ADVERTISEMENT

പത്തനംതിട്ട ∙ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻകുമാറിന്റെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ മുഖ്യപരാമർശമെന്ന് അറിയുന്നു. വനം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടിയുണ്ടാകും. നിലവിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. 

കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം. വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചില്ല. ൈവദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. അതേസമയം, ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. 

ഇതിനിടെ, കസ്റ്റഡി മരണക്കേസിൽ പ്രതികൾക്കെതിരെ ചേർക്കേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.പ്രദീപ്കുമാർ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. കസ്റ്റഡി മരണത്തിൽ കുറ്റാരോപിതർ അല്ലാതെ മറ്റു ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ഐപിസി 302, 304 വകുപ്പുകളിൽ ഏതു വേണമെന്ന നിയമോപദേശമാണ് തേടിയത്. 302 പ്രകാരം കൊലപാതക കേസ് എടുത്താൽ ഡോക്ട്രിൻ ഓഫ് ലാസ്റ്റ് സീൻ തിയറി പ്രകാരം സത്യം തെളിയിക്കേണ്ട ബാധ്യത പ്രതികളുടെ മേൽ വരും.

മത്തായി മരിക്കുന്നതിനു മുൻപ് വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണെന്നു മാത്രം പ്രോസിക്യൂഷൻ തെളിയിച്ചാൽ‍ മതിയെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. എങ്ങനെ മരിച്ചെന്ന് തെളിയിക്കേണ്ടത് പ്രതിഭാഗമാണ്. അതിനു സാധിച്ചില്ലെങ്കിൽ 302–ാം വകുപ്പു പ്രകാരം പ്രതികൾക്കു മേൽ കൊലക്കുറ്റം സ്ഥാപിക്കാം. എന്നാൽ മരണത്തിന് ഉത്തരവാദികൾ വനം ഉദ്യോഗസ്ഥരാണെന്ന തരത്തിൽ റിപ്പോർട്ട് നൽകിയാൽ എങ്ങനെ മരിച്ചെന്നു പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കേണ്ടി വരും.

ഇത് ദൃക്‌സാക്ഷികളും എഴുതി തയാറാക്കിയ മൊഴികളും ഇല്ലാത്ത കേസിൽ പ്രോസിക്യൂഷന്റെ വാദം ദുർബലമാകാൻ ഇടയാക്കും. മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിൽ എടുത്തതെന്ന് പൊലീസ് അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതിയ മഹസറും ഉണ്ട്. കണ്ടെത്തലുകൾ എഴുതി തയാറാക്കി നിയമോപദേശത്തിനു സമർപ്പിച്ചെങ്കിലും കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇന്നു വീണ്ടും നിയമോപദേശം തേടി കേസ് ഡയറി നൽകും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com