ADVERTISEMENT

വാളയാർ ∙ കഞ്ചിക്കോട്– വാളയാർ വനയോര മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വാളയാർ നടുപ്പതി ആദിവാസി ഊരിലെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരുക്കേറ്റു.നടുപ്പതി മേക്കൽപതി കണ്ണന്റെ ഭാര്യ വീരയ്ക്കാണു (36) നട്ടെല്ലിനും നെഞ്ചിനും കൈകാലുകൾക്കും പരുക്കേറ്റത്. 

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ആക്രമണം. ഊരിൽ നിന്ന് 200 മീറ്റർ അകലെയുള്ള കിഴക്കേപതിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുമ്പോഴാണു വീരയെ ഒറ്റയാൻ ആക്രമിച്ചത്. ഊരിലെ ശക്തിവേലിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന ആന ഇരുട്ടിൽ പെട്ടെന്നു വീരയ്ക്കു മുന്നിലേക്കെത്തി തുമ്പിക്കൈകൊണ്ട് ചുഴറ്റിയെടുത്തെന്നും നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ വീരയെ താഴെയിട്ട് ആന പിന്തിരിഞ്ഞെന്നുമാണ് ഊരിലുള്ളവർ പറയുന്നത്.

ഉടൻ വീരയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പുലർച്ചെ ജില്ലാ ആശുപത്രിയിലും എത്തിച്ചു. കൊമ്പുകൊണ്ടുള്ള കുത്തേറ്റ് വീരയുടെ കയ്യിൽ മുറിവുണ്ട്. ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഇന്നു രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടാഴ്ച മുൻപു പുതുശ്ശേരി വേനോലി എളമ്പ്രക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉമ്മിണികുളത്തും പന്നിമടയിലും കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റിരുന്നു. 

ആക്രമിച്ചത് തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാൻ
നടുപ്പതി ∙ യുവതിയെ ആക്രമിച്ചത് തമിഴ്നാട് കോയമ്പത്തൂർ വനത്തിൽ നിന്നെത്തിയ ഒറ്റയാനെന്ന് വനംവകുപ്പ്. നേരത്തെ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ  വനംവകുപ്പ് നടപടികൾ കർശനമാക്കുകയും കൂടുതൽ വാച്ചർമാരെ സ്ഥലത്ത് നിയോഗിക്കുകയും ചെയ്തു. പിന്നീട് പ്രത്യേക ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ച് ആക്രമണകാരികളായ പിടി– 14, ചുരുളിക്കൊമ്പൻ (പിടി– 5) എന്നീ ആനകളെ ഉൾ വനത്തിലേക്കു തുരത്തുകയും ചെയ്തിരുന്നു.

ഈ 2 ആനകളല്ല ഇന്നലെ സ്ഥലത്ത് എത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. പരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ കോയമ്പത്തൂർ വനമേഖലയിൽ നിന്നു തമിഴ്നാട് വനംവകുപ്പ് തുരത്തിയ ഒറ്റയാനാണ് അതിർത്തി മേഖലയിലെത്തിയതെന്നാണു വനംവകുപ്പിന്റെ നിഗമനം. ഇതു ജനവാസ മേഖലയെയും വനംവകുപ്പിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com