ADVERTISEMENT

പത്തനംതിട്ട ∙ ശബരിമല വിമാനത്താവളം സംബന്ധിച്ച് കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ ) മുന്നോട്ടു വച്ച നിർദേശങ്ങൾ പതിവു സാങ്കേതിക നടപടി മാത്രമെന്നും ഇത് പദ്ധതിക്കു വിലങ്ങുതടിയാകില്ലെന്നും വ്യോമയാന രംഗത്തെ വിദഗ്ധർ. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി തയാറാക്കി നൽകുമെന്ന് വിമാനത്താവള പദ്ധതി സ്പെഷൻ ഓഫിസർ വി. തുളസീദാസ് അറിയിച്ചു. ഈ മറുപടി നൽകിയാലുടൻ ഡിജിസിഎയുടെ സ്ക്രീനിങ് കമ്മിറ്റി കൂടുതൽ പഠനങ്ങൾക്ക് അനുമതി നൽകും.

തുടർന്നും പല പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത്തരം ചോദ്യങ്ങൾ വിവിധ മന്ത്രാലയങ്ങൾ ഉന്നയിക്കും. കണ്ണൂരിൽ ഏതാനും മയിലുകളുടെ സാന്നിധ്യമുണ്ടെന്ന പരാതിയെ തുടർന്ന് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച തടസ്സം മറികടന്നത് കേരള വനഗവേഷണ കേന്ദ്രത്തി‍ൽ മയിൽ സംരക്ഷണ പദ്ധതിക്കുള്ള തുക കെട്ടിവച്ചായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ചെറുവള്ളിക്കു ലഭിച്ചത് പദ്ധതി മുന്നോട്ടുപോകുമെന്നതിനു തെളിവാണെന്നും തുളസീദാസ് പറഞ്ഞു.

തടസ്സങ്ങൾ മൂന്നും സാങ്കേതികം മാത്രം

സ്ഥലം വിമാനത്താവളത്തിനു പറ്റിയതല്ല എന്നതിനു ഡിജിസിഎ 3 കാരണങ്ങളാണു പറയുന്നത്.1) റൺവേയ്ക്ക് വീതി ഉറപ്പാക്കാൻ ആവശ്യമായ സ്ഥലമില്ലാത്തതിനാൽ മംഗളൂരു പോലെ ടേബിൾ ടോപ് റൺവേയാക്കേണ്ടിവരും. 2) സമീപമുള്ള രണ്ട് ഗ്രാമങ്ങളെ ബാധിക്കും. 3) കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ സാമീപ്യം ഉള്ളതിനാൽ ഇവിടെ നിന്നുള്ള സിഗ്നലുകൾ ശബരിമല വിമാനത്താവളത്തിന്റെ പരിധിയിലേക്ക് കടക്കാൻ സാധ്യതയുണ്ട്.

പദ്ധതിക്ക് എതിരല്ലെന്ന് ഉടമസ്ഥർ സമ്മതിച്ചിട്ടുള്ളതിനാൽ 2500 ഏക്കർ വിട്ടുകിട്ടാൻ പ്രയാസമില്ല. അതിനാൽ തന്നെ ടേബിൾടോപ് റൺവേ ഒഴിവാക്കാനാവും. ചതുരാകൃതിയിലാണ് വിമാനത്താള ഭൂമിയുടെ കിടപ്പ്. ഇതാവാം ഡിജിസിഎയുടെ എതിർപ്പിന് കാരണം. നീണ്ടുനിവർന്ന ഭൂഘടനയാണ് റൺവേയ്ക്ക് അനുയോജ്യം.സമീപ ഗ്രാമങ്ങളെ ബാധിക്കുമെന്ന വാദഗതിക്കും വലിയ പ്രസക്തിയില്ല. എസ്റ്റേറ്റിന് അടുത്ത പട്ടണം എരുമേലിയാണ്. ഇത് 5 കിലോമീറ്റർ അകലെയാണ്.സമീപ വിമാനത്താവളങ്ങളുടെ സിഗ്നൽ സംവിധാനത്തെ ബാധിക്കുമെന്ന കാര്യത്തിനും ആധുനിക കാലത്ത് പരിഹാരമുണ്ട്.

