ADVERTISEMENT

മണ്ണാർക്കാട്∙ താലൂക്ക് ആശുപത്രിയിൽ വാർഡിൽ പ്രവേശിക്കുന്നതിനെ ചൊല്ലി സുരക്ഷ ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മിൽ തർക്കവും കയ്യാങ്കളിയും. സംഭവം അറിഞ്ഞെത്തിയ പൊലീസും രോഗിയുടെ ബന്ധുക്കളും തമ്മിലും വാക്കേറ്റമുണ്ടായി. ഇന്നലെ രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. 

കാഞ്ഞിരപ്പുഴ കല്ലാംകുഴി പലയക്കോടൻ മുഹമ്മദും (63), സുരക്ഷാ ജീവനക്കാരൻ വിഘ്നേഷും തമ്മിലാണ് കയ്യാങ്കളി നടന്നത്. മുഹമ്മദിന്റെ പേരക്കുട്ടി ആറുമാസം പ്രായമായ ഐസിൻ ആശുപത്രിയിൽ കിടത്തി ചികിത്സയിലാണ്. പേരക്കുട്ടിയെ കാണുന്നതോടൊപ്പം മുഹമ്മദിന്റെ മകൾ സജ്നയ്ക്ക് ഡോക്ടറെ കാണാനുമാണ് മുഹമ്മദും സജ്നയും ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഐസിന്റെ മാതാവ് സജിന ഇവർക്ക് വേണ്ടി എടുത്ത ടോക്കൺ വാങ്ങാനായി വാർഡിലേക്ക് പോകാൻ ശ്രമിച്ച മുഹമ്മദിനെ സുരക്ഷ ജീവനക്കാരൻ വിഘ്നേഷ് തടഞ്ഞു.

ഇതിനിടെ മറ്റു ചിലരെ വാർഡിലേക്ക് കടത്തി വിട്ടത് മുഹമ്മദ് ചോദ്യം ചെയ്യുകയും തന്റെ മുഖത്ത് അടിച്ചെന്നും സുരക്ഷ ജീവനക്കാരൻ വിഘ്നേഷ് പറഞ്ഞു. അതേസമയം തന്നെ കടത്തി വിടാതെ മറ്റുള്ളവരെ കടത്തി വിട്ടത് ചോദ്യം ചെയ്ത തന്നെ സുരക്ഷ ജീവനക്കാരൻ മർദിക്കുകയും അത് തടയാൻ എത്തിയ തന്റെ മകൾ സജ്നയെ പിടിച്ചു തള്ളുകയും ചെയ്തുവെന്ന് മുഹമ്മദും പറഞ്ഞു. 

സംഭവം അറിഞ്ഞ് ആദ്യം എത്തിയ പൊലീസ് സംഘം മുഹമ്മദിന്റെ ബന്ധുക്കളോട് മോശമായി പെരുമാറിയെന്നും തങ്ങളുടെ പരാതി സ്വീകരിച്ചില്ലെന്നും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മുഹമ്മദിന്റെ മകൾ സജ്ന പറഞ്ഞു. പിന്നീട് എത്തിയ എസ്ഐ ഋഷിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുഹമ്മദിന്റെ ബന്ധുക്കളും തമ്മിൽ രൂക്ഷമായ വാക്കു തർക്കമുണ്ടായി. തങ്ങളുടെ പരാതിയും സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com