ADVERTISEMENT

പത്തനംതിട്ട ∙ പെട്രോൾ പമ്പിലെ സംഭരണിയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടുത്തം. ടാങ്കർ ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒഴിവായത് വൻദുരന്തം. പുതിയ ബസ്‌സ്റ്റാൻഡിനു സമീപമുള്ള പമ്പിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ആലുവയിൽനിന്ന് ടാങ്കറിൽ എത്തിച്ച പെട്രോൾ, സംഭരണിയിലേക്ക് നിറയ്ക്കുന്നതിനിടെ സമീപ കെട്ടിടത്തിലെ ഒന്നാം നിലയിലെ ഭിത്തിയോടു ചേർന്നുള്ള എയർ പൈപ്പിനു തീപിടിക്കുകയായിരുന്നു.

  എയർ പമ്പ് വാൽവിലേക്കു പ‌ടർന്ന തീ സമീപത്തെ പ്ലാസ്റ്റിക് കത്തിച്ച നിലയിൽ.    ചിത്രം: മനോരമ
എയർ പമ്പ് വാൽവിലേക്കു പ‌ടർന്ന തീ സമീപത്തെ പ്ലാസ്റ്റിക് കത്തിച്ച നിലയിൽ. ചിത്രം: മനോരമ

ഇവിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചുകെട്ടിയിരുന്നതിലേക്കു തീ പടർന്നു. ടാങ്കർ ലോറി ഡ്രൈവർ എറണാകുളം സ്വദേശി ആൽവിൻ ഉടൻ ടാങ്കറിൽനിന്ന് ബന്ധിപ്പിച്ചിരുന്ന ഹോസ് ഊരി മാറ്റി ലോറി ഓടിച്ചു മാറ്റുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സിവിൽ ഡിഫൻസ് വൊളന്റിയർ ഷൈജുമോനാണ് സംഭരണിയിലേക്ക് ഇട്ടിരുന്ന ഹോസ് മാറ്റി സംഭരണി അടച്ചത്. 

2 അറകളിലായി 4000 ലീറ്റർ വീതം നിറച്ചു വന്ന ടാങ്കറിലെ ഒരു അറയിലെ കുറച്ച് ഇന്ധനം മാത്രമാണ് അതിനിടെ സംഭരണിയിലേക്ക് മാറ്റിയിരുന്നത്. തീ ആളിപ്പടർന്നതോടെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ പുറത്തേക്ക് ഓടി. അഗ്നി രക്ഷാസേനയുടെ 3 വാഹനങ്ങൾ സ്ഥലത്തെത്തി തീ പടരുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചു.

   ഈ എയർ പമ്പ് വാൽവിലേക്കാണ് തീ പടർന്നത്.
ഈ എയർ പമ്പ് വാൽവിലേക്കാണ് തീ പടർന്നത്.

സംഭരണിയിൽ ഇന്ധനം നിറയ്ക്കുമ്പോൾ അതിനുള്ളിലെ വായു പുറത്തേക്കു പോകാൻ നിർമിച്ച ലോഹനിർമിത പൈപ്പിലേക്കാണ് തീ പിടിച്ചത്. ഒന്നാം നിലയിലാണ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവർ ഭക്ഷണം പാകം ചെയ്യുന്നത് ഇവിടെയാണ്. എയർപൈപ്പിൽ കൂടി പുറന്തള്ളപ്പെട്ട ബാഷ്പീകൃത ഇന്ധനത്തിലേക്ക് ഇവിടെ നിന്നുള്ള തീ പടർന്നതാണെന്നു സംശയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com