ADVERTISEMENT

തിരുവല്ല ∙ തോമസിന്റെ ജീവിതത്തിൽ വിനോദ് എന്ന രക്ഷകൻ അവതരിച്ചത് ക്രിസ്മസിന്റെ പിറ്റേന്നായിരുന്നു. ജീവൻ തിരിച്ചു പിടിക്കാൻ വലിയ ‘കൈ’സഹായമേകിയ വിനോദ് എന്ന നഴ്സിനെ കഴിഞ്ഞ ചൊവ്വാഴ്ച തോമസ് കണ്ടു, ആദ്യമായി. പടിഞ്ഞാറ്റോതറ കുഴിക്കണ്ടത്തിൽ പി.എ.തോമസിന്റെ (77) ജീവിതത്തിൽ പുല്ലാട് തെറ്റുപാറയ്ക്കൽ ടി.എൻ.വിനോദിന് രക്ഷകന്റെ സ്ഥാനം നൽകിയത് വെറും 5 മിനിറ്റ് നീണ്ട നന്മപ്രവ‍ൃത്തി. ആ കഥ ഇങ്ങനെ ...

ജീവിതത്തിലേക്ക് ചങ്ങല വലിച്ച്

കോവിഡ് മൂലം യാത്രകൾ മാറ്റിവച്ച 2 വർഷങ്ങൾക്കു ശേഷമാണ് പി.എ.തോമസ് കഴിഞ്ഞ മാസം 26ന് 10.05ന് ചെങ്ങന്നൂരിൽനിന്നു ട്രെയിൻ കയറുന്നത്. തമിഴ്നാട്ടിലെ മാർത്താണ്ഡത്തുള്ള സ്വന്തം തോട്ടം സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുൻപാണ് സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം സംബന്ധിച്ച ആശയക്കുഴപ്പം മൂലം രണ്ടു തവണ ട്രാക്കിനു കുറുകെയുള്ള നടപ്പാലം വേഗത്തിൽ കയിയിറങ്ങി. കംപാർട്മെന്റ് കണ്ടുപിടിക്കാൻ ഓടേണ്ടിയും വന്നു. ക്ഷീണിച്ച് അവശനായ തോമസ് ട്രെയിനിൽ കയറിയതോടെ കുഴഞ്ഞുവീണു. ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. റെയിൽവേ പൊലീസും ടിടിഇയും യാത്രക്കാരും ചേർന്ന്് തോമസിനെ പ്ലാറ്റ്ഫോമിലിറക്കിക്കിടത്തി.

മിടിച്ച ഹൃദയവും ഒടിഞ്ഞ കയ്യും

യാത്രക്കാരും പൊലീസുകാരും ഓടുന്നതു കണ്ടാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെ നഴ്സായ വിനോദ് ട്രെയിനിൽനിന്നിറങ്ങി അവിടേക്കു ചെന്നത്. അബോധാവസ്ഥയിൽ കിടക്കുന്ന തോമസിന് ഹൃദയസ്തംഭനം സംഭവിച്ചെന്നു മനസ്സിലായി. കൂടെയുണ്ടായിരുന്നവർ തോമസിന്റെ കാലു തിരുമ്മുകയും കുടിക്കാൻ വെള്ളം കൊടുക്കുകയും ചെയ്തു. അപകടമാണെന്നു കണ്ടതോടെ വെള്ളം കൊടുക്കുന്നത് വിലക്കിയ ശേഷം വിനോദ് കാർഡിയോ പൾമനറി റസ്യുസിസ്റ്റേഷൻ (സിപിആർ) നൽകാൻ തുടങ്ങി.

തോമസിന്റെ നെഞ്ചിൽ ഇരുകൈകളുംകൊണ്ട് ആഞ്ഞമർത്തി. നിലയ്ക്കാൻ തുടങ്ങിയ തോമസിന്റെ ഹൃദയം 5 മിനിറ്റിനുള്ളിൽ വീണ്ടും മിടിക്കാൻ തുടങ്ങി. ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് നിർദേശിച്ച ശേഷം, നീങ്ങാൻ തുടങ്ങിയ ട്രെയിനിൽ കയറി വിനോദ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. 3 മാസം മുൻപ് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് വിനോദിന്റെ താടിയെല്ലിനും ഇടതുകൈയ്ക്കും പൊട്ടലേറ്റിരുന്നു. കയ്യിൽനിന്ന് പ്ലാസറ്റർ മാറ്റിയിട്ട് 2 ദിവസമേ ആയിരുന്നുള്ളൂ. എന്നിട്ടും ബാൻഡ് എയ്ഡ് ഇട്ട കൈ ഉപയോഗിച്ചാണ് വിനോദ് സിപിആർ നൽകിയത്.

കാര്യം തിരക്കി; വീണ്ടും കണ്ടു

5 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് തോമസ് തിരികെ വീട്ടിലെത്തിയത്. ഡോക്ടർമാർ പൂർണ വിശ്രമം പറഞ്ഞിരിക്കുകയാണ്. ട്രെയിനിലെ ടിടിഇയിൽനിന്നു ഫോൺ നമ്പർ വാങ്ങിയ വിനോദ്, തോമസിനോട് സുഖവിവരം അന്വേഷിക്കാനും മറന്നില്ല. ഇക്കാര്യങ്ങളൊന്നും വിനോദ് മറ്റാരോടും പറഞ്ഞിരുന്നില്ല. ഡ്യൂട്ടിക്കെത്തിയ വിനോദിന്റെ കൈ വേദന കുറഞ്ഞില്ലെന്ന് അറിഞ്ഞ് ഹെഡ് നഴ്സ് തിരക്കിയപ്പോഴാണ് തോമസിന് സിപിആർ നൽകേണ്ടിവന്ന കാര്യം പറയുന്നത്. ഇങ്ങനെയാണ് വിനോദിന്റെ സത്പ്രവൃത്തി മറ്റുള്ളവവർ അറിയുന്നത്. സ്നേഹവും നന്ദിയും നിറഞ്ഞ മസസ്സും ഹൃദയവുമായി കാത്തിരുന്ന തോമസിനെ വിനോദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി കണ്ടു. ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായിആ കൂടിക്കാഴ്ച.

എന്താണ് സിപിആർ ?

ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി കൃത്രിമ ശ്വസന സഹായം നൽകുന്നതാണു സിപിആർ. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകുന്നതു വരെ തലച്ചോറിന്റെ പ്രവർത്തനം നിലനിർത്താനുള്ള രീതിയാണിത്. നെഞ്ചിൽ ശക്തിയായി അമർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതുമുൾപ്പെടെയുള്ളവ സിപിആറിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com