ടേക്കിങ് ഓഫ് ടു ദ് ഫ്യൂച്ചർ (ടോഫൽ) എംഡി ജിജി ജോർജ് പറയുന്നത്

എയർ സ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിഗ്നൽ പ്രതിസന്ധിയെ മറികടക്കാം. ടോഫലിന്റെ നേതൃത്വത്തിൽ ചെന്നൈയുടെ രണ്ടാം വിമാനത്താവളം നിർമിക്കുന്നത് കേവലം 50 കിലോമീറ്റർ അകലെ ചെങ്കൽപ്പെട്ടിലാണ്. ഡൽഹിയിൽ നോയിഡ വിമാനത്താവളം വരികയാണ്. മുബൈയിൽ പുതിയ വിമാനത്താവളം വരുന്നു. ഇതെല്ലാം 50–100 കിലോമീറ്റർ പരിധിയിലാണ്. ഭൗമോപരിതലത്തെ 360 ഡിഗ്രിയായി കണ്ട് ഓരോ വിമാനത്താവളങ്ങളുടെയും സിഗ്നൽ പരിധികൾ നിശ്ചയിക്കുന്ന ഈ രീതി വിദേശത്ത് വിജയകരമായി ഉപയോഗിക്കുന്നു. പുതിയ വിമാനത്താവളങ്ങൾ വരുന്നതോടെ ഇവിടെയും ഈ സംവിധാനം ഏർപ്പെടുത്താം.

മികച്ച നിക്ഷേപം: സഹായവുമായി പത്തനംതിട്ടക്കാരൻ

മധ്യതിരുവിതാംകൂറിൽ ഒരു വിമാനത്താവളമെന്നത് കാലങ്ങളായുള്ള ഈ നാടിന്റെ അഭിലാഷമാണെന്നു വ്യോമയാന–എയർപോർട്ട് വികസിപ്പിക്കൽ രംഗത്ത് നേതൃനിരയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലക്കാരനായ ജിജി ജോർജ് പറയുന്നു. റൺവേയ്ക്ക് ആവശ്യമായ നീളം ലഭിക്കാൻ പരമാവധി 100 ഏക്കർ കൂടി എടുത്താൽ മതി. ഭാവിയിൽ രാജ്യാന്തര വിമാനത്താവളമാകണമെങ്കിൽ ഒരു റൺവേ 3600 മീറ്റർ നീളത്തിൽ വിഭാവനം ചെയ്യുന്നതു നല്ലതാണ്. ആറന്മുള വിമാനത്താവളം രൂപീകരിക്കാൻ തുടക്കമിട്ട കെജിഎസ് കമ്പനിക്കു പകരം ടോഫൽ എന്ന പേരിൽ ചെന്നൈ ആസ്ഥാനമായി രാജ്യാന്തര കമ്പനി നടത്തുന്ന ജിജി, രാജ്യാന്തര നിക്ഷേപം കൊണ്ടുവന്ന് ഇന്ത്യൻ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്ന ശ്രമത്തിലാണ്.

നിർദിഷ്ട വിമാനത്താവള പദ്ധതിയിൽ സർക്കാർ അനുമതിയോടെ നിക്ഷേപത്തിനു തയാറാണെന്നും അദ്ദേഹം പറയുന്നു. നല്ല നിക്ഷേപകരെ കൊണ്ടുവരുന്നതിലാണു കാര്യം. 5 ലൈസൻസുകളാണ് വിമാനത്താവളത്തിനു പ്രധാനമായും വേണ്ടത്. അതു പടിപടിയായി ലഭിക്കും– ജിജി ജോർജ് പറഞ്ഞു

ചെറുവള്ളിയിലെത്തി പഠനം വൈകരുത്; ഓഫിസും തുറക്കണം

കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) യുഎസ് കൺസൽറ്റൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നുള്ള സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയ രീതിയെ ഡയറക്ടറേറ്റ് വിമർശിച്ചു. ഡിജിറ്റൽ ഭൂരേഖകളോ ഉപഗ്രഹചിത്രങ്ങളോ ഉപയോഗിച്ചാവാം പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ റിപ്പോർട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏജൻസികൾ ചെറുവള്ളി എസ്റ്റേറ്റ് നേരിട്ട് സന്ദർശിച്ചിട്ടുണ്ടെന്നു സ്പെഷൽ ഓഫിസർ പറഞ്ഞു.

