ADVERTISEMENT

പത്തനംതിട്ട ∙ പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ജില്ലയിലെ ആരോഗ്യ മേഖല. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രി ഇപ്പോൾ കോവിഡ് ചികിത്സയ്ക്കുള്ള റഫറൽ ആശുപത്രിയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയും ഇപ്പോൾ പൂർണമായും കോവിഡ് ആശുപത്രിയായി. കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങാനിരിക്കുകയാണ്.

കോന്നി മെഡിക്കൽ കോളജ്

∙ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളാണ് പ്രധാനം. ഒന്നാം ഘട്ടത്തിൽ 300 കിടക്കകളുള്ള ആശുപത്രി വിഭാവനം ചെയ്തെങ്കിലും ഇപ്പോൾ ഒപി മാത്രമാണ് പ്രവർത്തിക്കുന്നത്.

∙ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ, ഐസിയു തുടങ്ങിയവ ആയിട്ടില്ല.

∙ അക്കാദമിക് ബ്ലോക്കിന്റെ പണികൾ പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല.

∙ കിടത്തിച്ചികിത്സ ആരംഭിച്ച് ഒരു വർഷത്തിനു ശേഷമേ കോളജ് പഠനത്തിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന് അപേക്ഷ നൽകാൻ കഴിയൂ. അതിനാൽ ഉടൻ ഇടപെടലുണ്ടാവണം.

കോഴഞ്ചേരി ജില്ലാ ആശുപത്രി

∙അടിസ്ഥാന സൗകര്യ വികസനമാണ് അത്യാവശ്യം. ഇതിനായി 30 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി. ഇത് നടപ്പാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

∙എ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ല.

∙ അത്യാഹിത വിഭാഗത്തിൽ 4 മെഡിക്കൽ ഓഫിസർ തസ്തിക കൂടി ഉണ്ടാകണം. താലൂക്ക് ആശുപത്രികളിലേക്കാൾ തസ്തിക കുറവാണ്.

∙ ജില്ലാ ആശുപത്രിയിൽ എല്ലാ സ്പെഷ്യൽറ്റി വിഭാഗങ്ങളും ഉണ്ടെങ്കിലും ഓരോ ഡോക്ടർമാരുടെ തസ്തിക മാത്രമേയുള്ളു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തിക കൂടി വേണം. ഗ്രേഡ് ഒന്ന് നഴ്സിങ് സൂപ്രണ്ട് ഒഴിവ് നികത്തിയിട്ടില്ല.

പത്തനംതിട്ട ജനറൽ ആശുപത്രി

∙ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്താവുന്നതാണ്. ഇപ്പോഴുള്ള കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾക്കു പുറമേ നെഫ്രോളജി, യൂറോളജി, ഗ്യാസ്ട്രോ എൻറോളജി എന്നിവ ആരംഭിക്കണം.

∙ നബാർഡ് സഹായത്തോടെ 10 കോടി രൂപ ചെലവിൽ പുതിയ ഒപി ബ്ലോക്ക് നിർമാണത്തിന്റെ ടെൻഡർ ഉടൻ നൽകണം. ഇപ്പോൾ സ്ഥല സൗകര്യം ഇല്ലാതെ വീർപ്പുമുട്ടുകയാണ്.

∙ ജനറൽ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ട് ഇല്ലാതായിട്ട് മാസങ്ങളായി. കോവിഡ് ചികിത്സ കൂടി വന്നതോടെ സൂപ്രണ്ട് ഇല്ലാത്തതിന്റെ പോരായ്മ ഉണ്ട്.

∙ നിലവിൽ 3 ഡോക്ടർമാരുടെ ഒഴിവുണ്ട്. സർജറി വിഭാഗത്തിൽ രണ്ടും അനസ്തീസിയയിൽ ഒന്നും.

∙ഡയാലിസിസ് യൂണിറ്റിലെ 6 കിടക്കകൾ ഇരട്ടിയാക്കണം.

∙ഹൃദ്രോഗികൾക്ക് ആശ്വാസം പകർന്ന കാത്ത്‌ ലാബിന്റെ രണ്ടാംഘട്ടം നിർമാണം ഉടൻ തുടങ്ങണം.

അടൂർ ജനറൽ ആശുപത്രി

∙ ഫിസീഷ്യന്റെ ഒഴിവുണ്ട്

∙ ട്രോമാകെയർ തുടങ്ങിയെങ്കിലും ന്യൂറോ സർജൻ ഇല്ലാത്തതിന്റെ പ്രശ്നമുണ്ട്.

∙ 4 നില കെട്ടിടം നിർമിക്കുന്നതിന് 14.5 കോടി അനുവദിച്ചെങ്കിലും വിശദ പദ്ധതിരേഖ തയാറാക്കുന്നതേയുള്ളൂ

∙ കാർഡിയോളജി, ഗ്യാസ്ട്രോ എൻറോളജി വിഭാഗങ്ങളില്ല, രക്ത ബാങ്കും തുടങ്ങിയിട്ടില്ല. രക്തം സൂക്ഷിക്കാൻ സൗകര്യമുണ്ട്.

∙ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ രോഗികളുടെ വാഹനങ്ങൾ പുറത്തിടേണ്ട സ്ഥിതിയാണ്.

കോന്നി താലൂക്ക് ആശുപത്രി

∙ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കെട്ടിടങ്ങളുടെ അപര്യാപ്തതയുമുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ജോലി ക്രമീകരണത്തിന്റെ ഭാഗമായി മറ്റ് ആശുപത്രികളിലാണ് സേവനം. ഗൈനക്കോളജി, ഓപ്പറേഷൻ തിയറ്റർ, ഐസിയു, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവ ഇല്ല. രണ്ട് വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

∙ പുതിയ കെട്ടിടം നിർമാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും പണി തുടങ്ങിയില്ല.

തിരുവല്ല താലൂക്ക് ആശുപത്രി

∙ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തണം.

∙ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം.

∙ പുതിയ ഒപി ബ്ലോക്ക് പണിയണം.

∙ മോർച്ചറി സൗകര്യം വേണം.

∙ ആശുപത്രിയിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ ജനറേറ്റർ സൗകര്യം വേണം.

മല്ലപ്പള്ളി താലൂക്ക് ആശുപത്രി

∙ ആശുപത്രിയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിന് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം.

∙ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38.25 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പണികൾ തുടങ്ങിയില്ല. 

∙  2017 ജനുവരി 1ന് താലൂക്ക് ആശുപത്രിയുടെ ശതാബ്ദി ആഘോഷത്തിൽ പ്രഖ്യാപിച്ച ഡയാലിസിസ് യൂണിറ്റ് എന്നത് ഇതുവരെയായി നടപ്പായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com