ADVERTISEMENT

തുമ്പമൺ ∙ പുതിയ ഐപി ബ്ലോക്കിനു അനുമതിയും ഐസലേഷൻ വാർഡിനു ഫണ്ടും ലഭ്യമായതോടെ സാമൂഹികാരോഗ്യ കേന്ദ്രം വികസനത്തിന്റെ പാതയിലേക്ക്. ആശുപത്രിയിൽ സൗകര്യങ്ങൾ പരിമിതമാണെന്ന പരാതിക്ക് ഇതിലൂടെ പരിഹാരമാകും. ആശുപത്രി പരിസരത്തെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഇതിനായി സ്ഥലമൊരുക്കി.ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആസ്തി വികസന    ഫണ്ടും കിഫ്ബി    ഫണ്ടും പദ്ധതികൾക്കായി      വിനിയോഗിക്കും. 1.75 കോടി രൂപയാണ് ഐപി ബ്ലോക്ക് നിർമാണത്തിനു അനുവദിച്ചിട്ടുള്ളത്. കെട്ടിടത്തിൽ 10 കിടക്കകൾ ലഭ്യമാക്കും.ഇതു കൂടാതെ പുതിയ ഐസലേഷൻ വാർഡിന്റെ നിർമാണവും ഉടൻ തുടങ്ങും. 37.5 ലക്ഷം രൂപയാണ് ഇതിനു അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഐസലേഷൻ വാർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

എംപി ഫണ്ടിൽ ആംബുലൻസ്

ആന്റോ ആന്റണി എംപി പുതിയ ആംബുലൻസിനായി 15 ലക്ഷം രൂപ അനുവദിച്ചു. തുമ്പമൺ പഞ്ചായത്തിനാണ് ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിന്റെ ചുമതലയിൽ ആംബുലൻസിന്റെ സേവനം സാമൂഹികാരോഗ്യ കേന്ദ്രത്തിനു ലഭ്യമാക്കാനാണ് തീരുമാനം.

ജീവനക്കാരെ അനുവദിക്കണം

ആശുപത്രിയിലെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു അനുസൃതമായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടർ ഉൾപ്പെടെ 4 പേരാണ് ഇപ്പോഴുള്ളത്. പ്രതിദിനം ശരാശരി 200 പേർ ചികിത്സ തേടുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഴ്സ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലും ജീവനക്കാരുടെ കുറവുണ്ട്. ഗൃഹവാസ പരിചരണ കേന്ദ്രം പ്രവർത്തനം തുടങ്ങിയതോടെ ജീവനക്കാരുടെ കുറവ് ബുദ്ധിമുട്ട് വർധിപ്പിച്ചിട്ടുണ്ട്.

താലൂക്ക് ആശുപത്രി ആവശ്യം

സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണ് പൊതു ആവശ്യം. ഇക്കാര്യത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. 1.2 ഏക്കർ സ്ഥലം ആശുപത്രിക്കുണ്ട്. വിസ്തൃതമായ കെട്ടിടം നിർമിച്ചാൽ കിടത്തി ചികിത്സ ഉൾപ്പെടെ തുടങ്ങാനാകുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. 2005-2006 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയത്തിനായി 3 കോടി രൂപ അനുവദിച്ചിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള സർക്കാർ തീരുമാനം പരിഗണിച്ചു, ഈ പദ്ധതി പരിഷ്കരിച്ചു നടപ്പാക്കണമെന്നു ആശുപത്രി വികസന സമിതി അംഗം ജോസഫ് വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com