കണ്ണൂർ ഉൾപ്പെടെ പല വിമാനത്താവളങ്ങളുടെ കാര്യത്തിലും ഇതേ നടപടികൾ സ്വീകരിച്ചിരുന്നു എന്ന തുളസീദാസിന്റെ വിശദീകരണത്തിൽ നിന്നു വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. റൺവേയുടെ രൂപകൽപന, കാറ്റിന്റെ ദിശ, മലകളുടെ സാന്നിധ്യം, മണ്ണിന്റെയും പാറകളുടെയും ഘടനയും സാന്നിധ്യവും തുടങ്ങി അടിസ്ഥാനപരമായ പഠനങ്ങൾ തുടങ്ങാൻ ഇനിയും വൈകിക്കൂടാ. സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും എരുമേലിയിലോ പ്ലാച്ചേരിയിലോ ഓഫിസ് തുറക്കുകയും വേണം.

കേസിന്റെ നടപടിക്രമം പുരോഗമിക്കുന്നു

അതേസമയം, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കോടതി നടപടികളും തുടരുകയാണ്. കേസിൽ കക്ഷി ചേരാനുള്ളവരുടെ അപേക്ഷകളിൽ അടുത്തമാസം മുതൽ വാദം കേൾക്കും.കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിലും നിർദിഷ്ട വിമാനത്താവളത്തിന് പ്രധാനമന്ത്രി എല്ലാ പിന്തുണയും മുഖ്യമന്ത്രിക്കു നൽകിയിരുന്നു. അതിനാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ താൽപര്യംകൂടിയാണ് ശബരിമല തീർഥാടകരെയും വിദേശ മലയാളികളെയും സഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള പദ്ധതി.

ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണുപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. സമഗ്ര റിപ്പോർട്ട് ഡിജിസിഎയ്ക്കു നൽകണമെങ്കിൽ എസ്റ്റേറ്റിൽ കയറി പഠനം ആരംഭിക്കണം. അതിനു മുൻകൈയെടുത്ത് എസ്റ്റേറ്റ് ഉടമസ്ഥരിൽ നിന്ന് അനുമതി ലഭ്യമാക്കേണ്ടത് സർക്കാരാണ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നുവന്നു.

തുറന്ന് സിന്ധുദുർഗ് വിമാനത്താവളം

സമാന രീതിയിൽ മലകളും കയറ്റിറക്കങ്ങളുമുള്ള കൊങ്കൺ മലനിരകളുടെ ഭാഗമായ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വിമാനത്താവളം തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ഡിജിസിഎ പൂർണ പ്രവർത്തന അനുമതി നൽകിയതും ഈ ദിശയിലെ കേന്ദ്രസർക്കാരിന്റെ നയം വ്യക്തമാക്കുന്നു. 5000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന വിമാനത്താവളത്തിന് കേന്ദ്രസർക്കാർ ചെലവഴിച്ചത് 800 കോടി രൂപയാണ്.

ഡിജിസിഎ റിപ്പോർട്ട് തികച്ചും സാങ്കേതിക കാര്യം മാത്രമാണ്. ഇതിന്റെ പേരിൽ നിർദിഷ്ട പദ്ധതിക്കു തടസ്സമുണ്ടാവുകയില്ലെന്നാണു വ്യക്തിപരമായ അഭിപ്രായം.
വി. ജെ. കുര്യൻ മുൻ എംഡി, കൊച്ചി രാജ്യാന്തര വിമാനത്താവളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com