ADVERTISEMENT

തിരുവല്ല ∙ തിരുവല്ലയുടെ മനസ്സ് വീണ്ടും സോഷ്യലിസ്റ്റുകാരനോടൊപ്പം ഉറച്ചുനിന്നപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസിന് അഞ്ചാം വിജയം.  ഭൂരിപക്ഷം 11421 വോട്ട്. മണ്ഡലത്തിലെ 2,12,288 വോട്ടർമാരിൽ 1,34,4696 പേരാണ് വോട്ടു ചെയ്തത്. മാത്യു ടി.തോമസിനു 2142 തപാൽ വോട്ട്് ഉൾപ്പെടെ 62,178 വോട്ടും യുഡിഎഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിനു 50,757 (2092 തപാൽ) വോട്ടും എൻഡിഎ സ്ഥാനാർഥി അശോകൻ കുളനടയ്ക്ക് 22,674 (തപാൽ 720) വോട്ടുമാണ് ലഭിച്ചത്. 

മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിനു ഭൂരിപക്ഷം നേടാനായത്. നഗരസഭയിലും കുന്നന്താനം, പുറമറ്റം, കവിയൂർ, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കൈ നേടാൻ മാത്യു ടി. തോമസിനു കഴിഞ്ഞു. ഇതുവരെ മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ മാത്യു ടി.ക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ഈ തിരഞ്ഞെടുപ്പിലാണ്. 2016ൽ 8,262 വോട്ടിന്റെയും 2011ൽ 10,767 വോട്ടിന്റെയും ഭൂരിപക്ഷമാണ് കിട്ടിയത്. 

മറ്റുള്ളവർ

സ്വതന്ത്രരും നോട്ടയും ചേർന്ന് 3811 വോട്ടാണ് ഇത്തവണ കരസ്ഥമാക്കിയത്. രാജേന്ദ്രദാസ് 1049 ,വിനോദ് കുമാർ 377, അഡ്വ. തോമസ് മാത്യു 1423, കെ.പി.യേശുദാസ് 180, സുരേന്ദ്രൻ കോട്ടൂരത്തിൽ‌ 212 എന്നിങ്ങനെയാണ് വോട്ടു നില. നോട്ടയ്ക്ക് 570 വോട്ടും കിട്ടി.

തപാൽ വോട്ട്

കോവിഡ് ബാധിച്ചവരും 80 വയസ്സ് കഴിഞ്ഞവരും ഉൾപ്പെടെ 5379 തപാൽ വോട്ട് ലഭിച്ചതിൽ  സാധുവായ 5078 വോട്ടിൽ മാത്യു ടി.തോമസിനു 2142, കുഞ്ഞുകോശി പോളിന് 2082, അശോകൻ കുളനടയ്ക്ക് 720 വോട്ടു വീതം ലഭിച്ചു. 5 സ്വതന്ത്രർക്ക് 86 വോട്ടു കിട്ടി. നോട്ടയ്ക്കു 38 തപാൽ വോട്ട് കിട്ടി.

ആഹ്ലാദം, ആരവങ്ങളില്ലാതെ

അഞ്ചാം തവണ വിജയിച്ചിട്ടും തിരുവല്ലയിലെ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന്റെ കിഴക്കൻമുത്തൂരിലെ തുമ്പുംപാട്ട് വീട്ടിൽ ആരവങ്ങൾ ഇല്ലായിരുന്നു. ഫലപ്രഖ്യാപനം ഔദ്യോഗികമായി വന്നശേഷം  വൈകിട്ട് അഞ്ചരയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്.  ഭാര്യ ഡോ. അച്ചാമ്മ അലക്സും മകൾ അച്ചുവും കൊച്ചുമകൾ അന്നക്കുട്ടിയും കാത്തുനിൽപ്പുണ്ടായിരുന്നു.

ജനതാദൾ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമലയും സംസ്ഥാന സമിതി അംഗം അലക്സ് മണപ്പുറത്തും മാത്യു ടി.ക്ക് ഒപ്പമുണ്ടായിരുന്നു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കൂടത്തിൽ അധികം താമസിയാതെ മധുരവുമായി എത്തി കുടുംബാംഗങ്ങൾക്കും അയൽവാസികൾക്കും വിതരണം ചെയ്തു. മാത്യു ടിയുടെ ഇളയ മകൾ അമ്മു തങ്കം മാത്യു ജാർഖണ്ഡിൽ ഗോത്ര മേഖലയിലെ സാമൂഹിക പ്രവർത്തകയാണ്. അടുത്തകാലം വരെ മാത്യു ടി. തോമസിന്  ഒപ്പം താമസിച്ചിരുന്ന പിതാവ് റവ. ടി. തോമസ് കോവിഡ് കാലമായിതിനാൽ മല്ലശേരിയിലെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com