ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിലെ ആദ്യത്തെ വനിതാ മന്ത്രി എന്ന ബഹുമതി ഇനി വീണാ ജോർജിനു സ്വന്തം. ഒപ്പം മണ്ഡലം പുനഃസംഘടനയ്ക്കു ശേഷം ആറന്മുളയിൽ നിന്ന് മന്ത്രിയാകുന്ന ആദ്യ ജനപ്രതിനിധിയും വീണാ ജോർജാണ്. അടൂർ പ്രകാശ്, മാത്യു ടി.തോമസ്, പരേതരായ എം.കെ.ഹേമചന്ദ്രൻ, ആർ. രാമചന്ദ്രൻ നായർ, ടി.എസ്.ജോൺ, പ്രഫ കെ.എ.മാത്യു എന്നിവരാണ് ജില്ലയിൽ നിന്ന് ഇതിനു മുൻപ്  മന്ത്രിമാരായിട്ടുള്ളവർ.

പഴയ പത്തനംതിട്ട, ആറന്മുള മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേർത്താണ്  ഇപ്പോഴത്തെ മണ്ഡലം. പഴയ പത്തനംതിട്ട മണ്ഡലത്തിലെ ജനപ്രതിനിധികൾ ആരും മന്ത്രിയായിട്ടില്ല. കെ.കരുണാകരന്റെ മന്ത്രിസഭയിലേക്ക് കെ.കെ.നായർക്ക് ക്ഷണം ലഭിച്ചു. പക്ഷേ അദ്ദേഹം മന്ത്രി സ്ഥാനത്തിനു പകരം തനിക്ക് പത്തനംതിട്ട ജില്ല മതിയെന്നാണ് ആവശ്യപ്പെട്ടത്.

തങ്ങളുടെ എംഎൽഎ മന്ത്രിയാകുന്നതിന്റെ സന്തോഷത്തിലാണ് മണ്ഡലത്തിലെ ജനങ്ങൾ. കോഴ‍ഞ്ചേരി താലൂക്ക് വിഭജിച്ച് പത്തനംതിട്ട, കോഴഞ്ചേരി എന്നീ രണ്ട് താലൂക്കുകൾ രൂപീകരിക്കണം എന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതാണ്. 

ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അബാൻ ജംക്‌ഷനിൽ മേൽപാലം, ജില്ലാ സ്റ്റേഡിയം വികസനം  എന്നിവ പ്രധാന അജൻഡയാണ്. മേൽപാലത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ടെൻഡർ നടപടികളിലേക്ക് കടന്നു. കിഫ്ബി പദ്ധതിയിൽ  ഉൾപ്പെടുത്തി ജില്ലാ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ കരാറിൽ ഒപ്പിട്ടു.

"മന്ത്രി സ്ഥാനം ജില്ലയ്ക്കുള്ള അംഗീകാരമാണ്.  ജില്ലയിലെ എൽഡിഎഫ്  പ്രസ്ഥാനത്തിനും പാർട്ടിക്കും ലഭിച്ച കരുതലാണിത്. വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആറന്മുളയിലെ വോട്ടർമാർക്ക് നന്ദി പറയുന്നു. അവർ നൽകിയ സ്നേഹവും കരുതലും നാടിന്റെ  സമഗ്രപുരോഗതിക്കായി പ്രയോജനപ്പെടുത്തും." -വീണാ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com