ADVERTISEMENT

മുതലമട ∙ മാമ്പഴക്കുറവിൽ പ്രതിസന്ധിയിലായ മാംഗോ സിറ്റിയിൽ അടുത്ത സീസണിൽ മികച്ച വിളവുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ മാവു കർഷകർ തുടങ്ങി. മാവിൻ തോട്ടത്തിൽ വായു സഞ്ചാരം ഉറപ്പാക്കാൻ മാവിന്റെ കൊമ്പു കോതൽ(കൊമ്പുകൾ മുറിക്കുക), മാവിനു ചുറ്റും തടം എടുക്കുക, പച്ചില വളം ഉൾപ്പെടെയുള്ള ജൈവ വളങ്ങൾ നൽകുക തുടങ്ങിയ പ്രവൃത്തികളാണു കർഷകർ ആരംഭിച്ചിരിക്കുന്നത്.

മാംഗോ സിറ്റിയുടെ മാമ്പഴപ്പെരുമയ്ക്കു മേൽ കത്തി വയ്ക്കുന്ന തരത്തിൽ കഴിഞ്ഞ സീസണിൽ 10 ശതമാനത്തിൽ താഴെ ഉൽപാദനം ഉണ്ടായ സാഹചര്യം കണക്കിലെടുത്തു ഏറെ കരുതലോടെയാണ് അടുത്ത സീസണിലേക്കുള്ള പണികൾ ഇപ്പോൾ തന്നെ ആരംഭിക്കുന്നത്.

മഴക്കാലത്തു വായു സഞ്ചാരം ഉറപ്പാക്കി, വെള്ളവും വായുവും വളവും നൽകി മാവിനെ ആരോഗ്യമുള്ളതാക്കി മാറ്റുകയാണ് ആദ്യ ലക്ഷ്യമെന്നു കർഷകർ പറയുന്നു. എന്നാൽ മണ്ണും മരവും കീടങ്ങളും അറിഞ്ഞു മുന്നൊരുക്കം നടത്താൻ കർഷകന് മാർഗ നിർദേശം നൽകുന്നതിനു മാവിനെക്കുറിച്ചു കൃത്യമായ അറിവുള്ള ശാസ്ത്രജ്ഞന്റെ സേവനം ഉറപ്പാക്കണം.

കൃഷി ഓഫിസിൽ നിന്നു വേണ്ട നിർദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പൂർണ സമയ ശാസ്ത്രജ്ഞൻ വേണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. മുതലമട മാംഗോ പാക്കേജിന്റെ ഭാഗമായി വിദഗ്ധനെ നിയോഗിച്ചെങ്കിലും അധിക കാലം ഉണ്ടായില്ല. കാർഷിക സർവകലാശാലയിൽ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ധരാണ് ഇടയ്ക്ക് ഇവിടെയെത്തി നിർദേശം നൽകുന്നത്.

എന്നാൽ മാമ്പൂക്കാലം എത്തുന്നതിനു മുൻപു തന്നെ മാന്തോപ്പുകളെ ക്ലസ്റ്റർ ആയി തിരിച്ചു കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി തോട്ടം, മണ്ണു പരിപാലനം എന്നിവ നടത്തണം. അതിനു ശാസ്ത്രജ്ഞന്റെ സ്ഥിരം സേവനം മുതലമടയിൽ തന്നെ ഉണ്ടാകണമെന്നതാണ് ആവശ്യം. 

യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൃഷി  മന്ത്രിയായിരുന്ന കെ.പി.മോഹനൻ മുതലമട സീഡ് ഫാമിൽ മാങ്ങയ്ക്കു പ്രയോജനം ചെയ്യും വിധം കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് എവിടെയുമെത്തിയില്ല.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അഗ്രോ പാർക്ക് ഉൾപ്പെടെയുള്ള വലിയ പ്രഖ്യാപനം നടത്തി. അതോടൊപ്പം മാങ്ങ കർഷകർക്കു പ്രയോജനം ചെയ്യും വിധം കൃഷി വിദ‌ഗ്ധനെ നിയോഗിക്കാമെന്നും ഉറപ്പ് നൽകി. അതും നടപ്പാകാത്തതു തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com