ADVERTISEMENT

തിരുവല്ല ∙ നഗരത്തിലെ പ്രധാന ജംക്‌ഷനായ മുത്തൂർ കുരുക്കിന്റെ വലയത്തിൽ. ട്രാഫിക് പൊലീസ് പണി പതിനെട്ടും നോക്കിയിട്ടും കുരുക്കഴിയുന്നില്ല. മുത്തൂർ മുതൽ കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് വരെ കുരുക്ക് നീളുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കാവുംഭാഗം, കുറ്റപ്പുഴ, ചുമത്ര എന്നിവിടങ്ങളിൽ നിന്നെത്തി ചേരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ തിരക്കിന്റെ വ്യാപ്തി പറഞ്ഞറിയിക്കാവുന്നതല്ല. മുത്തൂർ മുതൽ പെരുന്തുരുത്തി വരെ നാലു കിലോമീറ്റർ ദൂരം റോഡിനിരുവശവും ബഹുനില വാണിജ്യ സ്ഥാപനങ്ങളാണ്. ഇവിടേക്കു വരാനും പോകാനും ഒരു റോഡു മാത്രം.

ഇതിനു പുറമേ എംസി റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ തിരക്കു കൂടിയാകുമ്പോൾ ഏതു സമയവും വാഹനങ്ങളാൽ വീർപ്പുമുട്ടുന്ന അവസ്ഥ. ചുമത്രയിൽ നിന്നോ കാവുംഭാഗത്തു നിന്നോ വരുന്ന വാഹനങ്ങൾ എംസി റോഡിൽ കയറിയാൽ എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ നിർത്തേണ്ടിവരും. 30 സെക്കൻഡ് നിർത്തിയിട്ടാൽ പുറകേ വരുന്ന വാഹനങ്ങളുടെ നിര ഒരു കിലോമീറ്റർ വരെയാകും. കാവുംഭാഗം- മുത്തൂർ റോഡും കുറ്റപ്പുഴ- മുത്തൂർ റോഡും ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ ഇതുവഴി ധാരാളം വാഹനങ്ങളാണ് വരുന്നത്.

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വാഹനങ്ങൾ ചുമത്ര റോഡ് വഴിയും മല്ലപ്പള്ളി, കോഴഞ്ചേരി ഭാഗത്തു നിന്നുള്ളവ കുറ്റപ്പുഴ വഴിയും എത്തുമ്പോൾ 5 ഭാഗത്തും നിന്നും തിരക്കേറും. ഈ സമയത്ത് വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. ഇതിനു പുറമേയാണ് സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വരുന്നതും പോകുന്നതും. ഇതോടൊപ്പം 4 സ്കൂളുകളിൽ നിന്നുള്ള ബസുകളും രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ നിരത്തിലുണ്ടാകും.

സിഗ്നൽ ലൈറ്റ്

ട്രാഫിക് നിയന്ത്രണത്തിനു 2 പൊലീസുകാർ മാത്രമാണുളളത്. ഇവരുടെ ശ്രദ്ധ മുഴുവൻ സമയവും റോഡിൽ ഉണ്ടായാലും തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നുള്ളത് നിരന്തരമായ ആവശ്യമാണ്. അതിനുളള പരിഹാരം ഇതുവരെ ആയിട്ടില്ല.

ജംക്‌ഷൻ വികസനം

മുത്തൂർ ജംക്‌ഷന്റെ വികസനമാണ് ആദ്യം നടപ്പാക്കേണ്ടത്. റോഡിനിരുവശവും കൂടുതൽ സ്ഥലം ഏറ്റെടുത്ത് നാലുവരിപാതയാക്കണം. അതോടൊപ്പം കാവുംഭാഗം, കുറ്റപ്പുഴ, ചുമത്ര എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്നുചേരുന്ന ഭാഗത്ത് വാഹനങ്ങൾക്കു കാത്തുകിടക്കാതെ ഇടത്തോട്ടു തിരിയാനുള്ള സംവിധാനം വേണം. ഈ ഭാഗത്ത് പല സ്ഥലത്തും വാഹനങ്ങളിൽ വഴിയോര കച്ചവടവും സ്ഥിരമാണ്. മുത്തൂർ ആൽത്തറയ്ക്കു മുൻപിൽ എംസി റോഡിലാണ് പെട്ടി ഓട്ടോകളുടെ പാർക്കിങ്. ഇതു മാറ്റുകയും റോഡ് വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കുകയും ചെയ്താൽ റോഡിന് കുറെക്കൂടി വീതി കിട്ടും.

