ADVERTISEMENT

പന്തളം ∙ ടൂറിസം പദ്ധതികളിൽ ഇടം തേടി ചേരിക്കലിന്റെ ഗ്രാമഭംഗി. മന്ത്രിമാരും കലക്ടർമാരും ഉദ്യോഗസ്ഥ സംഘങ്ങളുമൊക്കെ വ്യത്യസ്ത സമയങ്ങളിലായി ഇവിടെയെത്തി പ്രതീക്ഷകൾ തട്ടിയുണർത്തി പോയെങ്കിലും അവയെല്ലാം വെറുംവാക്കായി. ഏറ്റവുമൊടുവിലായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ പ്രതീക്ഷയർപ്പിക്കുകയാണ് ചേരിക്കൽ നിവാസികൾ.

കരിങ്ങാലി പാടശേഖരത്തിനു മധ്യത്തിലൂടെയുള്ള പാത.

ജൂലൈ ആദ്യം ‍ഡിടിപിസി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. 3.25 ഏക്കർ സ്ഥലം ടൂറിസം പദ്ധതിക്ക് ഉപയുക്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നഗരസഭയുടെ 31, 32 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ചേരിക്കൽ ഗ്രാമത്തിന്റെ വികസനത്തിനും ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്നതാണ് കരിങ്ങാലി പാടശേഖരം. വിസ്തൃതമായ പാടശേഖരവും ചാലും തുരുത്തുകളുമാണ് ഏറ്റവും ആകർഷണീയം. കൃഷിയില്ലാത്ത കാലയളവിൽ പെഡൽ ബോട്ടിങ് സൗകര്യം ഉൾപ്പെടെ ഒരുക്കാനാകും. പാർക്ക് ഉൾപ്പെടെ സ്ഥാപിക്കാനുള്ള സ്ഥലം യഥേഷ്ടമുണ്ട്.

പേര് കൊണ്ടും സമൃദ്ധം

മധ്യതിരുവിതാംകൂറിന്റെ നെല്ലറകളിലൊന്നായി വിശേഷിപ്പിക്കാവുന്ന കരിങ്ങാലി പാടത്തിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. പാടത്തിനും തുരുത്തിനും കരപ്രദേശത്തിനും ഇത്തരത്തിൽ വേറിട്ട പേരുകളുണ്ട്. കാക്കത്തുരുത്ത്, മൊട്ടത്തുരുത്ത്, കൊച്ചുതുരുത്ത്, വല്യതുരുത്ത്, വാരുകൊല്ല, വലിയകൊല്ല, ഇടയിലെകൊല്ല, പട്ടൻകൊല്ല, കോഴിച്ചാൽ, വല്യാച്ചാൽ, മുപ്പത്തിച്ചാൽ എന്നിവ ഇവയിൽ ചിലത് മാത്രം.

ഗാന്ധിജി പദമൂന്നിയ നാട്

1932ലാണ് ചേരിക്കൽ ഗ്രാമമധ്യത്തിൽ എസ്‌വി എൽപി സ്കൂൾ സ്ഥാപിതമായത്. 1934ലാണ് ഗാന്ധിജിയുടെ സന്ദർശനം. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായുള്ള കേരള സന്ദർശന വേളയിലായിരുന്നു ചേരിക്കലെത്തിയത്. ഗാന്ധിയനും‍ അന്നു മന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻനായരാണ് സന്ദർശനത്തിനു നേതൃത്വം നൽകിയത്. ഈ ചരിത്ര പ്രാധാന്യമുണ്ടെങ്കിലും വികസനകാര്യത്തിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന പരിഭവം ചേരിക്കൽ നിവാസികൾക്കുണ്ട്.

പക്ഷികളുടെ പറുദീസ

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നീർത്തടമായ കരിങ്ങാലി പുഞ്ച ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. പക്ഷി നിരീക്ഷകരുടെ ഇഷ്ടസങ്കേതവും. അപൂർവങ്ങളായ ദേശാടനപ്പക്ഷികൾ ഇവിടെ പതിവായെത്തുന്നുണ്ട്. നീർപ്പക്ഷി കണക്കെടുപ്പിനു ശേഷം നടന്ന തുടർപഠനങ്ങളിൽ അപൂർവ ദേശാടകരായ നീലകണ്ഠപ്പക്ഷിയെയും മണൽക്കുരുവി, കരണ്ടിക്കൊക്കൻ എന്നിവയെയും കരിങ്ങാലി പുഞ്ചയിൽ കണ്ടെത്തിയിരുന്നു. 2019 ഡിസംബറിൽ എത്തിയ കുറിത്തലയൻ വാത്ത് പക്ഷികൾ നിരീക്ഷകരെയും ഇവിടേക്ക് ആകർഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com