ADVERTISEMENT

മണ്ണാർക്കാട്∙ കെടുകാര്യസ്ഥതയിൽ ആനമൂളി ചെറുകിട ജലസേചന പദ്ധതി വരണ്ടുണങ്ങി. ചെക് ഡാമിൽ വെള്ളത്തിനു പകരം കല്ലും മണ്ണും. ഈ പദ്ധതിയുടെ സമീപത്തെ 25 ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കുഴിവെള്ളം ആശ്രയിക്കുന്നത്. കാഞ്ഞിരപ്പുഴ വലതു കനാലിന്റെ മേൽഭാഗത്തുള്ള തെങ്കര മേഖലയിലെ കൃഷിക്ക് ജലസേനത്തിനായാണ് ആനമൂളിയിൽ നെല്ലിപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമിച്ചത്. ജലസേചനത്തിനൊപ്പം പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനു പരിഹാരവും പദ്ധതി ലക്ഷ്യമിട്ടിരുന്നു. ചെക്ക് ഡാമിലെ ചെളിയും മണലും യഥാസമയം നീക്കം ചെയ്തിരുന്നുവെങ്കിൽ ആനമൂളി കോളനിയിലുള്ളവരുടെ ശുദ്ധജല ക്ഷാമത്തിനായി കുഴിയിലെ വെള്ളം ആശ്രയിക്കേണ്ടിവരുമായിരുന്നില്ല. ആനമുളി, മേലാമുറി, തെങ്കര, കോൽപാടം, ചേറുംകുളം ഭാഗങ്ങളിലെ കർഷകർ ജലസേചനത്തിനായി ആനമൂളി ചെക്ക് ഡാമിനെയാണ് ആശ്രയിച്ചിരുന്നത്. കാഞ്ഞിരപ്പുഴ വലതു കനാലിൽ നിന്ന് വെള്ളം ലഭിക്കാത്ത മേഖലയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. 

 ഏകദേശം 710 ഏക്കർ സ്ഥലത്ത് ജലസേചനം നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇത് കണക്ക് മാത്രമാണെന്നും കൃഷിയിടത്തിൽ വെള്ളം എത്തുന്നില്ലെന്നുമാണ് കർഷകർക്ക് പറയാനുള്ളത്. ആറ് പതിറ്റാണ്ട് മുൻപ് ദീർഘ വീഷണത്തോടെ നിർമിച്ച ചെക്ക് ഡാം വേണ്ട വിധത്തിൽ പരിചരിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മഴക്കാലം കഴിയുന്നതോടെ ചെക്ക് ഡാമിലെ മണലും ചെളിയും നീക്കം ചെയ്താൽ വേനലിലേക്കു വേണ്ട വെള്ളം സംഭരിക്കാനാവും. എന്നാൽ അറ്റകുറ്റപ്പണിയുടെ മറവിൽ തുക മാറിയെടുക്കുന്നതല്ലാതെ മണ്ണ് നീക്കം ചെയ്യാറില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ചെക്ക്ഡാമിന്റെ നിലവിലെ അവസ്ഥ. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ആനമൂളി ആദിവാസി ഊര് ചെക്ക്ഡാമിനു തൊട്ടടുത്താണ്. ഡാമിന്റെ റിസർവോയറിൽ കുഴികുത്തിയാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.  സമയാമസയങ്ങളിൽ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാൽ ജലസേചനവും ശുദ്ധജല ക്ഷാമവും ഒരു പോലെ പരിഹരിക്കാൻ കഴിയും. അതിന് അധികൃതർ തന്നെ മുന്നിട്ടിറങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com