ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധേയമായി ജില്ലയിലെ ഹോമിയോപ്പതി വിഭാഗം. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്യുവാനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും നിർദേശം ആദ്യമായി നടപ്പിലാക്കിയത് ജില്ലയിലാണ്.  ഒരു ജില്ലയിലെ 90 % ൽ അധികം പേർക്ക് ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തതും രാജ്യത്ത് ആദ്യമായി പത്തനംതിട്ടയിലാണ്. ആദ്യഘട്ട ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിലൂടെ 47 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമായി 11,53,775 പേർക്ക് ബൂസ്റ്റർ മരുന്ന് നൽകാനായി.

ജില്ലയിലെ 96 % ആളുകൾക്കും ഈ കാലയളവിൽ മരുന്ന് നൽകാൻ സാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഡി.ബിജുകുമാർ പറഞ്ഞു.. ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ ക്യാംപുകളുടെ ചുമതല ഹോമിയോ മെഡിക്കൽ ഓഫിസർമാർക്ക് ആയിരുന്നു. ഇവരുടെ ക്യാംപുകളും വാസസ്ഥലങ്ങളിലും സന്ദർശിച്ച് ആരോഗ്യ പരിചരണവും സുരക്ഷയും ഉറപ്പാക്കാനായി. സ്വദേശത്തു മടങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങൾക്കുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നുകളും നൽകിയാണ് അയച്ചത്. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിതരണം.

പന്തളം മുനിസിപ്പാലിറ്റിയിലെ കണ്ടെയ്ൻമെന്റ് സോണിൽ മരുന്നു വിതരണത്തിന് ശേഷം പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെയുള്ള സോണുകളിൽ വ്യാപനം തടയുന്നതിൽ പങ്കു വഹിക്കാനായെന്നും ഡോ. ബിജു പറഞ്ഞു. ജില്ലയിലെ എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും പഞ്ചായത്തുകളുടെ ആവശ്യപ്രകാരം മരുന്നിന്റെ രണ്ടാം ഘട്ട ബൂസ്റ്റർ ഡോസും നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനകം. 1,40,892 പേർക്ക് രണ്ടാം ഘട്ട ബൂസ്റ്റർ മരുന്ന് നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് അല്ലാത്ത നിരീക്ഷണത്തിലുള്ളവർക്ക് ഇമ്യൂണിറ്റി മരുന്ന് ഇപ്പോൾ നൽകുന്നില്ല.  നിരീക്ഷണത്തിലുള്ളവർക്കു കൂടി ഇമ്യൂണിറ്റി മരുന്ന് നൽകാൻ അനുമതി ലഭിച്ചാൽ രോഗ വ്യാപനം കുറെക്കൂടി തടയാനാകുമെന്നാണു പ്രതീക്ഷ,

ഫലസിദ്ധി പഠനം നടന്നു

ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നിന്റെ ഫലസിദ്ധിയെക്കുറിച്ചുള്ള പ്രത്യേക പഠനവും പത്തനംതിട്ടയിൽ നടന്നു. തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കൽ കോളജ്, കോട്ടയത്തെ സെന്റർ മെന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, റിസർച് ഇൻ ഹോമിയോപ്പതി, സഹ്യ എന്നിവയുടെ നേതൃത്വത്തിൽ 23 പഞ്ചായത്തുകളിലെ 1159 പേരിലാണ് രക്തസാംപിൾ ശേഖരിച്ചു പഠനം നടത്തിയത്. ആഴ്സനിക് ആൽബ്‌ –30 എന്ന ഇമ്യൂണിറ്റി ബൂസ്റ്റർ സ്വാഭാവിക രോഗ പ്രതിരോധ ശേഷി കൂട്ടുന്നതായി കണ്ടെത്തി.  ഇമ്യൂണോളജിക്കൽ മാർക്കറുകൾ ആയ CD4, CD8, അബ്സല്യൂട്ട് ലിംഫോസൈറ്റ് എന്നിവയിൽ ഗണ്യമായ വർധനയും ഇതുവഴി നേടാനായി. കൂടുതൽ സാംപിളുകളിൽ ഐസിഎംആറിന്റെ അനുമതിയോടെ തുടർപഠനം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com