ADVERTISEMENT

പത്തനംതിട്ട∙ ചിന്നം വിളിച്ചെത്തുന്ന ഏതു കൊമ്പനും വെട്ടൂർ പാറയിൽ പുത്തൻവീട്ടിൽ പി.ആർ.ശശികുമാറിന്റെ കരവിരുതിനു മുൻപിൽ കൊമ്പു കുത്തും. അറ്റം കൂർത്തു വളഞ്ഞ കാരിരുമ്പിന്റെ  കനം പേറുന്ന ആനത്തോട്ടികൾ നിർമിക്കുകയാണ് ശശികുമാർ. ഉലയിൽ കാച്ചിപ്പഴുപ്പിച്ച ഇരുമ്പ് അടിച്ചു പരത്തിയ ശേഷം ഉരുട്ടി പ്രത്യേക ആകൃതിയിലാക്കും. തുടർന്ന് രാകിമിനുക്കിയാണു തോട്ടിയാക്കുന്നത്. ഇതുറപ്പിക്കുന്നത്  ഈട്ടി, ഉന്ന തടികളിലാണ്. 

ആനപ്പുറത്തിരിക്കുന്ന പാപ്പാന് മർമം നോക്കി പിടിക്കാൻ കഴിയുന്ന വിധത്തിൽ  കയ്യളവാണ് വേണ്ടത്. സാധാരണ 3 അടി 9 ഇഞ്ചാണ് നീളം. തോട്ടിയുടെ പിടിയിൽ മൂന്നു പിച്ചളച്ചുറ്റുണ്ട്. ചുറ്റ് ഉറപ്പിച്ച് അതിന് അനുസരിച്ച് തടിയുടെ വണ്ണം കുറച്ച് മിനുക്കിയെടുക്കുകയാണ്.  എല്ലാ ജില്ലകളിൽ നിന്നും ആന ഉടമകളോ പാപ്പാന്മാരോ തോട്ടിക്കു വേണ്ടി എത്താറുണ്ട്. ഇതിനോടകം 85 തോട്ടികൾ നിർമിച്ചു.

ഇതിൽ മുപ്പതും കോന്നി ആനക്കൂട്ടിലേക്കായിരുന്നു.  നടൻ ജയറാമിന്റെ ‘അയ്യപ്പൻ’എന്ന ആനയ്ക്കു വേണ്ടിയും ശശികുമാർ തോട്ടി നിർമിച്ചു. തീറ്റ വെട്ടാനുള്ള കത്തി, ആനയ്ക്കുള്ള നഖംവെട്ടി തുടങ്ങിയവയും നിർമിക്കുന്നുണ്ട്. കുഴപ്പക്കാരായ ആനകളെ മെരുക്കാൻ  നീളം കൂടിയ കൊക്കുവ എന്ന ഉപകരണവും പണിയുന്നു. ക്ഷേത്ര ശ്രീകോവിൽ, പള്ളികളുടെ വാതിൽ എന്നിവയുടെ പൂട്ട് നിർമാണ വൈദഗ്ധ്യവും സ്വന്തം. ടാപ്പിങ് കത്തികളും ശശികുമാർ ഉണ്ടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com