ADVERTISEMENT

കൊല്ലങ്കോട്∙കാടിറങ്ങി ജനവാസ മേഖലയിലെ കമ്പിക്കുരുക്കിൽ കുടുങ്ങിയ പെൺപുലി രക്ഷപ്പെടാൻ അവസാനം വരെ പൊരുതി. ചുറ്റും ആളുകൾ കൂടിയിട്ടും വീര്യം ചേരാതെ രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് കാലിലെ കുരുക്ക് അഴിയുന്നത്. അതുകൊണ്ടു തന്നെ ഇടുപ്പിലെ കുരുക്ക് അഴിയാനും ഓടി രക്ഷപ്പെടാനുമുള്ള സാധ്യത വനം വകുപ്പു തള്ളിക്കളഞ്ഞിരുന്നില്ല. 

പിടികൂടാനുള്ള ദൗത്യം ആരംഭിച്ച വനപാലകസംഘം പുലിയുടെ അടുത്ത്.
പിടികൂടാനുള്ള ദൗത്യം ആരംഭിച്ച വനപാലകസംഘം പുലിയുടെ അടുത്ത്.

നെല്ലിയാമ്പതി മലനിരയിലെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിനു താഴെയായി കൊട്ടക്കുറിശ്ശിക്കടുത്തു വാഴപ്പുഴ ചേകോലിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ അസ്വാഭാവികമായ അലർച്ച കേട്ടു വന്ന പ്രദേശവാസിയായ കെ.പരമേശ്വരനാണു പുലി കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കിടക്കുന്നത് ആദ്യം കാണുന്നത്.

പുലിക്കു മയക്കുവെടിയേറ്റപ്പോൾ. തെറിച്ചുവീണ സിറിഞ്ചും കാണാം.
പുലിക്കു മയക്കുവെടിയേറ്റപ്പോൾ. തെറിച്ചുവീണ സിറിഞ്ചും കാണാം.

വനം വാച്ചർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നു 6 മണിയോടെ കൊല്ലങ്കോട് റേഞ്ചിൽ നിന്നു ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.എസ്.മണിയന്റെ നേതൃത്വത്തിൽ വനം വകുപ്പു സംഘമെത്തി പ്രദേശം നിരീക്ഷിച്ചു. ഏഴരയോടെ കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.പ്രമോദും പിന്നീടെത്തിയ ആലത്തൂർ റേഞ്ച് ഓഫിസർ കെ.ആർ.കൃഷ്ണദാസും സംഘവും പുലിയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

പൂർണമായും മയങ്ങിയെന്നുകരുതി കൂടുമായെത്തിയപ്പോൾ വനപാലകരുടെ നേരെ പുലി കുതിക്കുന്നു.
പൂർണമായും മയങ്ങിയെന്നുകരുതി കൂടുമായെത്തിയപ്പോൾ വനപാലകരുടെ നേരെ പുലി കുതിക്കുന്നു.

കുരുക്കിലാണെങ്കിലും പുലി പലപ്പോഴും എഴുന്നേറ്റു നിന്നു ചീറ്റുകയും അലറുകയും ചെയ്യുന്നുണ്ടായിരുന്നു. ചില സമയത്ത് അവശനായി കിടക്കുകയുമായിരുന്നു. ഗ്ലാസ് ഷീൽഡുമായി പുലിയുടെ അടുത്തേക്കു പോയ വനം വകുപ്പു ജീവനക്കാർക്കു നേരെ ചീറിയടുക്കാൻ ശ്രമിച്ചെങ്കിലും ഇടുപ്പിലെ കുടുക്കു തടസ്സമായി.

palakkad-tiger-in-pleyar

കൊല്ലങ്കോട് വനം റേഞ്ച് ടീമിനൊപ്പം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ രാജീവിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിൽ നിന്നുള്ള ഫ്ലയിങ് സ്ക്വാഡിന്റെയും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ഗിരീഷിന്റെ നേതൃത്വത്തിൽ പാലക്കാട് നിന്നുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും (ആർആർടി) സാന്നിധ്യത്തിൽ പാലക്കാട്ടെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.

പുലിയെ കൂട്ടിലാക്കിയപ്പോൾ.
പുലിയെ കൂട്ടിലാക്കിയപ്പോൾ.

പോസ്റ്റ്മോർട്ടത്തിനായി നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നെന്മാറ ഡിഎഫ്ഒ പി.പ്രവീൺ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് ഏബ്രഹാം, മണ്ണൂത്തി വെറ്ററിനറി കോളജിലെ പാത്തോളജി വിഭാഗം അസി. പ്രഫസർമാരായ ഡോ.അനൂപ് രാജ്, ഡോ.ദിവ്യ, എൻടിസിഎ പ്രതിനിധി പാലക്കാട് നാചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ലിജോ പാങ്ങോടൻ, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രതിനിധി സച്ചിൻ കെ.അരവിന്ദ്, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ എൻ.ശശീന്ദ്രബാബു എന്നിവരാണ് അംഗങ്ങൾ. 





കൂട്ടിൽ ചത്തുകിടക്കുന്ന പുലി.
കൂട്ടിൽ ചത്തുകിടക്കുന്ന പുലി.

കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ, സ്ഥിരം സമിതി അധ്യക്ഷൻ ആർ.ശിവൻ, പഞ്ചായത്ത് അംഗം കെ.ഷൺമുഖൻ എന്നിവരും കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരും സ്ഥലത്തെത്തി.

6.45മണിക്കൂർ പരിശ്രമം2മണിക്കൂറിനു ശേഷം അന്ത്യം
5.30 
കൊട്ടക്കുറിശ്ശി വാഴപ്പുഴയ്ക്കു സമീപം ചേകോലിലെ സ്വകാര്യ തോട്ടത്തിലെ കമ്പിവേലിയിൽ പെൺപുലിയെ കണ്ടെത്തി. ഇടുപ്പിന്റെ ഭാഗവും കാലും കുടുങ്ങിയ നിലയിൽ. 

'6.00 
വനം ഉദ്യോഗസ്ഥർ സ്ഥലത്ത്. കുരുക്കിൽ നിന്നു രക്ഷപ്പെടാൻ പുലിയുടെ കുതിപ്പ്. ഇതിനിടെ കാലിലെ കുരുക്കു വിട്ടു വന്നു. 

11.10 
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് ഏബ്രഹാം സ്ഥലത്തെത്തി മയക്കുവെടി വയ്ക്കാൻ ശ്രമം തുടങ്ങി. മയക്കു വെടിവച്ചു 10 മിനിട്ടു നിരീക്ഷിച്ച ശേഷം കൂട്ടിലാക്കാൻ ശ്രമം. 

12.15 
പുലി പൂർണമായും കൂട്ടിൽ. തുടർന്ന് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ. 

2.15 
പുലി ചത്തതായി സ്ഥിരീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com