ADVERTISEMENT

കോഴഞ്ചേരി∙ തലച്ചോറിന് ബാധിച്ച അപൂർവരോഗത്താൽ കൈകാലുകൾ തളർന്ന് ചികിത്സയിൽ കഴിയുന്ന കൂട്ടുകാരനെ സഹായിക്കാൻ നവീന ആശയവുമായി സഹപാഠികൾ. കാട്ടൂർ എൻഎസ്എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ലിജോ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തരമായി ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നു വേണം. എട്ടാം ക്ലാസിലെ കുട്ടികൾ ആ ദൗത്യം ഏറ്റെടുത്തു.

അവരുടെ മലയാളം പാഠാവലിയിലെ മാനവികതയുടെ തീർഥം എന്ന പാഠത്തിൽ നിന്ന് ആശയം ഉൾക്കൊണ്ട് ‘ചേക്കുട്ടി പാവകൾ’ നിർമിച്ചു വിപണനം നടത്തി ആ തുക കൂട്ടുകാരനെ സഹായിക്കാൻ ഉപയോഗിക്കുകയാണ്. മലയാളം അധ്യാപിക ചിത്ര ഇതിനായി മാർഗനിർദേശങ്ങൾ നൽകി. ചൈതന്യ രാജേഷ്, ബി. അഭിജിത്, എം.ഡി. ശ്രീഹരി, മിഥുൻ മനോജ് എന്നീ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയപ്പോൾ മറ്റുള്ളവരെല്ലാം ഒപ്പം നിന്നു.

നന്നേ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട ലിജോയെ അമ്മയുടെ സഹോദരി ആണ് എടുത്തു വളർത്തുന്നത്. ലിജോയ്ക്കായി ഹെഡ്മിസ്ട്രസ് ശ്രീലതയുടെ  നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുമുണ്ട്. 9447784849. സ്കൂൾ അധികൃതർ ലിജോമോന്റെ പേരിൽ എസ്ബിഐ വാഴക്കുന്നം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ 67371791081. ഐഎഫ്‌എസ്‌സി കോഡ്– എസ്ബിഐഎൻ 0070763.

ചേറൊട്ടിയ തുണിയിൽനിന്ന് ‘ചേക്കുട്ടി’പ്പാവ!

പ്രളയത്തിൽ നശിച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റിലെ തുണികൾ ഉപയോഗിച്ചു നിർമിക്കുന്ന പാവക്കുട്ടിയാണു 'ചേക്കുട്ടി'. ചേറിനെ അതിജീവിച്ച കുട്ടി എന്നർഥം. വെള്ളത്തിൽ മുങ്ങിയ കൈത്തറി യൂണിറ്റിലെ ചെളിപുരണ്ട തുണികൾ അണുവിമുക്തമാക്കിയാണു പാവകൾ നിർമിക്കുന്നത്.

കറയും പാടും നിറഞ്ഞു വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാൻ കൂട്ടിവച്ച തുണികളാണു പാവ നിർമാണത്തിനെടുക്കുന്നത്. ഉപയോഗശൂന്യമായ നൂലുകളും ഉപയോഗിക്കുന്നു. വാഹനങ്ങളിലും വീടുകളിലും തൂക്കിയിടാവുന്ന രീതിയിലാണു പാവ നിർമാണം. ഈ മാതൃകയിലാണ് കാട്ടൂര്‍ സ്കൂളിലും കുട്ടികൾ പാവ നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com