ADVERTISEMENT

മാരാമൺ ∙ സമൂഹത്തിന്റെ ആകമാന പരിവർത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നു മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സമൂഹവുമായുള്ള ബന്ധത്തിൽ ദൈവിക ലക്ഷ്യം നമ്മിൽ വെളിപ്പെടുന്നില്ലെങ്കിൽ മറ്റുള്ളവരോട് ഐക്യപ്പെടുന്നതിൽ നാം പരാജയപ്പെടും. വികലമായ സാംസ്കാരിക ഘടനയാണ് ഇന്ന് സമൂഹത്തിൽ കാണുന്നത്. ദൈവ ബോധമില്ലാത്ത പ്രവൃത്തികളുടെ ദോഷ ഫലങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു. ശതോത്തര രജത ജൂബിലി മാരാമൺ കൺവൻഷന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

pathanamthitta-oommen-chandy-JPG
മാരാമൺ കൺവൻഷൻ നഗറിൽ മലയാള മനോരമ മാർത്തോമ്മ സുവിശേഷ പ്രസംഗസംഘത്തിന്റെ സഹകരണത്തോടെ നടത്തിയ പത്ര– ചരിത്ര പ്രദർശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീക്ഷിക്കുന്നു. ആന്റോ ആന്റണി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ജോസഫ്. എം. പുതുശേരി തുടങ്ങിയവർ സമീപം

ദൈവ നിയോഗത്തിനു പ്രാധാന്യം നൽകിയില്ലെങ്കിൽ സഭകൾക്കും സമൂഹങ്ങൾക്കും പ്രലോഭനങ്ങളെ തിരിച്ചറിയാൻ കഴിയില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തു തരുന്ന ദൈവകൃപയിൽ ആശ്രയിച്ചു രൂപാന്തര ജീവിതം സാധ്യമാകാൻ ഈ കൺവൻഷൻ യോഗങ്ങൾ കാരണമാകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മനപരിവർത്തനം നമ്മെ രൂപാന്തരത്തിലേക്കു നയിക്കണം. സ്വയം താഴ്ത്തി, പ്രാർഥിച്ചു ദുർമാർഗങ്ങളെ വിട്ടു പിരിയുമെങ്കിൽ നമ്മുടെ പാപങ്ങളെ‍ ക്ഷമിച്ചു ദേശത്തിനു നന്മയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

pathanamthitta-collector
മാരാമൺ കൺവൻഷൻ നഗറിലെ പത്ര– ചരിത്ര പ്രദർശനം വീക്ഷിക്കുന്ന കലക്ടർ പി.ബി. നൂഹ്.

കൊറോണ വൈറസ് തടയാൻ പരിശ്രമിച്ച സംസ്ഥാന ആരോഗ്യ വകുപ്പിനെ മെത്രാപ്പൊലീത്ത അനുമോദിച്ചു. നമ്മുടെ നാട്ടിലെ വിഭാഗീയതയിൽ നിന്നു വിടുതൽ നേടണമെങ്കിൽ അപരനിൽ ദൈവ മുഖത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സ്തുതിപ്പിൻ സ്തുതിപ്പിൻ എന്ന ഗാനത്തോടെ 125–ാം മാരാമൺ കൺവൻഷനു സമാപനമായി. 8 ദിവസം നീണ്ടു നിന്ന ആത്മീയ യോഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. ബിഷപ് ഡിനോ ഗബ്രിയേൽ മുഖ്യസന്ദേശം നൽകി. രാവിലത്തെ യോഗത്തിൽ റവ. മോണോദീപ് ഡാനിയേൽ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com