ADVERTISEMENT

വെണ്ണിക്കുളം ∙ മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ആദ്യം മലയോര മേഖലയിൽ നിന്നാണ് ആഫ്രിക്കൻ ഒച്ച് പെരുകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയുടെ പലഭാഗത്തും ആഫ്രിക്കൻ ഒച്ചിന് പ്രതിവിധി തേടി കൃഷി ഓഫിസുകളെ ജനപ്രതിനിധികൾ ഉൾപ്പെടെ സമീപിക്കുന്നുണ്ട്. ഇരവിപേരൂർ, കോയിപ്രം, പുറമറ്റം കുറ്റൂർ എന്നീ പഞ്ചായത്തുകളിൽ ഒറ്റപ്പെട്ട സംഭവങ്ങളാണ് ആദ്യം ഉണ്ടായത്. ലോക് ഡൗൺ കാലമായതിനാൽ കൂടുതൽ പെരുകുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നതെന്ന് മാത്രം .

ഇരവിപേരൂരിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാനായി ഉപ്പ് വിതറിയപ്പോൾ.
ഇരവിപേരൂരിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാനായി ഉപ്പ് വിതറിയപ്പോൾ.

എന്നാൽ വ്യാപകമാകുന്നതിന് മുൻപ് ഇവയെ കെണിവച്ച് പിടിച്ച് നശിപ്പിക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സന്ധ്യ കഴിയുന്നതോടെയാണ് ഒച്ചുകൾ പുറത്തിറങ്ങുന്നത്. കല്ലുകൾക്കിടയിലും മറ്റുമായി ഇരിക്കുന്ന ഇവ രാത്രി കാലങ്ങളിൽ റോഡിൽ ഉൾപ്പെടെ വ്യാപകമായി കാണുന്നുണ്ട്.. വ്യാപകമായ കാർഷിക നഷ്ടമുണ്ടാക്കുന്ന ഇവ ഓർക്കിഡ് പോലെയുള്ള ചെടികളും നശിപ്പിക്കും. വ്യാപകമായി പെരുകിയാൽ വീടുകളിൽ ഉൾപ്പെടെ കയറി വരും. സ്പർശിച്ചാൽ ത്വക്കിൽ ചൊറിച്ചിൽ ഉണ്ടാവാറുണ്ടെന്നതും ഇതിന്റെ പ്രത്യേകയാണ്.

∙ ചാക്ക് കൊണ്ട് കെണി

ആഫ്രിക്കൻ ഒച്ചിനെ പിടിക്കാൻ സാധാരണയായി ചെയ്യുന്നത് നനഞ്ഞ ചണ ചാക്കിൽ കെണി വച്ചാണ്. കാബേജിന്റെ പുറം തൊലി, കാരറ്റ്, കോളിഫ്ളവർ ഇല തുടങ്ങിയ പച്ചക്കറി മാലിന്യങ്ങൾ നനഞ്ഞ ചാക്കിൽ ഇട്ട ശേഷം മറ്റൊരു ചാക്ക് കൊണ്ട് ഇവ മൂടുന്നു. പച്ചക്കറി മാലിന്യത്തിന്റെ ഗന്ധം ആകർഷിച്ച് ഒച്ച് കെണിയിൽ എത്തും. ഇങ്ങനെ വയ്ക്കുന്ന കെണിയിൽ ഒച്ച് വരികയും നനവുള്ളതിനാൽ രാവിലെയും ഇതിൽ നിന്ന് വിട്ടു പോവില്ല. കെണിയിൽ വീണ ഒച്ചിനെ ഉപ്പ് വിതറിയോ കുമ്മായം വിതറിയോ നശിപ്പിക്കാം.

∙ ഒച്ചിന് മൂന്നു രൂപ കിട്ടും

കൊല്ലം ജില്ലയിലെ എഴുകോണിൽ ഏതാനും ദിവസം മുൻപ് ഒച്ച് ശല്യം രൂക്ഷമായതോടെ കർഷകർക്ക് സഹായവുമായി ഡോ അബ്ദുൾകലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രംഗത്തെത്തി. ശേഖരിക്കുന്ന ഒച്ചിനെ ഇവർ വിലയ്ക്ക് വാങ്ങും. വലിപ്പമുള്ള ഒച്ച് ഒന്നിന് മൂന്നുരൂപ വീതം കർഷകർക്ക് നൽകും. ശേഖരിക്കുന്ന ഒച്ചിനെ സൊസൈറ്റി വളമാക്കി മാറ്റും. ആഫ്രിക്കൻ ഒച്ചിന്റെ പുറം തോട് കാൽസ്യം അടങ്ങിയതാണ്. ബാക്കിയുള്ള ഭാഗം പ്രോട്ടീനുമാണ്. ആഫ്രിക്കൻ ഒച്ചിനെ ശേഖരിച്ച് പുഴുങ്ങിയെടുത്ത ശേഷം തോട് പൊട്ടിച്ചു കളഞ്ഞാൽ പ്രോട്ടീൻ സംപുഷ്ടമായ തീറ്റയാക്കി മാറ്റുന്നവരുമുണ്ട്. എന്നാൽ കയ്യുറയും മറ്റ് മുൻ കരുതലുകളും ആവശ്യമാണെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com