ADVERTISEMENT

തിരുവല്ല∙ മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ദീപ്ത സ്മരണയിൽ വിശ്വാസ സമൂഹം വിടചൊല്ലി. ഞായർ രാവിലെ 7 മുതൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ പെ‍ാതുദർശനത്തിനുവച്ച ഭൗതിക ശരീരം ദർശിക്കാൻ ആയിരങ്ങൾ എത്തിയിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി വിവിധ ശുശ്രൂഷകൾ സഭയിലെ എപ്പിസ്കോപ്പമാരുടെ നേതൃത്വത്തിൽ നടന്നു. അവസാനഘട്ട ശുശ്രൂഷ 3 മണിയോടെ തുടങ്ങി. പരിശുദ്ധ മദ്ബഹയോടും ദേവാലയത്തോടും വിശ്വാസികളോടും വിടചെ‍ാല്ലിയപ്പോൾ തിങ്ങി നിറഞ്ഞ ജനം പരിശുദ്ധ പിതാവേ സമാധാനത്തോടു വസിക്കുക... എന്നു ഏറ്റുചൊല്ലി.

ഡോ. യുയാക്കിം മാർ കൂറിലോസ് നടത്തിയ അനുസ്മരണ പ്രസംഗം വിതുമ്പലോടെയാണ് വിശ്വാസികൾ കേട്ടത്. സഭ സെക്രട്ടറി റവ.കെ.ജി ജോസഫ് സഭയ്ക്ക് വേണ്ടി അനുസ്മരണ പ്രസംഗം നടത്തി. അവസാനഘട്ട ശുശ്രൂഷകൾ പൂർത്തിയാക്കി 4.30ന് ഭൗതിക ശരീരം നഗരികാണിക്കലിനായി പുറത്തേക്കെടുത്തപ്പോൾ നിറകണ്ണുകളോടെ വൈദികരും വിശ്വാസികളും ഉൾപ്പെടെയുള്ള സമൂഹം വലിയ ഇടയന് യാത്രാമെ‍ാഴിചെ‍ാല്ലി. മെത്രാപ്പൊലീത്തയുടെ സഹോദരങ്ങളായ തോമസ് പി.ലൂക്കോസ്, മോളി ജേക്കബ്, സരോ രാജൻ എന്നിവരും ഭൗതിക ശരീരത്തെ അനുഗമിച്ചു.

പരമ്പരാഗത രീതിയിലായിരുന്നു വിലാപയാത്ര. കോവിഡ് മാനദണ്ഡപ്രകാരം പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചിരുന്നു. മുന്നിൽ മരക്കുരിശ്, പിന്നിൽ സഭയിലെ വിവിധ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിങ്ങനെയായിരുന്നു ക്രമം. നടപ്പന്തലിനു കീഴിൽ പ്രത്യേക ഇരിപ്പിടത്തിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം വൈദികർ കൈകളിൽ വഹിച്ചു. മാർത്തോമ്മാ സഭയിലെയും ഇതര സഭകളിലെയും ബിഷപ്പുമാർ അനുഗമിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ അവസാന സല്യൂട്ട് നൽകിയ ശേഷമാണ് കബറിലെ ശുശ്രൂഷകൾ തുടങ്ങിയത്. അഞ്ചരയോടെ സംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. പൊലീസ് നടപടികൾക്ക് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com