ADVERTISEMENT

തിരുവല്ല ∙ നിന്നു തിരിയാൻ ഇടമില്ലാത്ത സ്വകാര്യ ബസ് സ്റ്റാൻഡ് രൂപവും ഭാവവും മാറാനൊരുങ്ങുന്നു. നിലവിൽ അന്തിച്ചന്ത പ്രവർത്തിക്കുന്ന സ്ഥലവും ബൈപാസ് മേൽപാലത്തിന് എടുത്തതിന്റെ ബാക്കി ഭാഗവും ചേർത്താണ് വിശാലമായ പുതിയ സ്റ്റാൻഡ് വരുന്നത്. ഈ വർഷത്തെ പദ്ധതിയിൽ നഗരസഭ 20 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക ശുചിമുറി നിർമിക്കുന്നതിന് 40  ലക്ഷം രൂപയുടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. 

ഒരേ സമയം 12  ബസുകൾ മാത്രം ഇടാവുന്ന സ്ഥലമേയുള്ളു സ്വകാര്യ ബസ് സ്റ്റാൻഡിന്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന വഴി തീരെ ഇടുങ്ങിയതുമാണ്. മഴ പെയ്താൽ നനയുന്ന കാത്തിരിപ്പുകേന്ദ്രം, അസൗകര്യങ്ങൾ നിറഞ്ഞ ശുചിമുറി, സുരക്ഷിതമല്ലാത്ത ബസ് പാർക്കിങ് ഇവയെല്ലാമാണിപ്പോൾ. അന്തിച്ചന്ത ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു നിന്നു കിഴക്കോട്ട് മാറ്റും. ഇതിനായി ഇവിടെ നഗരസഭ നാലു ലക്ഷം രൂപ ചെലവിൽ ഷെഡ് നിർമിച്ചിട്ടുണ്ട്. ബി വൺ ബി വൺ റോഡിനോടു ചേർന്നു നിർമിച്ചിട്ടുള്ള പൊതുശുചിമുറിയും ഇവിടെ നിന്നു മാറ്റും. സമീപത്തുള്ള ചെറുകടകളും കാത്തിരിപ്പു കേന്ദ്രവും കുറെക്കൂടി കിഴക്കോട്ട് മേൽപാലത്തിനു സമീപത്തായി മാറ്റും. ഇതോടെ നിലവിലുള്ളതിന്റെ ഇരട്ടിസ്ഥലം ബസ് പാർക്കിങ്ങിനു ലഭിക്കും. 

നിലവിൽ  സ്റ്റാൻഡിന്റെ വിസ്തൃതി കൂട്ടാനും അടിസ്ഥാന സൗകര്യം ഒരുക്കാനും മാത്രമാണ് നഗരസഭയ്ക്കു പദ്ധതിയുള്ളത്. പുതിയ കാത്തിരിപ്പുകേന്ദ്രം ഉൾപ്പെടുന്ന വാണിജ്യ സമുച്ചയം നിർമിക്കാനും  പദ്ധതിയുണ്ട്. എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള മറ്റു  മാർഗങ്ങളിലൂടെ ഇതു നടപ്പാക്കാനാണ് തീരുമാനം. ബൈപാസിന്റെ നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ ഇതുവഴി  തിരിച്ചുവിടുന്നതോടൊപ്പം നഗരത്തിലെ ഗതാഗത പരിഷ്കാരവും നടപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്കു വരുന്നതും  പോകുന്നതുമായ മാർഗം  പുനർനിർണയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com