ADVERTISEMENT

തടിയൂർ ( പത്തനംതിട്ട) ∙ കൃത്യമായ നിരീക്ഷണ പാടവമാണ് ത്വക്‌ രോഗം തിരിച്ചറിയാനുള്ള ഏറ്റവും മികച്ച മാർഗം. പരിചയസമ്പന്നനായ ഡോക്ടറുടെ കണ്ണുകൾ തന്നെ ഏറ്റവും നല്ല സ്കാനിങ് യന്ത്രം. അന്തരിച്ച ഡോ. റേച്ചൽ മത്തായി (92), വൈദ്യ വിദ്യാർഥികളെ പരിശീലിപ്പിച്ചതും ഈ കൃത്യതയെപ്പറ്റിയാണ്. തുറന്ന സംസാരം, വിശദ പരിശോധന, രോഗിയോടൊപ്പം മനസ്സാ സഞ്ചരിച്ച് രോഗകാരണം ചികഞ്ഞെടുത്തുള്ള ചികിത്സ, ഇവയിലൂടെ പുറത്തുപറയാൻ ആഗ്രഹിക്കാത്ത മാരക രോഗം പലരിലും ഒളിഞ്ഞിരിക്കുന്നത് ഡോ.റേച്ചൽ തിരിച്ചറിഞ്ഞു.

മദ്രാസ് മെഡിക്കൽ കോളജിൽ ഡോ. തമ്പി അയ്യ എന്ന പ്രശസ്ത ഡെർമറ്റോളജിസ്റ്റിന്റെ വിദ്യാർഥിയായി മികവു തെളിയിച്ച അവർ പിന്നീട് എഫ്ആർസിഎസ് നേടി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ത്വക്‌രോഗ ചികിത്സാ മേഖലയിൽ പുതിയ പാഠ്യപദ്ധതി തയാറാക്കി. 1979 ൽ സിഎംസിയിൽ ഡെർമറ്റോളജി പിജി കോഴ്സ് ആരംഭിക്കുന്നതിന് നേതൃത്വം നൽകി. ഡെർമറ്റോ പതോളജി എന്ന ശാഖയിൽ മികച്ച സംഭാവനകൾ നൽകുകയും ചെയ്തു.

ഡെർമറ്റോളജി ജേണൽ എഡിറ്ററായിരുന്നു. പ്രബന്ധങ്ങൾ രചിക്കുകയും രാജ്യമെങ്ങും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ൽ സിഎംസിയിലെ എംബിബിഎസ് ബാച്ച് അംഗമായിരുന്നു. ഇൗ ബാച്ചിലെ ഡോ.കെ.വി.മത്തായിയെ വിവാഹം കഴിച്ചു. ഡോ.മത്തായി പിന്നീട് സിഎംസി അസോഷ്യേറ്റ് ഡയറക്ടറായി. വിരമിച്ച ശേഷം തടിയൂർ കോളഭാഗത്തെ കുടുംബ വീട്ടിലെത്തി. തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ഇരുവരും ചേർന്നു. പിന്നീട് ഡോ. മത്തായി മരണമടഞ്ഞു. ഡോ. റേച്ചലിന്റെ സംസ്കാരം ഇന്നു 3ന് കുറിയന്നൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com