ADVERTISEMENT

ശബരിമല ∙ അനുഗ്രഹ വർഷത്തിന് അയ്യപ്പ സ്വാമിയോടുള്ള തീരാത്ത കടപ്പാടുമായാണ് വിജയകുമാർ നാരായണൻ ഇരുമുടിക്കെട്ടുമായി അർധരാത്രി മലചവിട്ടിയത്. ഒറ്റയ്ക്കായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. 7 മാസത്തിനു ശേഷം തീർഥാടകരെ അനുവദിച്ചപ്പോൾ ആദ്യം പടികയറി ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചതും വിജയകുമാറിനാണ്. തനിക്ക് ഐപിഎസ് ലഭിച്ചാൽ പൊലീസ് യൂണിഫോമിട്ട് സന്നിധാനത്തെത്തി ദർശനം നടത്താമെന്ന് വിജയകുമാർ നാരായണന്റെ വഴിപാടായിരുന്നു. 2017 മുതൽ ഐപിഎസ് ശുപാർശ ചെയ്ത പട്ടികയിലുണ്ട്.

ഗ്രേഡ് കിട്ടിയെങ്കിലും ഐപിഎസ് ലഭിച്ചില്ല. 2018 ജൂലൈ 31ന് സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഓഗസ്റ്റ് 30ന് ഐപിഎസ് ലഭിച്ചു. എറണാകുളത്ത് എസ്എസ്ബി എസ്പിയായി കഴിഞ്ഞ 9ന് ചുമതലയേറ്റു. അന്നു മുതൽ വഴിപാട് പൂർത്തിയാക്കാൻ അയ്യപ്പ സന്നിധിയിൽ എത്താനുള്ള ആഗ്രഹത്തിലായിരുന്നു. തുലാമാസ പൂജയ്ക്ക് ഭക്തർക്ക് പ്രവേശനം നൽകുന്നത് അറിഞ്ഞ് വെർച്വൽ ക്യുവിൽ ബുക്ക് ചെയ്തു. പമ്പയിൽ എത്തിയപ്പോൾ വെള്ളിയാഴ്ച രാത്രി 11.30 കഴിഞ്ഞു.

ഗണപതിക്കോവിലിൽ കെട്ടുനിറച്ച് കഴിഞ്ഞപ്പോൾ ഒരുമണിയായി. പുലർച്ചെ നട തുറക്കുമ്പോൾ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന് ആഗ്രഹം മനസ്സിലിട്ട് ശരണംവിളിച്ച് മലകയറി. വഴിയിൽ കോട മഞ്ഞും ചാറ്റൽ മഴയുമുണ്ടായിരുന്നെങ്കിലും പുലർച്ചെ 4 മണിയോടെ സന്നിധാനത്തെത്തി. കുളിച്ചു വസ്ത്രം മാറി ഐപിഎസ് യൂണിഫോമിൽ 4.30ന് പതിനെട്ടാംപടിക്കു മുന്നിലെത്തി കാത്തുനിന്നു. 5.45 കഴിഞ്ഞാണ് കടത്തിവിട്ടത്. പതിനെട്ടാംപടി കയറി തിരുനടയിൽ അയ്യപ്പ സ്വാമിയെ കണ്ടു തൊഴുതു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com