ADVERTISEMENT

വീട്ടിൽ വ്യാജവാറ്റ്: യുവാവ് പിടിയിൽ 

പത്തനംതിട്ട ∙ വീട്ടിൽ മദ്യം വാറ്റാൻ ശ്രമിച്ച യുവാവ് പിടിയിൽ. റാന്നി പെരുനാട് വയറൻമരുതി കെ.മിനുകുമാറാണ് (40) എക്സൈസിന്റെ പരിശോധനയിൽ ഇന്നലെ പന്ത്രണ്ടരയോടെ പിടിയിലായത്. പത്തനംതിട്ട ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എൻ.കെ.മോഹൻകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ മാത്യു ജോർജിന്റെ നിർദേശപ്രകാരം രണ്ടു ദിവസമായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. പെരിനാട് മാർക്കറ്റിൽ തട്ടുകട നടത്തുകയാണ് മിനുകുമാർ.

ഇയാളുടെ വീടിന്റെ ഒന്നാം നിലയിൽ മദ്യം വാറ്റാനുള്ള തയാറെടുപ്പു നടത്തുന്നതിനിടെയാണ് എക്സൈസ് ഇന്റലിജൻസ് വിഭാഗവും സ്പെഷൽ സ്ക്വാഡും ചേർന്ന് ഇയാളെ പിടികൂടുന്നത്. 435 ലീറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ.രേണുനാഥ്, പ്രിവന്റീവ് ഓഫിസർമാരായ കെ.കെ.ഗോപകുമാർ, പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.സുഭാഷ്, വിമൽകുമാർ, വിനൂജദേവ്, വിശ്വനാഥൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വാറ്റുപകരണങ്ങളും കോടയും പിടിച്ചു

ഉതിമൂട് ∙ 50 ലീറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. തട്ടേക്കാട് കുന്നാലിൽ സതീഷ്കുമാറിന്റെ വീടിന്റെ അടുക്കളയ്ക്ക് പിന്നിൽ നിന്നാണ് ഇത് കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയ സതീഷ്കുമാറിന്റെ പേരിൽ കേസെടുത്തു.

ചാരായ നിർമാണം: 2 പേർ പിടിയിൽ

അടൂർ ∙ വ്യാജച്ചാരായ നിർമാണവുമായി ബന്ധപ്പെട്ട് അടൂരിൽ 2 പേർ അറസ്റ്റിൽ. മുണ്ടപ്പള്ളി അടൂശ്ശേരി മനോജ്(37), പെരിങ്ങനാട് തെക്കുംമുറി ശരത് ഭവനിൽ വൈശാക്(32) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. മനോജിന്റെ വീട്ടിലായിരുന്നു വ്യാജച്ചാരായ നിർമാണമെന്ന് പൊലീസ് പറഞ്ഞു. അര ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

കോട പിടികൂടി

മല്ലപ്പള്ളി ∙ ലോക്ഡൗണിന്റെ മറവിൽ വ്യാജമദ്യം നിർമിക്കുന്നതിന് തയാറാക്കിയ കോട കീഴ്‌വായ്പൂര് പൊലീസ് പിടിച്ചെടുത്തു. കുന്നന്താനം നടയ്ക്കൽ ജംക്‌ഷനടുത്ത് ചങ്ങനാശേരി സ്വദേശിയുടെ പണി തീരാത്ത വീടിനു സമീപത്തുള്ള റബർതോട്ടത്തിൽനിന്നാണ് കന്നാസിൽ നിറച്ചിരുന്ന 30 ലീറ്റർ കോട കണ്ടെത്തിയത്.

പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ബി.എസ്. ആദർശ്, സോമനാഥൻനായർ, എസ്‌സിപിഒമാരായ പി.എച്ച്. അൻസീം, കെ.എ. ഷാനവാസ്, മനോജ്കുമാർ, ഗോപീകൃഷ്ണൻ, സിപിഒ പ്രവീൺ എന്നിവർ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ആരാണ് കോട നിർമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com