ADVERTISEMENT

തണ്ണിത്തോട് ∙ പ്ലാന്റേഷൻ തോട്ടത്തിലെ കാറ്റിന് ഇനി കറുവപ്പട്ടയുടെ സുഗന്ധവും. പ്ലാന്റേഷൻ കോർപറേഷൻ തണ്ണിത്തോട് എസ്റ്റേറ്റ് പരിസരത്തായി വിളവെടുക്കാൻ പാകമായ ഏകദേശം 500 മൂട് കറുവ മരങ്ങളുണ്ട്. വേനൽ മഴ കഴിയുന്നതോടെ കറുവപ്പട്ട എടുക്കാനാണ് ലക്ഷ്യമാക്കുന്നത്. ചീമേനി എസ്റ്റേറ്റി‌ലെ നാടുകാണിയിൽ നിന്ന് 4 വർഷം മുൻപ് എത്തിച്ച് നട്ടുപിടിപ്പിച്ച മികച്ചയിനം കറുവ തൈകളാണ് ഇവിടെ വിളവെടുക്കാൻ പാകമായത്. പരീക്ഷണാടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ച കറുവ കൃഷി വിജയം കണ്ടതോടെ മാസങ്ങൾക്ക് മുൻപ് പുതുതായി 400 മൂട് കറുവ തൈകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. 

ചീമേനി എസ്റ്റേറ്റിൽ നിന്ന് പരിചയസമ്പന്നരായ ആളുകളെ എത്തിച്ച് പാകമായ കറുവയുടെ പട്ട ചീകിയെടുക്കും. തൈലം തയാറാക്കുന്നതിനായി കറുവയുടെ ഇലകൾ ചീമേനി എസ്റ്റേറ്റിലേക്ക് കൊണ്ടുപോകും. വിപണിയിൽ ലഭിക്കുന്ന കറുവപ്പട്ടയിൽ ഏറെയും മായം കലർന്നവ ആയതിനാൽ പ്ലാന്റേഷൻ തോട്ടത്തിൽ നിന്ന് തയാറാക്കുന്ന കറുവപ്പട്ടയ്ക്ക് വിപണന സാധ്യതയേറെയാണ്. പദ്ധതി വിജയം കണ്ടാൽ കൂടുതൽ ഭാഗങ്ങളിലേക്ക് കറുവ കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. വൈവിധ്യമാർന്ന കൃഷികളിലൂടെ എസ്റ്റേറ്റ് ശ്രദ്ധ ആകർഷിക്കുകയാണ്.

പ്ലാന്റേഷൻ കോർപറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ കറുവ തോട്ടം.

കറുവപ്പട്ടയുടെ അപരൻ

കറികൾക്ക് സ്വാദും മണവും കൂട്ടാനായി ഉപയോഗിക്കുന്ന മസാലക്കൂട്ടുകളിലെ ചേരുവകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറുവപ്പട്ട. ഇതിന് വിപണന സാധ്യതയേറെയുള്ളതിനാൽ വിപണിയിൽ ലഭിക്കുന്നതിലേറെയും അപരനായ ‘കാസിയ’ ആണെന്ന് പറയപ്പെടുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്ന കാസിയ അധികമായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് വലിയ ലാഭം ലഭിക്കുമെന്നതിനാൽ കറുവപ്പട്ടയോട് സാമ്യമുള്ള ‘കാസിയ’ സാധാരാണക്കാർക്ക് തിരിച്ചറിയാൻ കഴിയാതെ പോകും.

തെക്കനേഷ്യ മുതൽ തണ്ണിത്തോട് വരെ

സിനാമൺ എന്നറിയപ്പെടുന്ന കറുവപ്പട്ട ശ്രീലങ്കയിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. കേരളത്തിൽ പലയിടത്തും ഈ ചെടി നന്നായി വളരും. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഈ ചെടി ഇന്ത്യയുടെയും ശ്രീലങ്കയുടെയും കൃഷിയിടങ്ങളിലേക്ക് എത്തിയത്. വടക്കൻകേരളത്തിലെ ചീമേനി, അഞ്ചരക്കണ്ടി  എസ്റ്റേറ്റുകളാണ് ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യമായി വികസിപ്പിച്ച കറുവ തോട്ടമെന്നും കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com