ADVERTISEMENT

ശബരിമല ∙ മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകരുടെ യാത്രയ്ക്ക് വിപുലമായ ഒരുക്കവുമായി കെഎസ്ആർടിസി. 700 ബസുകളാണ് ഇതിനായി ക്രമീകരിക്കുന്നത്. അതിൽ 500 ബസുകൾ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി എത്തുന്നവയാണ്. ശേഷിക്കുന്ന 200 ബസുകൾ പമ്പ, നിലയ്ക്കൽ സർവീസിൽ നിന്നുള്ളവയും. കൊല്ലം 68, പാലക്കാട്– മലപ്പുറം 25, പത്തനംതിട്ട 40, കണ്ണൂർ– കാസർകോട് 16, ഇടുക്കി 40, കോട്ടയം 70, തൃശൂർ 43, എറണാകുളം 56, കോഴിക്കോട് 14, വയനാട് 9, തിരുവനന്തപുരം 79, ആലപ്പുഴ 40 എന്ന ക്രമത്തിലാണു ബസുകൾ ഇവിടേക്ക് എത്തുന്നത്.

ഇതിനാൽ തന്നെ ഇന്നു മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ ഡിപ്പോയിലും സർവീസ് നടത്താനുള്ള ബസുകൾ കുറയും. അതിനാൽ ഡിപ്പോകളിൽ ശേഷിക്കുന്ന ബസുകൾ കൊണ്ട് പരമാവധി സർവീസ് നടത്തണമെന്നാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകരൻ നൽകിയിരിക്കുന്ന നിർദേശം. ഓൺലൈൻ റിസർവേഷൻ ഉള്ള സർവീസുകൾ മുടക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. പമ്പയ്ക്കുള്ള ബസുകൾ ഇന്ന് വൈകിട്ട് പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ എത്തിക്കാനാണ് നിർദേശം.

തെക്കൻ മേഖലയിൽ നിന്നുളള ബസുകൾ പത്തനംതിട്ടയിലും മധ്യ, വടക്കൻ‍ മേഖലയിൽ നിന്നുള്ളവ കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തണം.  500 ബസുകൾ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി പാർക്ക് ചെയ്യും. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ 150, കാഞ്ഞിരപ്പള്ളി 100, എരുമേലി 60 ബസുകൾ പാർക്കു ചെയ്യും. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് നിരത്തി ഇടും. മുൻപിൽ കിടക്കുന്ന ബസുകളിൽ അയ്യപ്പന്മാരെ കയറ്റി വിട്ടുപോകും.

പമ്പയിൽ നിന്ന് ദീർഘദൂര ബസുകൾ പുറപ്പെടുന്നത് അനുസരിച്ച് പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ നിന്നു ബസുകൾ പമ്പയിലേക്ക് എത്തിക്കും. പമ്പ-നിലയ്ക്കൽ ചെയിനുകൾ  ത്രിവേണി പെട്രോൾ പമ്പ്,  ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. 2 റൗണ്ട് ചെയിൻ ഓടിയ ശേഷമേ ദീർഘദൂര ബസുകൾ കൂടുതലായി പുറപ്പെട്ട് തുടങ്ങൂ. 5 ചെയിൻ കഴിയുമ്പോൾ ഒരു ദീർഘദൂരം എന്ന ക്രമത്തിലാണ് നിലയ്ക്കൽ മുതൽ പമ്പ വരെ ബസ് ക്രമീകരിക്കുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ തന്നെ ചെയിൻ സർവീസ് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com