ADVERTISEMENT

പരുമല ∙ ഗ്രാമപ്രദേശത്ത് രാജ്യാന്തര നിലവാരമുള്ള ചികിത്സാ സൗകര്യമെന്നത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നം യാഥാർഥ്യമാക്കിയാണ് വലിയ ഇടയൻ യാത്രയാകുന്നത്. പരുമല സെന്റ് ഗ്രിഗോറിയോസ് കാൻസർ കെയർ സെന്റർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു നിൽക്കുന്നത് ബാവായുടെ പ്രാർഥനയും അർപ്പണബോധവും കൊണ്ടുമാത്രമാണ്. പമ്പയാറിന്റെ തീരത്ത് അർബുദ രോഗികൾക്കായി രാജ്യാന്തര നിലവാരമുള്ള ചികിത്സാ കേന്ദ്രമെന്നത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.

പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡ് ഉദ്ഘാടനത്തിന് എത്തിയ വ്യവസായി എം.എ. യൂസഫലി എ3 വാർഡ് സന്ദർശിക്കാൻ എത്തിയപ്പോൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ് എന്നിവർ സമീപം. (ഫയൽ ചിത്രം).
പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡ് ഉദ്ഘാടനത്തിന് എത്തിയ വ്യവസായി എം.എ. യൂസഫലി എ3 വാർഡ് സന്ദർശിക്കാൻ എത്തിയപ്പോൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ് എന്നിവർ സമീപം. (ഫയൽ ചിത്രം).

സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയുൾപ്പെടെ ഇവിടെയുണ്ട്. 300 കിടക്കകളും, 70 വിദഗ്ധ ഡോക്ടർമാരും നഴ്സുമാരടക്കം എഴുനൂറോളം ജീവനക്കാരുമുണ്ട്. 2009ൽ നിർമാണം തുടങ്ങിയ ആശുപത്രിയുടെ പണികൾ പലഘട്ടങ്ങളിലും മുടങ്ങുകയും മെല്ലെപ്പോക്ക് ഉണ്ടാകുകയും ചെയ്തു. ഈ അവസരങ്ങളിലെല്ലാം ബാവായുടെ പ്രാർഥനയും ഭരണ നൈപുണ്യവും തുണയായി. 2016ൽ പണികൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. പരിശുദ്ധ കാതോലിക്കാ ബാവായും ഇത്യോപ്യൻ പാത്രിയർക്കീസും ചേർന്നാണ് കൂദാശ നടത്തിയത്. 4.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി. 230 കോടിയോളം രൂപയായിരുന്നു നിർമാണ ചെലവ്.

ഗായിക കെ.എസ്.ചിത്രയുടെ മകൾ നന്ദനയുടെ സ്മരണയ്ക്കായി ഇവിടെ കീമോതെറപ്പി വാർഡുണ്ട്. ഇത് ഉദ്ഘാടനം ചെയ്തത് വ്യവസായി എം.എ.യൂസഫലിയാണ്. ഉദ്ഘാടനത്തിനു ശേഷം പ്രസംഗിച്ച എം.എ.യൂസഫലി തന്റെ മാതാപിതാക്കളുടെ പേരിൽ പരുമലയിലെ കാൻസർ സെന്ററിനായി 2 വാർഡുകൾ നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ വാർഡ് നിർമിച്ചു നൽകുകയും ചെയ്തു. ബാവായുമായുള്ള അത്മബന്ധത്തിലാണ് ചിത്രയും യൂസഫലിയും പരുമലയിലേക്ക് സഹായ ഹസ്തം നൽകിയത്.

പരുമല അശുപത്രിയിൽ‌ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാവായെ സന്ദർശിക്കാൻ കഴിഞ്ഞ ജനുവരിയിൽ ചിത്ര കുടുംബമായി എത്തിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യാന്തര നിലവാരമുള്ള ആശുപത്രിയിലേക്കു ഇതര സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ ചികിത്സയ്ക്കെത്തുന്നു.  കാതോലിക്കാ ബാവായുടെ സപ്തതിയോട് അനുബന്ധിച്ച് തുടങ്ങിയ സ്നേഹ സ്പർശം പദ്ധതിയിൽ കഴിഞ്ഞ വർഷം 84 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് നൽകിയത്. ഇതു കൂടാതെ വിവിധ രോഗികൾക്കായി 4 കോടി രൂപയും ചികിത്സായിളവും നൽകുകയുണ്ടായി. ഫെബ്രുവരി 14ന് കാർഡിയോളജി വിഭാഗവും തുറന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com