ADVERTISEMENT

കോന്നി ∙ അതിവേഗത്തിലാണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ച ഓപ്പറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഐപിയും ഒപിയും പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കോവിഡ് സെന്ററാക്കിയപ്പോൾ ഐപിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

പിന്നീട് ഈ സർക്കാരിന്റെ കാലത്താണ് ഐപിയുടെ പ്രവർത്തനം പുനരാരംഭിച്ചത്. മെഡിക്കൽ കോളജിലേക്ക് ഉപകരണങ്ങൾ വാങ്ങാനായി 19.64 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഓപ്പറേഷൻ തിയറ്റർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ പരിസരത്തുള്ള പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. അവർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.  മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി സ്‌പെഷൽറ്റി ഒപികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും എല്ലാദിവസവും പ്രവർത്തിക്കുമെന്ന് കെ.യു.ജനീഷ്കുമാർ എംഎൽഎ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ഓപ്പറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നടത്തിയത്. അറുനൂറോളം രോഗികളാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്. രോഗികൾ കൂടുന്നതനുസരിച്ച് കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും പുതിയ സംവിധാനങ്ങളും ഏർപ്പെടുത്തും. മാത്രമല്ല, കോവിഡ് മൂന്നാം തരംഗ സാധ്യത കൂടി മുൻനിർത്തിയാണ് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

ആദ്യ ജനറൽ ബോഡി യോഗം ചേർന്നു

മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡി യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.  അടുത്ത അധ്യയന വർഷത്തിൽ പഠനം ആരംഭിക്കാൻ സഹായകരമായ നിലയിൽ ഏറ്റവും ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് മന്ത്രി നിർദേശിച്ചു. മറ്റു മെഡിക്കൽ കോളജ് ആശുപത്രികളിലെ സേവനങ്ങളുടെ തുകകൾ താരതമ്യം ചെയ്ത് എപിഎൽ, ബിപിഎൽ ആളുകൾക്കുള്ള തുക നിശ്ചയിക്കാൻ ആശുപത്രി വികസന സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി.

മഞ്ഞക്കാർഡ് ഉള്ളവർക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും. കൂടാതെ ആശുപത്രിക്കുള്ളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീയുടെ ജില്ലാ മിഷനെ ഏൽപിക്കാനും തീരുമാനിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎ, എംപിയുടെ പ്രതിനിധി ആർ. ഹരിദാസ് ഇടത്തിട്ട, പ്രിൻസിപ്പൽ ഡോ. മിന്നി മേരി മാമ്മൻ, സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രൻ, മറ്റ് എച്ച്ഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

തുക കൈമാറി

മെഡിക്കൽ കോളജിനുള്ള സിഎസ്ആർ ഫണ്ടായ 10 ലക്ഷം രൂപ ഫെഡറൽ ബാങ്ക് ഏരിയ ജനറൽ മാനേജർ പി.എ.ജോയ് മന്ത്രി വീണാ ജോർജിനു കൈമാറി. ഫെഡറൽ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഓപ്പറേഷൻ തിയറ്റർ പൂർത്തിയാക്കിയതെന്നു മന്ത്രി പറഞ്ഞു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎ, ഫെഡറൽ ബാങ്ക് കോന്നി ബ്രാഞ്ച് മേധാവി ജിജി സാറാമ്മ ജോൺ, സ്‌കെയിൽ 2 മാനേജർ തര്യൻ പോൾ, ബാങ്ക്സ്മാൻ ആഷിക് സിറാജ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിന്നി മേരി മാമ്മൻ, സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com