ADVERTISEMENT

റാന്നി ∙ രോഗം ബാധിച്ച് മരിച്ച പട്ടിക വർഗക്കാരന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി ആശുപത്രിയിൽ കിടന്നത് 4 മണിക്കൂറിലേറെ. ജനപ്രതിനിധികൾ അടക്കം ഇടപെട്ടതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അട്ടത്തോട് ആദിവാസി കോളനിയിൽ കാട്ടക്കുന്നേൽ ദിവാകരന്റെ (50) മൃതദേഹത്തോട് അനാദരം കാട്ടിയെന്നാണ് പരാതി.

വർഷങ്ങളായി രോഗബാധിതനാണ് ദിവാകരൻ. ചൊവ്വാഴ്ച രാത്രി 9 മണിയോടെ രോഗം മൂർച്ഛിച്ചു. 108 ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 10 മണിയോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.കോവിഡ് 19 പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

പോസ്റ്റുമോർട്ടം നടത്തുന്നതിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു അവരുടെ നിർദേശം.  റാന്നി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പൊലീസിന്റെ രേഖകൾ ലഭിക്കാത്തതിനാൽ കോഴ‍ഞ്ചേരിക്ക് മാറ്റാനും കഴിഞ്ഞില്ല.ദിവാകരന്റെ ഭാര്യ ഓമനയും മകനും നിസഹായരായി ആശുപത്രി വരാന്തയിൽ കാത്തിരുന്നു. 

ഇവരുടെ ബന്ധുക്കളിൽ ചിലർ അറിയിച്ചതിനെ തുടർന്ന് രാത്രി 12 മണിയോടെ പൊതുപ്രവർത്തകനായ പ്രസാദ് കുഴിക്കാല ആശുപത്രിയിൽ എത്തി. അദ്ദേഹം പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാജു ഏബ്രഹാം എംഎൽഎയുടെ പിഎ എ.കെ. സതീഷ് ഇടപെട്ട ശേഷമാണ് പുലർച്ചെ രണ്ടരയോടെ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചത്.

ഇന്നലെ രാവിലെ പമ്പാ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനിടെ രാജു ഏബ്രഹാം എംഎൽഎ ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടു. ദിവാകരൻ വർഷങ്ങളായി രോഗിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. സംസ്കാരം നടത്തി. മക്കൾ: രാജേഷ്, മഹേഷ്, മുകേഷ്. മരുമക്കൾ: രാജി, അഞ്ജു, അനു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com