽഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് അതു ഗൗരവമായി എടുക്കുന്നില്ല. മാറ്റസൂചന മുൻകൂട്ടിയറിഞ്ഞ് അതു മറികടക്കാൻ നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നതായി നേതാക്കൾ പറഞ്ഞു. എന്നാൽ, ഗേ‍ാപിനാഥിന്റെ വരവു വേ‍ാട്ടെടുപ്പിൽ, പ്രത്യേകിച്ച് ആലത്തൂരിൽ വലിയ സഹായമാകുമെന്ന് എൽഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. ‌

ഫണ്ട് കുറഞ്ഞപ്പോൾ വാശി കൂടി
രണ്ടു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ നാലു റൗണ്ട് പ്രചാരണം പൂർത്തിയാക്കി. വീടുകളിൽ വേ‍ാട്ടു തേടുന്ന സ്ക്വാഡുകളും സജീവമായിരുന്നു. സങ്കീർണമായ രാഷ്ട്രീയാന്തരീക്ഷവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മനസ്സിലാക്കി പ്രവർത്തകർ കണ്ടറിഞ്ഞു പ്രചാരണത്തിനിറങ്ങിയെന്നു നേതൃത്വം പറഞ്ഞു. ഫണ്ട്‍ ഞെരുക്കത്തിൽ ആദ്യഘട്ടം പതുക്കെയായിരുന്നു. എന്നാൽ, സംഘടനയുടെ സാമ്പത്തിക പ്രയാസം പ്രവർത്തകരിൽ വീറും വാശിയും വർധിപ്പിച്ചു. ഒരു രൂപ പേ‍ാലും നൽകാതെ പല്ലശ്ശനയിൽ തലങ്ങും വിലങ്ങും സ്ഥാനാർഥിക്കായി പേ‍ാസ്റ്ററുകൾ പതിച്ചതും ബേ‍ാർഡുകൾ സ്ഥാപിച്ചതും അതിന് ഉദാഹരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാക്കളും സജീവമായി.

ഇത്തവണയും അനുകൂല രാഷ്ട്രീയാന്തരീക്ഷമായതിനാൽ രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം ഒട്ടും മേ‍ാശമാകില്ലെന്നു നേതൃത്വം അവകാശപ്പെടുന്നു. പാലക്കാട്ടു വി.കെ.ശ്രീകണ്ഠനും മികച്ച ഭൂരിപക്ഷമുണ്ടാകും. ന്യൂനപക്ഷവേ‍ാ‍ട്ടുകൾ ഒന്നും ചോരില്ലെന്നും സംസ്ഥാന സർക്കാരിന്റെ ജനദ്രേ‍ാഹനയത്തിലും നടപടികൾക്കുമെതിരെയുള്ള സാധാരണക്കാരുടെ അമർഷം വേ‍ാട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും നേതൃത്വം അവകാശപ്പെട്ടു.

ഇരു മണ്ഡലവും അതിപ്രധാനം
പ്രാദേശിക സംഘടനാപ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കി രണ്ടു മണ്ഡലങ്ങളിലും വൻസന്നാഹത്തേ‍ാടെയാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗേ‍ാവിന്ദൻ ഇരു മണ്ഡലങ്ങളിലെയും പ്രവർത്തന പുരേ‍ാഗതി നാലുതവണയാണു നേരിട്ടു വിലയിരുത്തിയത്. കഴിഞ്ഞ തവണ പാർട്ടിയെ ഞെട്ടിച്ച ആലത്തൂർ തേ‍ാൽവിക്കു ചില സംഘടനാ ഘടകങ്ങളും കാരണമായെന്ന കണ്ടെത്തലിൽ, അവിടെ പഴുതടച്ച നീക്കങ്ങൾക്കു രൂപം നൽകി. നേതൃതലത്തിലും ആലത്തൂർ, പാലക്കാട് മത്സരങ്ങൾ സിപിഎമ്മിന് അതിപ്രധാനമാണ്. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ.രാധാകൃഷ്ണനും പൊളിറ്റ്ബ്യൂറേ‍ാ അംഗം എ.വിജയരാഘവനുമാണ് സ്ഥാനാർഥികൾ എന്നതു നേതൃത്വത്തിന്റെ ചുമതല വർധിപ്പിക്കുന്നു.

പതിവിൽ നിന്നു മാറി ബൂത്തുകളും വീടുകളും കേന്ദ്രമാക്കി അടിസ്ഥാന പ്രചാരണത്തിനാണു സിപിഎം മുൻഗണന നൽകിയത്. ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന വിലയിരുത്തൽ യേ‍ാഗത്തിൽ, പാലക്കാട് മണ്ഡലത്തെക്കുറിച്ചാണു കൂടുതൽ ചർച്ച നടന്നത്. പ്രചാരണത്തിന്റെ തുടക്കത്തിൽ പെൻഷൻ, നെല്ലുവില പ്രശ്നത്തിൽ ശക്തമായ പ്രതിഷേധം നേരിട്ടെങ്കിലും അവ പെട്ടെന്നു പരിഹരിക്കാൻ കഴിഞ്ഞതായി നേതൃത്വം അവകാശപ്പെട്ടു. കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളിലും എസ്ഡിപിഐ നേടിയ വേ‍ാട്ടുകൾ കൂട്ടിക്കിഴിച്ചാലും വിജയത്തെക്കുറിച്ചു പരിഭ്രാന്തിയില്ലെന്നു നേതാക്കൾ വ്യക്തമാക്കുന്നു.

മോദി പ്രഭാവം  പിടിവള്ളി
ആർഎസ്എസ് നടത്തിയ സൂക്ഷ്മതല പ്രവർത്തനവും, നേരിട്ടും അല്ലാതെയുമുണ്ടായ പ്രധാനമന്ത്രി നരേന്ദ്ര മേ‍ാദിയുടെ സാന്നിധ്യവും ഇത്തവണ വൻ മുന്നേറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാംപ്.എൽഡിഎഫ്, യുഡിഎഫ് പിടിവലിയിൽ ന്യൂനപക്ഷ വേ‍ാട്ടുകൾ വിഭജിക്കപ്പെടുമ്പേ‍ാൾ പാലക്കാട് എൻഡിഎ വിജയിക്കുമെന്നു നേതൃത്വം കണക്കുകൂട്ടുന്നു. സംഘപരിവാർ സ്വാധീനവും നഗരസഭയിലെ തുടർഭരണവും പാലക്കാട്ടു ബിജെപിയെ നിർണായക ശക്തിയാക്കിയിട്ടുണ്ട്. ആദ്യം തിരഞ്ഞെടുപ്പു കമ്മിറ്റി  ഒ‍ാഫിസ് തുറന്നതും പ്രചാരണം ആരംഭിച്ചതും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറാണ്. ഇതിനു മുന്നേ‌ാടിയായി പദയാത്രയും സംഘടിപ്പിച്ചു. ആലത്തൂരിൽ അവസാനഘട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി ‍ഡേ‍ാ.ടി.എൻ.സരസു എത്തിയതെങ്കിലും പ്രധാനമന്ത്രി അവരുമായി നടത്തിയ സംഭാഷണത്തിലൂടെ സ്ഥാനാർഥിത്വവും മത്സരവും പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. പരമാവധി വേ‍ാട്ടു പിടിച്ചുള്ള മുന്നേറ്റമാണ് എൻഡിഎ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com