മറ്റു റോഡുകൾ‌ വികസിപ്പിക്കണം

വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ മറ്റു റോഡുകൾ‌ വികസിപ്പിച്ച് ഉപയോഗപ്പെടുത്തണം. കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിന്റെ ഉന്നത നിലവാരത്തിലുള്ള നിർമാണത്തിന് പ്രാഥമിക നടപടി തുടങ്ങി. ഇടിഞ്ഞില്ലം പാലം പെ‍ാളിച്ചു. പുതിയ പാലത്തിനായി പണികൾ തുടങ്ങി. ഇതു പൂർത്തിയാകാൻ ഒരു വർഷത്തോളം വേണ്ടിവരും. പണിതീരും വരെ ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ആലപ്പുഴ– പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് കൂടിയാണിത്. മുത്തൂർ– മനയ്ക്കച്ചിറ– കുറ്റൂർ റിങ് റോഡിന്റെ നിർമാണവും വേഗം പൂർത്തികരിക്കണം.

ഗതാഗതക്കുരുക്ക് പതിവ്

എംസി റോഡിൽ നിന്നു മണർകാട് ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ പെരുന്തുരുത്തിയിൽ നിന്നു തിരിഞ്ഞ് തെങ്ങണ വഴിയാണ് പോകുന്നത്. ഈ ഭാഗത്ത് തിരുവല്ല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വലത്തോട്ടു തിരിയുമ്പോഴും ഗതാഗതക്കുരുക്ക് പതിവാണ്. അവിടെനിന്നു വരുന്ന വാഹനങ്ങളുടെ തിരക്കും കൂടിയാകുമ്പോൾ ഇരു റോഡുകളും പലപ്പോഴും തിരക്കിലാകും.

ഈ കുരുക്ക് മിക്കപ്പോഴും മുത്തൂർ വരെ നീളാറുണ്ട്. തെങ്ങണ റോഡിലേയ്ക്കു പുതിയൊരു റോഡ് നിർമിക്കാൻ നേരത്തേ സ്ഥലം കണ്ടെത്തുകയും പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു. ഇതുവരെ ഒരു പണിയും തുടങ്ങിയിട്ടില്ല. ഇത് നിർമ‍ിച്ചാൽ എംസി റോഡിലെ തിരക്ക് കുറയ്ക്കാൻ കഴിയും.

"മുത്തൂർ ജംക്‌ഷനിൽ തിരക്കുള്ള സമയത്ത് കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നുണ്ട്. 5 റോ‍ഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഒരു പോലെ വരുന്നതിനാൽ എപ്പോഴും തിരക്കാണ്. കാവുംഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ യു–ടേൺ എടുക്കുമ്പോഴാണ് കൂടുതൽ തടസ്സം ഉണ്ടാകുന്നത്.സിഗ്നൽ ലൈറ്റ് എംസി റോഡിൽ സ്ഥാപിക്കുന്നത് ഗുണകരമണോ എന്നും പഠനം നടത്തേണ്ടിയിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും തിരക്ക് കുറയ്ക്കാൻ ചില ഗതാഗത ക്രമീകരണങ്ങൾ അനിവാര്യമാണ്. ട്രാഫിക് നിയന്ത്രണത്തിനായി കൂടുതൽ പൊലീസുകാരെ വിട്ടുതരാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്."  -പി.ആർ. സന്തോഷ്. സിഐ, തിരുവല്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com