ADVERTISEMENT

പന്തളം ∙ അണിയിച്ചൊരുക്കിയ കെഎസ്ആർടിസി ബസിൽ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ലഭ്യമാക്കുന്ന പദ്ധതി പന്തളത്തും അടൂരിലും. ഇതിനായി ഓരോ ബസുകൾ നവീനമായ രീതിയിൽ രൂപപ്പെടുത്താനുള്ള ജോലികൾ തുടങ്ങി. കോർപറേഷനും മിൽമയും പദ്ധതിക്കായി നേരത്തെ തന്നെ കരാറിലേർപ്പെട്ടിരുന്നു. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതി തുടങ്ങും.

വേണാട് ബസുകളാണ് ഇതിനുപയോഗിക്കുന്നത്. ആളുകൾക്ക് സുഗമമായി കയറാനും ഇറങ്ങാനുമായി 2 വാതിലുകളുടെയും വീതി കൂട്ടും. ബസിന്റെ ഒരു വശം പൂർണമായും ചില്ല് ഘടിപ്പിക്കും. ഉൽപന്നങ്ങളും മിൽമ ബൂത്തിന്റെ ഉൾഭാഗവും പുറമേക്കു കാണാവുന്ന രീതിയിലാണിത് ക്രമീകരിക്കുക. 2 ടേബിളുകളിലായി 8 പേർക്ക് ഇരുന്ന് ഉൽപന്നങ്ങൾ കഴിക്കാനുള്ള സൗകര്യവുമുണ്ടാകും.

വാടകയ്ക്കാണ് കെഎസ്ആർടിസി മിൽമയ്ക്കു ബസുകൾ നൽകുന്നത്. 20,000 രൂപയാണ് പ്രതിമാസ വാടക. ഇത് കൂടാതെ 2 ലക്ഷം രൂപ സെക്യൂരിറ്റി തുകയായും മിൽമ നൽകും. ബസിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ കോർപറേഷൻ തന്നെയാണ് ചെയ്യുന്നത്. എന്നാൽ, നവീന രീതിയിലുള്ള ഫർണിഷിങ് പൂർണമായും മിൽമയുടെ നേതൃത്വത്തിലാണ്.

മിൽമയുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനൊപ്പം ഇവയുടെ പ്രചാരണം കൂടിയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ പദ്ധതി തുടങ്ങി. പാൽ, തൈര്, ഐസ്ക്രീം, പാലട മിക്സ് ഉൾപ്പെടെ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കും. ഇതുകൂടാതെ ചൂട് പാലും ഇവിടെ ലഭിക്കും. കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്താണ് മൊബൈൽ മിൽമ ബൂത്ത് പാർക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com