ADVERTISEMENT

മാരാമൺ ∙ ജോസഫ് മാർത്തോമ്മയ്ക്ക് ആ പേരു ലഭിക്കുന്നതിനു പിന്നിലും ഹൃദയസ്പർശിയായ ഒരു ജീവിതാനുഭവമുണ്ട്. സഭയുടെ അന്നത്തെ പരമാധ്യക്ഷനായ തീത്തൂസ് ദ്വിതീയൻ മെത്രാപ്പൊലീത്തയാണ് ജോസഫ് മാർത്തോമ്മായെ മാരാമൺ ഇടവകയിൽ ജ്ഞാനസ്നാനം ചെയ്യിച്ചത്. കുട്ടിക്കു പേരിടേണ്ട സമയമായപ്പോൾ തലത്തൊട്ടപ്പനും ജ്ഞാനപിതാവുമായ സന്യാസിപട്ടക്കാരൻ പാലക്കുന്നത്ത് റവ. പി. എം മത്തായിയോട് തീത്തൂസ് ദ്വിതീയൻ ആ പേരു നിർദേശിച്ചു: ജോസഫ്. അതിനു പിന്നിലെ കഥ ഇതാണ്.

കുട്ടിയുടെ പിതാവിന്റെ സഹോദരനായ ജോസഫ് തിരുവനന്തപുരത്ത് നിയമവിദ്യാർഥിയായി എൽഎംഎസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് ഇന്നത്തെ കൊറോണ പോലെ നാടെങ്ങും ടൈഫോയ്ഡ് മഹാമാരിയായി പടർന്നു പിടിച്ചു. ഉറ്റ സ്നേഹിതന് ഇതിനിടെ രോഗം പിടിപെട്ടു. മറ്റെല്ലാവരും ഹോസ്റ്റൽ വിട്ടെങ്കിലും അദ്ദേഹം അവിടെ താമസിച്ച് കൂട്ടുകാരനെ ശുശ്രൂഷിച്ചു. അയാൾക്കു സൗഖ്യം ലഭിച്ചുവെങ്കിലും കുട്ടിയുടെ പിതൃസഹോദരൻ സന്നിപാതജ്വരം ബാധിച്ചാണ് മരിക്കുന്നത്. സുഹൃത്തിനെ ശുശ്രൂഷിച്ച് ജീവിതം ബലിയായി നൽകിയ പിതൃസഹോദരന്റെ പേരാണ് ജോസഫ് മാർത്തോമ്മായ്ക്കു ലഭിക്കുന്നത്.

മാതൃവഴിയിലും 4 മെത്രാപ്പൊലീത്ത ബന്ധം

ഡോ. ജോസഫ് മാർത്തോമ്മാ ഉൾപ്പെടെ 5 മെത്രാപ്പൊലീത്തമാരാണു മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ നിന്നുള്ളത്. എന്നാൽ വിവിധ മാതൃവഴികളിൽ 2 മെത്രാപ്പൊലീത്തമാരും മറ്റു 2 ബിഷപ്പുമാരും ജോസഫ് മാർത്തോമ്മായുടെ പാലക്കുന്നത്തു കുടുംബത്തിലെ ബന്ധുക്കളാണ്. ആ ചരിത്രം ഇങ്ങനെ: ഏബ്രഹാം മൽപ്പാന്റെ മകൾ സാറാമ്മയെ ഇരവിപേരൂർ ശങ്കരമംഗലത്ത് വിവാഹം ചെയ്തിട്ടുണ്ട്. സാറാമ്മയുടെ മകളുടെ മകനാണ് ഡോ. ഏബ്രഹാം മാർത്തോമ്മായുടെ മാതാവ് മറിയാമ്മ. മാത്യൂസ് മാർ അത്താനാസിയോസിന്റെ സഹോദരി മറിയാമ്മയെ അയിരൂർ ചെറുകര ഗീവർഗീസ് കത്തനാർ വിവാഹം ചെയ്തു. ഇവരുടെ മകനാണ് ഫിലിപ്പോസ് മൽപ്പാൻ.

ഫിലിപ്പോസ് മൽപ്പാന്റെ മകനാണ് സി.പി. മാത്യു മുൻസിഫ്. മുൻസിഫിന്റെ മകനാണ് ഡോ. യൂഹാനോൻ മാർത്തോമ്മാ. (മുൻസിഫിന്റെ സഹോദരനാണ് അയിരൂരച്ചൻ എന്നറിയപ്പെടുന്ന സി.പി ഫിലിപ്പോസ് കശീശ) സഭയിലെ മറ്റൊരു ബിഷപ്പായിരുന്ന അയിരൂർ കുരുടാമണ്ണിൽ കാന്തപ്പള്ളിൽ കുടുംബാംഗം ഡോ. മാത്യൂസ് മാർ അത്താനാസിയോസിന്റെ മാതാവ് ഏലിയാമ്മ തീത്തൂസ് രണ്ടാമൻ മെത്രാപ്പൊലീത്തയുടെ സഹോദരിയാണ്. തോമസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുമായും ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് ബന്ധം അവകാശപ്പെടാം. അത് ഇങ്ങനെയാണ്: തീത്തൂസ് ദ്വിതീയന്റെ സഹോദരൻ മത്തായി പാലക്കുന്നത്ത് തറവാട്ടിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകൻ തോമസ് വിവാഹം ചെയ്തത് കോട്ടയം പനംപുന്നയിൽ കുടുംബാംഗമായ തോമസ് മാർ അത്താനാസിയോസിന്റെ സഹോദരി ഏലുമ്മയെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com