ADVERTISEMENT

ഇട്ടിയപ്പാറ ∙ ഗ്യാസ് സ്റ്റൗ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന രേഖകൾ വരെ. അവയ്ക്കു കാവലാളായി ബാങ്ക് പ്രസിഡന്റും ജീവനക്കാരും. പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിനു മുകളിൽ അലുമിനിയം ഷീറ്റുകൾ പാകിയ മേൽക്കൂരയിലെ കാഴ്ചയാണിത്. ഇട്ടിയപ്പാറ ടൗണിൽ വെള്ളം കയറിയ വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്കിലും നീതി മെഡിക്കൽ സ്റ്റോറിലും വെള്ളം കയറുമെന്ന ആശങ്ക ഉയർന്നത്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ വെള്ളം കയറിയ ബാങ്കാണിത്.

അന്നു ബാങ്ക് പ്രസിഡന്റായിരുന്ന ഏബ്രഹാം മാമ്മനും ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്നാണ് സ്വർണം അടക്കമുള്ള പണയ ഉരുപ്പടികളും രേഖകളും പണവും നീക്കിയത്. അന്ന് വൈകും വരെ ഇവയ്ക്കു കാവൽ ഇരിക്കുകയായിരുന്നു പ്രസിഡന്റും ജീവനക്കാരും. ദേശീയ ദുരന്ത നിവാരണ സേനയുടെ യമഹ എൻജിൻ ഘടിപ്പിച്ച റബർ ഡിങ്കിയിലാണ് പിന്നീട് വിലപിടിപ്പുള്ള സാധനങ്ങൾ കരയ്ക്കെത്തിച്ച് ബാങ്കിന്റെ മോതിരവയൽ ശാഖയുടെ ലോക്കറിലാക്കിയത്.

ഇത്തവണ അതേ ദുരവസ്ഥ നേരിടാതിരിക്കാൻ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസും ജീവനക്കാരും ചേർന്ന് വെള്ളയാഴ്ച പകൽ തന്നെ വിലപിടിപ്പുള്ളതെല്ലാം മോതിരവയൽ ശാഖയിലെ ലോക്കറിലാക്കി. ശേഷിക്കുന്ന രേഖകൾ, ലാപ്ടോപ്പുകൾ, ഇൻവെർട്ടറുകൾ, ബാറ്ററികൾ തുടങ്ങിയവയാണ് മേൽക്കൂരയിൽ സൂക്ഷിച്ചിരിക്കുന്നത്. അവയ്ക്കു കാവലായി ജേക്കബ് ലൂക്കോസും ജീവനക്കാരും ഉണ്ട്. ഗ്യാസ് സ്റ്റൗവിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചാണ് അവർ കഴിയുന്നത്. അത്യാവശ്യ സാധനങ്ങൾ ബാങ്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനാണ് നീക്കമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com